വിവാദം പുതിയതല്ല; ഇപ്പോൾ ചർച്ചയായത് പാർട്ടിക്കുള്ളിലെ സമവാക്യ ഇളക്കം
text_fieldsകണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ ഇപ്പോൾ ഉയർന്ന റിസോർട്ട് വിവാദം പുതിയതല്ല. പത്തുവർഷത്തോളമായി കണ്ണൂരിലെ പാർട്ടിയിലും പുറത്തും പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയമാണ്. പാർട്ടി തലപ്പത്തെ ഇപ്പോഴുള്ള സമവാക്യ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായത്.
സമീപകാലത്ത് നേതൃത്വവുമായി കടുത്ത അസ്വാരസ്യത്തിലായിരുന്നു ഇ.പി. ജയരാജൻ. പാർട്ടി പരിപാടികളിൽ നിന്നടക്കം അവധിയെടുത്ത് മാറിനിൽക്കുകയായിരുന്നു അദ്ദേഹം. തന്റെ സീനിയോറിറ്റി മറികടന്ന് എം.വി. ഗോവിന്ദൻ പി.ബിയിലെത്തിയതും തുടർന്ന് സംസ്ഥാന സെക്രട്ടറിയുമായതോടെയാണ് പാർട്ടിയിൽ ഇ.പി പരസ്യമായി നീരസം പ്രകടിപ്പിച്ചത്.
ഒരു മാസത്തോളം സ്വയം അവധിയെടുത്ത അദ്ദേഹം പാർട്ടിയുടെ പ്രധാന പരിപാടികളിലടക്കം വിട്ടുനിന്നു. ഗവർണർക്കെതിരെ എൽ.ഡി.എഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ മുന്നണി കൺവീനർ കൂടിയായ ഇ.പി പങ്കെടുക്കാതിരുന്നത് നേതൃത്വത്തിലടക്കം ചർച്ചയായിരുന്നു. നാട്ടിലുണ്ടായിരുന്നിട്ടും കണ്ണൂരിൽ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തില്ല. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത പ്രചരിച്ചിട്ടും അദ്ദേഹം വാർത്ത നിഷേധിക്കാനോ പ്രതികരിക്കാനോ തയാറായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയായി പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണമായി വ്യാഖ്യാനിക്കപ്പെട്ടത്. കോടിയേരിയുടെ ഒഴിവിൽ എം.വി. ഗോവിന്ദനെ പരിഗണിച്ചതോടെ തന്നെ അവഗണിക്കുന്നുവെന്ന തോന്നലും ഇ.പിക്കുണ്ടായിരുന്നു. എം.വി. ഗോവിന്ദനെ സെക്രട്ടറിയാക്കുന്നതിനെതിരെ പാർട്ടിയിലെ യുവ നേതൃത്വത്തെ അണിനിരത്തിയുള്ള നീക്കത്തിനും ഇ.പി ശ്രമം നടത്തിയിരുന്നു.
എന്നാൽ, റിസോർട്ട് വിവാദം പാർട്ടിയിൽ ഉയർന്നതോടെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഇ.പി പ്രതിരോധത്തിലാകും. ഇതോടെ പാർട്ടിയിൽ സജീവമായി അനുനയത്തിലേക്കുള്ള പാത മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള ഏക പോംവഴി. ഒരുതരത്തിൽ ഇ.പിയുടെ വിമതസ്വരത്തിനെതിരെ പാർട്ടിയുടെ താക്കീതായാണ് ഇപ്പോൾ ഉയർന്നുവന്ന റിസോർട്ട് വിവാദം വിലയിരുത്തപ്പെടുന്നതും. നേതൃത്വത്തിന്റെ നിർദേശവും താൽപര്യവുമാണ് പി. ജയരാജന്റെ ഇപ്പോഴത്തെ പരാതിക്ക് പിന്നിലെന്നാണ് സൂചന. പി. ജയരാജൻ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കുമ്പോഴാണ് പത്തേക്കർ കുന്നിടിച്ചുള്ള റിസോർട്ട് നിർമാണം നടന്നത്.
അന്ന് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉന്നയിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തടക്കം പരാതിയുമായി രംഗത്തെത്തിയിട്ടും പി. ജയരാജൻ വിഷയത്തിൽ ഇടപെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയത് ഇ.പിയെ പ്രതിരോധത്തിലാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിന്റെ ഭാഗമായാണ്. എന്നാൽ, പി. ജയരാജന്റെ പരാതിയിൽ പാർട്ടി കൂടുതൽ അന്വേഷണം നടത്താനോ വിശദ വിവരങ്ങൾ തേടാനോ സാധ്യതയില്ല. ഇ.പി വീണ്ടും സജീവമാകുന്നതോടെ പരാതി പാർട്ടിയിൽതന്നെ അവസാനിക്കാനാണ് സാധ്യത.