ലൈഫ് പദ്ധതി തുക വാങ്ങിയ കരാറുകാരൻ വീടുപണി പൂർത്തിയാക്കിയില്ല; ഗൃഹനാഥൻ വിഷക്കായ കഴിച്ച് ജീവനൊടുക്കി
text_fieldsRepresentational Image
പത്തനാപുരം: ലോഡിങ് തൊഴിലാളിയായ ഗൃഹനാഥൻ വിഷക്കായ കഴിച്ച് ജീവനൊടുക്കി. ലൈഫ് പദ്ധതിയിൽ നിന്ന് അനുവദിച്ചുകിട്ടിയ തുക വാങ്ങിയ കരാറുകാരൻ വീട് നിർമാണം പൂർത്തിയാക്കാത്തതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. പിറവന്തൂർ വാഴത്തോപ്പിൽ വാടകക്ക് താമസിക്കുന്ന പത്തനാപുരം പാതിരിക്കൽ വലിയ പറമ്പിൽ മാത്തുക്കുട്ടി ജോർജ് (63) ആണ് ജീവനൊടുക്കിയത്.
പത്തനാപുരം വനം ഡിപ്പോയിലെ ഐ.എൻ.ടി.യു.സി യൂനിയനിൽപെട്ട ലോഡിങ് തൊഴിലാളിയാണ് മാത്തുക്കുട്ടി. ചൊവ്വാഴ്ച ഡിപ്പോയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന അരളിക്കായ വീട്ടുമുറ്റത്തെ പാറക്കല്ലിൽ പൊട്ടിച്ച് മാത്തുക്കുട്ടി കഴിക്കുകയായിരുന്നു. തുടർന്ന്, പല തവണ ഛർദിച്ച ഇദ്ദേഹം കുഴഞ്ഞുവീണു. ഇതിനിടെ, അരളിക്കായ കഴിച്ച വിവരം ഇദ്ദേഹം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ അയൽവാസി മാത്തുക്കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
18 വർഷമായി വാഴത്തോപ്പിലെ വാടക വീട്ടിൽ കഴിയുകയാണ് മാത്തുക്കുട്ടിയുടെ കുടുംബം. ഇതിനിടെയാണ് പിറവന്തൂർ പഞ്ചായത്തിൽനിന്നും പൂവണ്ണുംമൂട് ബംഗ്ലാമുരുപ്പിൽ ലൈഫ് പദ്ധതിയിൽ നിന്നും വീട് അനുവദിച്ചുകിട്ടിയത്. ആവണീശ്വരം സ്വദേശിയായ കരാറുകാരനാണ് വീടിന്റെ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തത്. പല ഘട്ടങ്ങളിലായി അനുവദിച്ചുകിട്ടിയ തുക ഉപയോഗിച്ച് വീടിന്റെ നിർമാണ പ്രവർത്തനം പാതിയോളമെത്തിച്ചു. കഴിഞ്ഞ ഒരുവർഷമായി നിർമാണം മുടങ്ങി. ഇതിനെ തുടർന്ന് മാത്തുക്കുട്ടി കരാറുകാരനെതിരെ പുനലൂർ പൊലീസിൽ പരാതി നൽകി. പൊലീസ് ഇടപെട്ട് ഒത്തുതീർപ്പ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അന്ന് മുതൽ മാത്തുക്കുട്ടി മാനസികമായി തകർന്നെന്ന് മകൾ നീനു പറഞ്ഞു.
പ്ലസ് ടു പാസായശേഷം മൂത്ത മകൾ ചിന്നുവിന് തുടർപഠനത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിനുശേഷം കഴിഞ്ഞ മാസമാണ് ചിന്നു മാലൂർ കോളജിൽ ഡിഗ്രിക്ക് ചേർന്നത്. ഇളയ മകൾ നീനു പുന്നല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ ഷൈനിയാണ് മാത്തുക്കുട്ടിയുടെ ഭാര്യ.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.