Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്യജീവി ആക്രമണം;...

വന്യജീവി ആക്രമണം; വനത്തിൽ കണ്ടെയ്ൻമെന്‍റ് സംവിധാനം വരുന്നു

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

തൊടുപുഴ: കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളെ വനത്തിൽതന്നെ നിലനിർത്താൻ വനം വകുപ്പ് കണ്ടെയ്ൻമെന്‍റ് സംവിധാനമേർപ്പെടുത്തുന്നു. മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കണ്ടെയ്ൻമെന്‍റ് സോണിൽ ഒരുക്കും. മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്ന പ്രദേശങ്ങൾ പ്രത്യേക സ്ലോട്ടായി തിരിക്കും. ഇവിടങ്ങളിൽ വനപാലകരുടെ സേവനം ഉറപ്പാക്കി സംഘർഷ തീവ്രത ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഇതിന്‍റെ ഭാഗമായി വനത്തിലെ അധിനിവേശ സസ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നശിപ്പിക്കാൻ വിപുല പദ്ധതികൾ തയാറാക്കിവരികയാണ്. വനത്തിനുള്ളിൽതന്നെ മൃഗങ്ങളുടെ ശാസ്ത്രീയ പുനരധിവാസവും സജ്ജീകരിക്കും. ചിലയിടങ്ങളിൽ കൂടുതലായി നിലയുറപ്പിച്ച വന്യജീവികളെ എണ്ണം കുറവുള്ള അനുയോജ്യമായ വനമേഖലയിലേക്ക് മാറ്റുന്നതും ആലോചനയിലാണ്. വന്യമൃഗശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടുകളിലാണ് ഇത് ആദ്യം പരീക്ഷിക്കുക.

വനാതിർത്തികളിൽ 100 കിലോമീറ്റർ പുതിയ സൗരോർജ വേലി നിർമിക്കാനും നിലവിലെ 2000 കിലോമീറ്റർ സൗരോർജ വേലികളുടെ അറ്റകുറപ്പണിയും ഉദ്ദേശിക്കുന്നുണ്ട്. ഒപ്പം കേന്ദ്രീകൃത സൗരോർജ വേലി നിരീക്ഷണ സംവിധാനം ആരംഭിക്കാനും വനപാതകളിൽ സഞ്ചരിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അടിക്കാട് തെളിക്കുന്ന വിസ്ത ക്ലിയറൻസ് പദ്ധതി 100 കിലോമീറ്ററിൽ നടപ്പാക്കാനും തീരുമാനിച്ചു.

സംസ്ഥാനത്തെ ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിച്ച് മൃഗങ്ങളുടെ നീക്കം മുൻകൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതൽ സംവിധാനമൊരുക്കാനുള്ള പദ്ധതി വനം വകുപ്പും ടാറ്റാ മോട്ടേഴ്സ് ലിമിറ്റഡും ടാറ്റാ കമ്യൂണിക്കേഷൻ ലിമിറ്റഡും ചേർന്ന് നടപ്പാക്കിവരികയാണ്.

പദ്ധതിയുടെ ആദ്യഘട്ടമായി ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെയും പെരിയാർ ടൈഗർ റിസർവിലെയും തിരഞ്ഞെടുത്ത മേഖലകളിൽ നിരീക്ഷണ ഉപകരണങ്ങളും ഗേറ്റ്വേകളും സ്ഥാപിച്ചുതുടങ്ങി. കാട്ടാനശല്യം രൂക്ഷമായ സ്ഥങ്ങളിൽ പ്രാദേശിക ജനങ്ങളിൽനിന്നും ഗോത്രവർഗ വിഭാഗങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 500 പേരെ ഉൾപ്പെടുത്തി 100 യൂനിറ്റ് സ്പെഷൽ റിസർവ് ഫോഴ്സ് രൂപവത്കരിക്കും. ഇതോടൊപ്പം വന്യജീവി സാന്നിധ്യം സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഡ്രോൺ സ്ക്വാഡുകളുമുണ്ടാക്കും.

Show Full Article
TAGS:containment zone Wildlife attack Kerala Forest and Wildlife Department Government of Kerala 
News Summary - വന്യജീവി ആക്രമണം തടയാൻ വനത്തിൽ കണ്ടെയ്ൻമെന്‍റ് സംവിധാനം വരുന്നു
Next Story