പ്രിയപ്പെട്ടവനായി കയറ്റം, വെറുക്കപ്പെട്ടവനായി പടിയിറക്കം
text_fieldsതിരുവനന്തപുരം: പത്തനംതിട്ട ടൗണിൽ എം.ജി സർവകലാശാല വി.സിയുടെ കോലം പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ കെ.എസ്.യുക്കാർക്കിടയിലേക്ക് തീപടർന്നതും വസ്ത്രമടക്കം ഊരിയെറിഞ്ഞ് ജീവനും കൊണ്ടോടുന്നതും ചിരിപടർത്തിയ കാഴ്ചയെങ്കിൽ 14 വർഷങ്ങൾക്കിപ്പുറം ഏറെ കുറെ സമാനമാണ് സകലമാനം പൊള്ളലേറ്റ രാഹുൽ മാങ്കൂട്ടത്തിലിന്റെ പതനം.
അന്ന് മാർച്ച് നയിക്കാൻ മുൻപിലുണ്ടായിരുന്ന രാഹുൽ, പക്ഷെ കോൺഗ്രസ് ക്യാമ്പിന്റെ ഉടുമുണ്ടിലൊന്നാകെ തീയിട്ടാണ് സസ്പെൻഷൻ വാങ്ങി പടിയിറങ്ങുന്നതെന്നത് അറംപറ്റുന്ന യാദൃശ്ചികത. ‘അടിത്തട്ടിൽ നിന്ന് പടിപടിയായി’ എന്ന വിശേഷണങ്ങളൊന്നും ചേരില്ലെങ്കിലും അദ്ഭുതകരമായ കുതിച്ചുകയറ്റവും അതിനെക്കാൾ വേഗത്തിൽ വീഴ്ചയുമാണ് രാഹുലിന്റെ കരിയർ ട്രാക്ക്. നാവിന്റെ ബലത്തിലായിരുന്നു ചവിട്ടുപടികളെങ്കിൽ അതേ നാക്കു തന്നെ തലകുത്തി വീഴലിനും കാരണമായി.
2006ലാണ് രാഹുൽ കെ.എസ്.യു അംഗത്വമെടുക്കുന്നത്. 2020 വരെ രാഹുലിന്റെ പൊളിറ്റിക്കൽ ഗ്രാഫ് മറ്റേതൊരു നേതാവിനെയും പോലെ സ്വഭാവിക വേഗതയിലായിരുന്നു. പിന്നീടങ്ങോട്ട് ശരവേഗംപൂണ്ടു. സമരമോ, സംഘടന ശേഷിയോ ആയിരുന്നില്ല, ചാനൽ മുറികളിൽ എതിരാളികളെ അരിഞ്ഞിടുന്ന നാവും വാഗ്സാമർഥ്യവുമായിരുന്നു രാഷ്ട്രീയ പാഥേയം.
നായകനായത് നാവിന്റെ മൂർച്ചയിൽ
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലംപരിശായപ്പോഴും രാഹുലിന് അത് പരോക്ഷ അവസരമായി. തോൽവിയുടെ ആഘാതത്തെ തുടർന്ന് സ്ഥിരം സാന്നിധ്യങ്ങളായ നേതാക്കൾ ചാനൽ കാമറകളിൽ നിന്ന് പിൻവാങ്ങിയപ്പോൾ പകരം കോൺഗ്രസിന് വേണ്ടി പോരാടാനെത്തിയത് രാഹുലായിരുന്നു.
സർവം തകർന്ന കാലത്ത് പിടിവള്ളിയായി കിട്ടിയ ചാനൽ ചർച്ചകളുടെ കട്ട് വീഡിയോകൾ കോൺഗ്രസ് ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചു. അപ്പോഴും തലപ്പത്തെ നേതൃത്വത്തിൽ പലർക്കും ഈ വളർച്ച അത്രയ്ക്കങ്ങ് ദഹിക്കുന്നുണ്ടായിരുന്നില്ല. കെ.പി.സി.സി അധ്യക്ഷനായി എത്തിയ കെ. സുധാകരന് ഒരു വാര്‍ത്ത സമ്മേളനത്തില്‍ ‘‘ആ ചര്‍ച്ചക്കൊക്കെ പോകുന്ന പയ്യനുണ്ടല്ലോ, രാഹുൽ’’ എന്നൊക്കെയായിരുന്നു വിശേഷിപ്പിച്ചത്.
