നഷ്ടപരിഹാരത്തുക നൽകിയില്ല, കെ.എസ്.ആര്‍.ടി.സി എം.ഡിക്കെതിരെ അറസ്റ്റ് വാറന്‍റുമായി ഉപഭോക്തൃ കമീഷന്‍
text_fieldsറാന്നി: വിധിയായ കേസില്‍ നഷ്ടപരിഹാരം നൽകാതിരുന്ന കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്‌ടർക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കി ഉപഭോക്തൃ കമീഷന്‍. വാറന്റ് കിട്ടിയതിന് പിന്നാലെ പ്രതിയായ മാനേജിങ് ഡയറക്‌ടർ 82,555 രൂപ ഹരജിക്കാരിക്ക് നൽകി. പത്തനംതിട്ട ഏറത്തു പ്രിയാ ഭവൻ വീട്ടിൽ പി. പ്രിയ പത്തനംതിട്ട ഉപഭോക്ത്യ തർക്ക പരിഹാര കമീഷനിൽ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടർക്കെതിരെ ഫയൽ ചെയ്ത് പരാതിയിലാണ് 82,555 രൂപ നൽകാൻ കമീഷൻ വിധിച്ചത്.
വിധി പ്രകാരം ഹരജിക്കാരിക്ക് നഷ്ടപരിഹാരം കൊടുക്കാത്തതു കൊണ്ടാണ് പ്രതിക്കെതിരെ വിധി നടത്തിപ്പ് ഹരജി കമീഷനിൽ ഫയൽ ചെയ്‌തതും കമീഷൻ പ്രതിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതും. പ്രിയ ചൂരക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയും മൈസൂറിൽ പി.എച്ച്.ഡി ചെയ്യുന്ന വിദ്യാർഥിയുമാണ്. 02.08.2018ന് മൈസൂറിൽ ഗൈഡുമായുളള ഒരു അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുന്നതിനു വേണ്ടി 01.08.2018 വൈകിട്ട് 8.30ന് കൊട്ടാരക്കര സ്റ്റാൻഡിൽ നിന്നും പോകുന്ന കെ.എസ്.ആര്‍.ടി.സി സ്കാനിയ എ.സി ബസിൽ പോകുന്നതിനു വേണ്ടി 1003 രൂപ നൽകി സീറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്‌തിരുന്നു. 2018 ജൂലൈ 29നാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത്.
മൈസൂറിന് പോകുന്ന അന്ന് 5ന് പ്രിയ കൊട്ടാരക്കര ബസ് സ്റ്റേഷനിൽ എത്തിയെങ്കിലും 05.05നും 05.22നും ബസ് ഇപ്പോൾ വരുമെന്ന് ഫോണിൽ മെസേജ് വന്നെങ്കിലും ബസ് എത്തിയില്ല. വൈകുന്നതു കൊണ്ട് തിരുവന്തപുരത്ത് ബസ് സ്റ്റേഷനിൽ വിളിച്ച് ചോദിച്ചപ്പോഴും ബസ് എത്തുമെന്ന വിവരം തന്നെയാണ് പരാതിക്കാരിക്ക് കിട്ടിയത്. എന്നാൽ ഏതാണ്ട് 9 മണിയോട് കൂടിയാണ് ബസ് റദ്ദാക്കിയ വിവരം കൊട്ടാരക്കര ഓഫിസിൽ നിന്നും അറിഞ്ഞത്. വീട്ടിൽ നിന്നും 15 കിലോമീറ്റര്‍ ദൂരം ടാക്സിയിൽ യാത്ര ചെയ്‌താണ് പ്രിയയെത്തിയത്. പകരം ബസ് അന്വേഷിച്ചപ്പോൾ ബസ് ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
മാനസികമായി ആകെ തകർന്ന ഹരജിക്കാരി പകരം എന്താണ് പോംവഴിയെന്ന് ഉദ്യോസ്ഥരോട് അന്വേഷിച്ചപ്പോൾ 11.15ന് മൈസൂറിന് കായംകുളത്ത് നിന്നും ബസ് ഉണ്ടെന്ന് പറഞ്ഞു. ഇവര്‍ ഉടൻതന്നെ വീട്ടിൽ നിന്നും എത്തിയ ടാക്സിയിൽ തന്നെ കായംകുളത്തേക്ക് യാത്ര ചെയ്തത് 11ന് കായംകുളത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസിൽ മൈസൂറിലേക്ക് തിരിച്ചു. എന്നാൽ പിറ്റേദിവസം 8ന് മൈസൂർ യൂനിവേഴ്സിറ്റിയിൽ റിപ്പോർട്ട് ചെയ്യേണ്ട പ്രിയ 11.30നാണ് റിപ്പോർട്ട് ചെയ്തത്. ബസ് എത്തിചേർന്നത് 11.15നാണ്. എന്നാൽ ഹരജിക്കാരി താമസിച്ചെത്തിയതിനാൽ ഗൈഡുമായുള്ള കൂടിക്കാഴ്‌ച ക്യാൻസൽ ചെയ്തിരുന്നു. തുടർന്ന് 2018 ആഗസ്റ്റ് അഞ്ചിന് മൈസൂരില്‍ ഹരജിക്കാരിക്ക് താമസിക്കേണ്ടി വന്നു.
ക്യാൻസൽ ചെയ്ത ടിക്കറ്റിന്റെ ചാർജായ 1003 രൂപ റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കെ.എസ്.ആര്‍.ടി.സി തയാറായില്ല. സർവീസിലെ അപര്യാപ്‌തത കാണിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഹരജിക്കാരി കമീഷനിൽ ഹരജി ഫയൽ ചെയ്‌തത്. ഹരജി ഫയലിൽ സ്വീകരിച്ച കമീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയക്കുകയും ഹാജരായ ഇരു കക്ഷികളും അവരുടെ തെളിവുകൾ കമീഷനിൽ ഹാജരാക്കുകയും ചെയ്തു.
എന്നാൽ ഹരജിക്കാരിയെ വിസ്‌തരിച്ചതിന്‍റേയും അവർ ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്ത് സേവന വീഴ്‌ച ഉണ്ടായതായി കമീഷന് ബോധ്യപ്പെടുകയും 1003 രൂപ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്ത‌് കൊടുക്കാനും നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പടെ 82,555 രൂപ മാനേജിങ് ഡയറക്ടർ ഹരജിക്കാരിക്ക് കൊടുക്കാൻ ഉത്തരവിടുകയും ചെയ്തു.
ഈ ഉത്തരവ് കെ.എസ്.ആര്‍.ടി.സി ഡയറക്‌ടർ നടപ്പിലാക്കത്തതു കൊണ്ട് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്ത‌് കമീഷനിൽ ഹാജരാക്കാൻ ഉത്തരവിട്ടു. എന്നാൽ ഉത്തരവ് അറിഞ്ഞ ഉടൻതന്നെ 82,555 രൂപ ഹരജിക്കാരിക്ക് നൽകുകയും വാറന്‍റ് റീകാള്‍ ചെയ്യണമെന്ന് മാനേജിങ് ഡയറക്‌ടർ കമീഷനോട് ആവശ്യപ്പെടുകയും ചെയ്‌തു. കമീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നുള്ള ഉത്തരവിലാണ് തുക കെട്ടിവച്ചത്.


