സംഘടനരീതി തെറ്റിച്ച് എം.എസ്.എഫ് നേതൃമാറ്റം
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: എം.എസ്.എഫിൽ നടന്നത് സംഘടനയുടെ പതിവുകൾ തെറ്റിച്ചുള്ള നേതൃമാറ്റം. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കൗൺസിൽ ആഗസ്റ്റ് ആദ്യത്തിൽ ചേരാനിരിക്കെ, താൽക്കാലിക സംവിധാനമെന്ന നിലയിൽ പുതിയ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും നിയമിച്ചത് സംഘടനരീതിക്ക് ചേർന്നതായില്ലെന്ന വിമർശനം എം.എസ്.എഫിൽ ശക്തമാണ്.
ആറു വർഷത്തിലേറെയായി പദവിയിലിരുന്ന പി.കെ. നവാസ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുകയും ഷറഫുദ്ദീൻ പിലാക്കലിന് പ്രസിഡന്റിന്റെയും അഖിൽ ആനക്കയത്തിന് ജനറൽ സെക്രട്ടറിയുടെയും താൽക്കാലിക ചുമതല നൽകുകയുമാണ് ഉണ്ടായത്. നവാസിന് പുറമെ, ജനറൽ സെക്രട്ടറി സി.കെ. നജാഫും ട്രഷറർ ഉൾപ്പെടെ നാല് ഭാരവാഹികളും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗം ചേരാൻ തിരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. ലീഗ് സംസ്ഥാന നേതാക്കളുടെ അസൗകര്യം കാരണം കൗൺസിൽ മാറ്റിവെച്ചെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനക്കുള്ളിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നതയാണ് കാരണമെന്നാണ് സൂചന. മാറ്റിവെച്ച കൗൺസിൽ ആഗസ്റ്റ് നാലിന് ചേരുമെന്ന് പറയുന്നുണ്ടെങ്കിലും താൽക്കാലിക ഭാരവാഹികൾ ചുമതലയേറ്റ സ്ഥിതിക്ക് നീളാനാണ് സാധ്യത.
സംഘടനയിൽ പി.കെ. നവാസ് പക്ഷവും നവാസ് വിരുദ്ധരും തമ്മിലുള്ള പോര് ശക്തമാണ്. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കൗൺസിൽ യോഗങ്ങളിൽ പ്രതിഫലിച്ച ഭിന്നതയാണ് സംസ്ഥാന കൗൺസിലിലേക്കും വ്യാപിച്ചിരിക്കുന്നത്. അറിയപ്പെടുന്ന നവാസ് പക്ഷക്കാരാണ് ഷറഫുദ്ദീൻ പിലാക്കലും അഖിൽ ആനക്കയവും.
സ്വന്തം ഗ്രൂപ്പിൽ ഉള്ളവരെ ചുമതലയിൽ എത്തിച്ച് സംഘടനയുടെ നിയന്ത്രണം നിലനിർത്താനാണ് നവാസ് പക്ഷത്തിന്റെ നീക്കമെന്നാണ് ആക്ഷേപം. അതേസമയം, സംഘടന ചട്ടക്കൂടിന് ദോഷകരമായ നടപടി സംസ്ഥാന കൗൺസിലിൽ ചോദ്യം ചെയ്യാനാണ് മറുവിഭാഗം കോപ്പുകൂട്ടുന്നത്.


