40 കിലോവാട്ടിന് ഒമ്പതര ലക്ഷം കണക്ഷൻ ചാർജ്; സംരംഭകരെ പിഴിഞ്ഞ് കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: കണക്ഷന്റെ കിലോവാട്ട് ശേഷിയനുസരിച്ചുള്ള തുക കെട്ടിവെച്ചാൽ സംരംഭകന് വൈദ്യുതി കണക്ഷൻ നൽകാമെന്ന ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി വിജ്ഞാപനമിറങ്ങി ഒന്നര വർഷമായിട്ടും നടപ്പായില്ല. പുതിയ കണക്ഷനായി കിലോവാട്ട് ആംപിയർ (കെ.വി.എ) കണക്കിൽ കണക്ഷൻ ചാർജ് നിർദേശങ്ങൾ റെഗുലേറ്ററി കമീഷന് മുമ്പാകെ സമർപ്പിച്ച് അംഗീകാരം നേടണം. എന്നാൽ, ഇതുവരെ നിർദേശങ്ങൾ സമർപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് സാധിച്ചിട്ടില്ല.
ഇതിനാൽ ഒരു ചെറുകിട വ്യവസായം തുടങ്ങണമെങ്കിൽ വൻതുക അടക്കേണ്ട ഗതികേടിലാണ് സംരംഭകർ. 40 കിലോവാട്ട് മാത്രം ആവശ്യമുള്ള ചെറുകിട സംരംഭകനോട് കണക്ഷനുവേണ്ടി 315 കെ.വി.എ ശേഷിയുള്ള ട്രാൻസ്ഫോമർ വെക്കണമെന്നും ഒമ്പതര ലക്ഷം രൂപ അടക്കണമെന്നും ആഴ്ചകൾക്കു മുമ്പാണ് തിരുവനന്തപുരം ജില്ലയിലെ ഒരു സെക്ഷൻ ഓഫിസിൽനിന്ന് നിർദേശിച്ചത്. തുക താങ്ങാനാവില്ലെന്ന് പറഞ്ഞ് റെഗുലേറ്ററി കമീഷനെ സമീപിച്ചിരിക്കുകയാണ് അപേക്ഷകൻ.
ഈ പരാതിയുടെ തെളിവെടുപ്പ് ഈ മാസം 15ന് റെഗുലേറ്ററി കമീഷൻ നടത്തും. ഇപ്രകാരം സംരംഭകനോ ഉപഭോക്താവോ സ്വന്തം ചെലവിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചാലും അത് കെ.എസ്.ഇ.ബിയുടേതാകുമെന്നാണ് ചട്ടം. പണം മുടക്കിയയാളുടെ സമ്മതമില്ലാതെതന്നെ ഈ ട്രാൻസ്ഫോമറിൽനിന്ന് കെ.എസ്.ഇ.ബിക്ക് മറ്റുള്ളവർക്ക് വൈദ്യുതി കണക്ഷൻ നൽകാൻ അധികാരമുണ്ട്.
കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡിന്റെ അഞ്ചാം ഭേദഗതി 2024 ജൂലൈ 22നാണ് റെഗുലേറ്ററി കമീഷൻ വിജ്ഞാപനം ചെയ്തത്. ഇതുപ്രകാരം പുതിയ കണക്ഷനായി കിലോവാട്ട് ആവശ്യകത അനുസരിച്ചുള്ള തുക മാത്രം അടച്ചാൽ മതി. 200 മീറ്റർ വരെ ലൈൻ വലിച്ച് നൽകുന്ന എല്ലാ കണക്ഷനുകൾക്കും ഇത് ബാധകമാക്കണമെന്നാണ് ചട്ടത്തിൽ പറയുന്നത്. നിലവിൽ കണക്ഷൻ കിട്ടാൻ ലക്ഷങ്ങൾ മുടക്കേണ്ടിവരുന്ന പല സംരംഭകർക്കും ഇത് ആശ്വാസമാകുമായിരുന്നു.
ചട്ടങ്ങൾ നിലവിൽ വന്ന് ആറു മാസത്തിനുള്ളിൽ നടപ്പാക്കണമെന്നുണ്ടെങ്കിലും ഇതിനുള്ള നീക്കം കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വ്യവസായ വകുപ്പോ സർക്കാറോ റെഗുലേറ്ററി കമീഷനോ ഇതിൽ ഇടപെടുന്നില്ലെന്നാണ് സംരംഭകരുടെ പരാതി. റെഗുലേറ്ററി കമീഷന്റെ നിർദേശങ്ങൾ അനുസരിക്കാത്തത് വൈദ്യുതി നിയമം 2003 പ്രകാരം ഗുരുതര കുറ്റമാണ്. ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരിൽനിന്ന് ലക്ഷങ്ങൾ പിഴയീടാക്കാൻ റെഗുലേറ്ററി കമീഷന് സാധിക്കും.