നിർമാണച്ചെലവ് 723 കോടി; പാലിയേക്കരയിൽ ടോൾ ലഭിച്ചത് 1700 കോടി, എന്ന് അവസാനിക്കും പിരിവ്..!
text_fieldsതൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമാണത്തിന് ചെലവഴിച്ചതിന്റെ ഇരട്ടിയിലധികം രൂപ ഇതിനകം ടോളിലൂടെ ലഭിച്ചിട്ടും വർഷാവർഷ വർധന തുടരുന്നു. 13 വർഷം പിന്നിട്ട പാലിയേക്കര ടോളിലൂടെ 1700 കോടിയോളം രൂപയാണ് പിരിച്ചെടുത്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2012ൽ ടോൾ പിരിവ് തുടങ്ങിയ ശേഷം ഓരോ വർഷവും വരുമാനം വർധിക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയുണ്ടായതോടെ പ്രതീക്ഷിച്ചതിൽ കൂടുതൽ വരുമാനമാണ് പാലിയേക്കരയിൽനിന്ന് ലഭിച്ചത്.
പ്രതിദിനം 52 ലക്ഷം രൂപയിലധികമാണ് ടോൾ വഴി ലഭിക്കുന്നത്. 302 കോടി രൂപയുടെ വിശദപദ്ധതി റിപ്പോർട്ട് തയാറാക്കുകയും 312 കോടിയുടെ കരാർ നൽകുകയും ചെയ്ത മണ്ണുത്തി-ഇടപ്പള്ളി പാത നിർമാണം പൂർത്തിയായപ്പോൾ 723 കോടിയാണ് ചെലവ് വന്നത്. 2012ൽ ആരംഭിച്ച ടോൾ പിരിവിൽ 2024ൽ റെക്കോഡ് വരുമാനമാണ് ലഭിച്ചത് -188.94 കോടി. കഴിഞ്ഞ ഏഴു വർഷത്തിനിടെ ടോൾ വരുമാനം 925 കോടിയുമായിരുന്നു. കരാറിലുള്ള പല പണികളും പൂർത്തീകരിച്ചില്ലെന്ന ആക്ഷേപത്തിനിടെയാണ് ഓരോ വർഷവും ടോൾ പിരിവ് വർധിപ്പിക്കാൻ അനുമതി കൊടുക്കുന്നത്.
അതിനിടെ, പ്രതീക്ഷിച്ച വരുമാനമില്ലെന്നത് അടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടി ടോൾ പിരിവ് രണ്ടു വർഷത്തേക്ക് നീട്ടുകയും ചെയ്തിരുന്നു. 2026ൽ പാലിയേക്കരയിൽ ടോൾ പിരിവ് അവസാനിക്കേണ്ടതായിരുന്നു. ഇതാണ് 2028 വരെ നീട്ടിയത്. ഇതിനെതിരെ ഹൈകോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്.
അതേസമയം, ഇ.ഡിയുടെയും സി.ബി.ഐയുടെയും നടപടികളും കരാർ കമ്പനി നേരിടുന്നുണ്ട്. കരാർ ലംഘനത്തിന്റെ പേരിൽ 2243.53 കോടി രൂപ പിഴയടക്കാൻ ദേശീയപാത അതോറിറ്റി കമ്പനിക്ക് നോട്ടിസ് നൽകിയിരുന്നു.
നിർമാണത്തിലെ അഴിമതിയുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തുകയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അനുസരിച്ച് 125 കോടിയിലധികം രൂപയുടെ സ്വത്ത് മരവിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതിദിനം അധിക വരുമാനം 3.70 ലക്ഷം
തൃശൂർ: പാലിയേക്കര ടോൾ വർധനവിലൂടെ കരാർ കമ്പനിക്ക് പ്രതിദിന അധിക വരുമാനം കുറഞ്ഞത് 3.70 ലക്ഷം രൂപ. ഒരു ദിവസം മണ്ണുത്തി-ഇടപ്പള്ളി പാതയിലൂടെ 74,000 വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടെന്നാണ് തൃശൂർ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ഇതുപ്രകാരം ഒരു വാഹനത്തിൽനിന്ന് അഞ്ച് രൂപ വീതം അധികം ലഭിച്ചാൽ 3.70 ലക്ഷം രൂപയാണ് കൂടുതലായി ടോൾ വരുമാനത്തിൽ എത്തുക. എല്ലാ വാഹനങ്ങളും ടോൾ വഴി പോയില്ലെങ്കിലും പത്ത് രൂപയും 15 രൂപയും അടക്കം വർധിപ്പിച്ചതിനാൽ പ്രതിദിനം അധികമായി 3.70 ലക്ഷം രൂപ ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈ ലാഭത്തിലും വർധനയുണ്ടാകും.