യൂത്ത് ബ്രിഗേഡ് വഴി അധ്യക്ഷ സ്ഥാനം
അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ വലംകൈ ആയാണ് പിന്നീട് രാഹുൽ മാറിയത്. സെക്രട്ടേറിയറ്റ് സമരത്തിന്റെ പേരിൽ പൊലീസ് പുലർച്ചെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തതോടെ കരിയർ ഗ്രാഫ് വീണ്ടുമുയർന്നു. പാർട്ടിയിലെത്തി 16ം വർഷത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി. തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയെങ്കിലും അതെല്ലാം രാഹുൽ മറികടന്നു.
വി.ഡി സതീശന്റ താങ്ങിലും തണലിലും കോൺഗ്രസിൽ ഉദിച്ചുയർന്ന യൂത്ത് ബ്രിഗേഡിൽ രാഹുലിന് ഇടം കൊടുത്തത് ഷാഫി പറമ്പിലിനൊപ്പമുള്ള നിലയുറപ്പിക്കലായിരുന്നു. മുറുമുറുപ്പുകളും അസ്വസ്തതകളുമുയർന്നെങ്കിലും കോണ്‍ഗ്രസിന്റെ ശാക്തിക ചേരിയിലെ ഈ ഇരിപ്പിടമാണ് രാഹുലിന് പ്രതിരോധ കവചമായത്. പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റും.
കോൺഗ്രസിന്റെയല്ല, ഷാഫിയുടെ സ്ഥാനാർഥിയാണ് എന്നടക്കം ആരോപണങ്ങളയർന്നെങ്കിലും അതെല്ലാം തകർത്ത് ഗംഭീര വിജയം നേിയതോടെ എതിർവാക്കില്ലാത്ത യുവ നേതാവായി വളർന്നു. പിന്നാലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യുവാക്കൾ കോൺഗ്രസിൽ കൂടുതൽ പ്രബലരായി.
വിശ്വാസ്യത ചോദ്യം ചെയ്ത് ‘അൻവർ കൂടിക്കാഴ്ച’
അതേ സമയം വിജയങ്ങളെല്ലാം യുവനേതാക്കൾ നേടിത്തരുന്നതാണെന്ന ഭാവേനയുള്ള ഇടപെടലുകൾ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ നീരസത്തിനു കാരണമായി. തെരഞ്ഞെടുപ്പിനായി സാമൂഹ്യമാധ്യമ ഇടപെടലുകൾ എന്ന പേരിൽ സ്വന്തം പ്രതിഛായ വർധിപ്പിക്കാനുള്ള രാഹുലിന്റെ റീൽസ് ഭ്രമങ്ങൾ പാർട്ടിക്കുള്ളിൽ അടക്കം പറച്ചിലുകൾക്കും വഴിയൊരുക്കി. നിലമ്പൂരിൽ ചാണ്ടി ഉമ്മന്റെ പ്രചാരണം ‘റീല്‍ അല്ല റിയല്‍’ എന്ന പേരിൽ ചർച്ചയായത് ഈ പശ്ചാത്തലത്തിലാണ്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറുമായുള്ള അനുനയ നീക്കത്തിന് വി.ഡി സതീശൻ വാതിലടച്ച് കുറ്റിയിട്ടതിന് പിന്നാലെ രാഹുൽ നടത്തിയ രാത്രി സന്ദർശനത്തോടെ അത് അതൃപ്തിക്കും പരസ്യ ശകാരത്തിനും കാരണമായി. തെറ്റുപറ്റിയെന്ന് രാഹുൽ കുറ്റമേറ്റെങ്കിലും നേതൃത്വത്തിന് രാഹുലിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. വയനാട് ദുരന്തത്തിന്റെ പേരിലുള്ള ഫണ്ടിനെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ത്തന്നെ വിമര്‍ശനം ഉയര്‍ന്നു.
മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്റെ വിമര്‍ശത്തിനുള്ള മറുപടി പരിധിവിട്ടുവെന്ന ആക്ഷേപവും പിന്നാലെ. അധികംവൈകാതെ രാഹുലിനെതിരേ ഒന്നിനുപിന്നാലെ ഒന്നായി ആരോപണങ്ങൾ വന്നുതുടങ്ങി. പിന്നാലെ സ്വഭാവദൂഷ്യങ്ങൾ സംബന്ധിച്ച് ഏറിയും കുറഞ്ഞുമുള്ള പരാതികൾ ഉയരാൻ തുടങ്ങി. ‘ഹൂ കെയേഴ്സ്’ എന്നായിരുന്നു ഇത്തരം വാലും തലയുമില്ലാത്ത ആരോപണങ്ങളെ കുറിച്ച മറുപടി. ബുധനാഴ്ച നടിയുടെ തുറന്നുപറച്ചിലോടെയാണ് കാര്യങ്ങൾ ഇളകിത്തുടങ്ങിയതും പതനത്തിലേക്ക് വഴിമാറിയതും.