അനൂപ് ആന്റണിയുടെ ആറന്മുള ക്ഷേത്ര ദർശനത്തെ ചൊല്ലി വിവാദം; അഹിന്ദുക്കൾക്ക് ദർശന വിലക്കില്ലെന്ന് ഹിന്ദു ഐക്യവേദി
text_fieldsപത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ ആറന്മുള ക്ഷേത്ര ദർശനത്തെച്ചൊല്ലി വിവാദം. വള്ളസദ്യയിൽ പങ്കെടുക്കാൻ ജൂലൈ 21നാണ് അനൂപ് പാർഥസാരഥി ക്ഷേത്രത്തിൽ എത്തിയത്. ശ്രീകോവിലിനുള്ളിൽ കടന്ന് അദ്ദേഹം ദർശനം നടത്തിയതായും പറയുന്നു. അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രത്തിൽ ക്രൈസ്തവ വിശ്വാസിയായ അനൂപ് ആന്‍റണിക്ക് പ്രവേശനം അനുവദിച്ചത് ശരിയായില്ലെന്നാണ് വിമർശനം.
ക്ഷേത്രദർശനത്തിന്‍റെ വിഡിയോ അനൂപ് തന്നെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിക്കാരല്ലാത്ത ഇതര സമുദായക്കാർ ക്ഷേത്രത്തിൽ കയറുമ്പോൾ മാത്രം ആചാരം പറഞ്ഞ് ബഹളം വെക്കരുതെന്ന് ഇതിനോട് പ്രതികരിച്ച ആർ.ജെ.ഡി ദേശീയ കൗണ്‍സില്‍ അംഗം സലിം മടവൂര്‍ പറഞ്ഞു. ക്ഷേത്രത്തിൽ എല്ലാ സമുദായക്കാരെയും കയറ്റാനുള്ള തുറന്ന സമീപനമാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും സലിം പറഞ്ഞു.
എന്നാൽ അനൂപ് ആന്‍റണിയുടെ ക്ഷേത്ര ദർശനവുമായി വിവാദമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. കെ. ഹരിദാസ് പറഞ്ഞു. ഗൂരുവായൂരിലേതുപോലെ ആറന്മുള ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് ദർശനത്തിന് വിലക്കില്ല. മൂകാംബികയിൽ പതിവ് സന്ദർശകനായ യേശുദാസ് മുമ്പ് ആറന്മുള ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെറുമകന് ചോറൂണ് നടത്തുകയും ചെയ്തിട്ടുണ്ട്. ആന്‍റോ ആന്‍റണി എം.പി, മന്ത്രി വീണ ജോർജ് എന്നിവരൊക്കെ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്രൈസ്തവ വിശ്വാസികൾ ആറന്മുള പള്ളിയോടങ്ങളിൽ കയറുന്നതും പതിവാണ്. ഇത്തരം സാഹചര്യങ്ങളിലൊന്നും ഉണ്ടാകാത്ത വിവാദം അനൂപ് ആന്‍റണിയുടെ ദർശനത്തിന്‍റെ പേരിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിക്കാരനായതുകൊണ്ടു മാത്രമാണെന്നും അഡ്വ. ഹരിദാസ് പറഞ്ഞു.