സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധന് സി.പി.എം നിർമിക്കുന്ന വീടിന്റെ പണി അവസാനഘട്ടത്തിൽ
text_fieldsതൃശൂർ: സഹായം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകാനെത്തിയപ്പോൾ വാങ്ങാതെ മടക്കിയയച്ച് അപമാനിച്ച പുള്ളിലെ കൊച്ചുവേലായുധന് സി.പി.എം നിർമിക്കുന്ന വീടിന്റെ പണി അവസാനഘട്ടത്തിൽ. ഇക്കഴിഞ്ഞ സെപ്തംബറിൽ ചേര്‍പ്പ് പുള്ളിൽ സംഘടിപ്പിച്ച 'കലുങ്ക് വികസന സംവാദ' പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൊച്ചുവേലായുധൻ വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം അഭ്യർഥിച്ച് നിവേദനം നൽകാൻ ശ്രമിച്ചത്. എന്നാൽ, ‘പരാതികളൊക്കെ അങ്ങ് പഞ്ചായത്തിൽ കൊണ്ടുകൊടുത്താൽ മതി, ഇത് വാങ്ങൽ എം.പിയുടെ പണിയല്ല’ എന്ന് പറഞ്ഞ് സുരേഷ് ഗോപി കവർ തുറന്നുപോലും നോക്കാതെ നിവേദനം നിരസിച്ച് അപമാനിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ ചർച്ചയായി. ഇതിന് പിന്നാലെയാണ് കൊച്ചുവേലായുധന് വീടൊരുക്കാൻ സി.പി.എം മുന്നോട്ടുവന്നത്. സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ പുള്ളിലെ കൊച്ചുവേലായുധന്റെ വീട്ടിലെത്തിയാണ് ഈ ഉറപ്പുനൽകിയത്. സെപ്തംബർ 22ന് തറക്കല്ലിട്ട് നിർമാണം തുടങ്ങി. നിരവധിപേർ നിർമാണ സാമഗ്രികളും പണവും സംഭാവന ചെയ്തു. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ച. അടി വിസ്തീർണമുള്ള വീട് മൂന്നുമാസംകൊണ്ട് തന്നെ നിർമാണം ഏതാണ്ട് പൂർത്തിയായി.
നടനും ബി.ജെ.പി സഹയാത്രികനുമായ ദേവൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരെയടക്കം പങ്കെടുപ്പിച്ചായിരുന്നു ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദം’ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി വികസനകാര്യങ്ങൾ ചർച്ചചെയ്യുന്നതിനായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുന്നതിനിടെയാണ് വയോധികന് കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ അദ്ദേഹം സുരേഷ് ഗോപിക്കുനേരെ നീട്ടിയപ്പോള്‍ വാങ്ങാൻ വിസമ്മതിച്ചു. ശേഷമാണ് ‘‘ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ’’ എന്ന് സുരേഷ് ഗോപി പറഞ്ഞത്. തുടർന്ന് പരാതിയുമായി വയോധികൻ പിന്മാറിയപ്പോൾ പിന്നാലെവന്ന പരാതിക്കാരും പരാതി നൽകാൻ മടിച്ചു. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിൽ മാത്രമേ എം.പി ഫണ്ട് നൽകുകയുള്ളോ എന്ന ചോദ്യത്തിന് ‘തൽക്കാലം അതേ പറ്റൂ ചേട്ടാ’ എന്നായിരുന്നു പരിഹാസരൂപത്തിലുള്ള മറുപടി.


