തെറ്റുതിരുത്തലും സ്വയം നവീകരണവും തുടരും; വിഭാഗീയ പ്രവണത വെച്ചുപൊറുപ്പിക്കില്ല
text_fieldsകൊല്ലം: തെറ്റുതിരുത്തിയുള്ള സ്വയം നവീകരണ നടപടികളിൽ പാർട്ടിക്ക് വിട്ടുവീഴ്ചയില്ലെന്നും വിഭാഗീയ പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നവകേരള സൃഷ്ടിയും മൂന്നാം സർക്കാറുമാണ് പ്രധാനം. അത് മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് അടിത്തട്ട് മുതൽ ഏറ്റെടുക്കേണ്ടത്.
അതേസമയം തന്നെ ഭരണത്തുടർച്ചയെതുടർന്ന് അധികാരവുമായി ബന്ധപ്പെട്ട് വന്നുചേർന്നേക്കാവുന്ന ജീർണതകൾക്ക് നേതാക്കൾ അടിമപ്പെടരുതെന്നും സംസ്ഥാന സമ്മേളനത്തിലവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ ചർച്ചകൾക്ക് മറുപടി നൽകവെ അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ പ്രലോഭനങ്ങളിൽ പല സഖാക്കളും വീണുപോകുന്നുണ്ട്. അത് അംഗീകരിക്കാനാവില്ല.
പൊതു, സ്വകാര്യ ജീവിതത്തിന്റെ എല്ലാ മേഖലയിലും നേതാക്കൾ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. അടിസ്ഥാന ജനവിഭാഗങ്ങളെ തഴയപ്പെടാതെതന്നെ മധ്യവർഗത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയും നിലകൊള്ളണം. വൈജ്ഞാനിക സമൂഹവും സമ്പദ് വ്യവസ്ഥയും സൃഷ്ടിച്ചെങ്കിലേ കേരളത്തിന് സ്വന്തം നിലയിൽ മുന്നേറാനാവൂ. അതിനായി വിഭവങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകണം.
പാർട്ടിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ മുഴുവൻ കൂടുതൽ സുതാര്യമാകണം. ഗ്രാമ - നഗര വ്യത്യാസം മാറി കേരളം ഒറ്റസമൂഹമായി വളരുകയാണ്. അതിനൊത്തുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. പാർട്ടിയെ വെട്ടിലാക്കുന്നതരത്തിൽ നേതാക്കൾ മാധ്യമങ്ങളോടും മറ്റു പൊതുഇടങ്ങളിലും പ്രതികരിക്കരുത്. നവമാധ്യമരംഗത്തും പാലിയേറ്റീവ് രംഗത്തും സജീവമായി ഇടപെടണം.
മൂന്നാം ഭരണത്തിലേക്കായി ആവിഷ്കരിക്കുന്ന പദ്ധതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ പ്രചാരം നൽകണം. യുവതലമുറയെ രാഷ്ട്രീയമായിതന്നെ പാർട്ടിയിലേക്കടുപ്പിക്കണം. ബ്രാഞ്ച് തലം മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങൾ ഒരു നവീകരണ പ്രക്രിയ കൂടിയാണ്. അതിനാൽ ഉയർന്നുവന്ന വിമർശനങ്ങളിൽ തിരുത്തലുകളുണ്ടാവണം.
സെക്രട്ടറിക്കെതിരെയുള്ള വിമർശനങ്ങളെയും ആരോഗ്യപരമായി കാണും. വാക്കിലെയും പ്രവൃത്തിയിലേയുമടക്കം പോരായ്മകൾ തിരുത്തും. സർക്കാർ വിരുദ്ധ സ്പോൺസേർഡ് സമരങ്ങളുടെ പ്രചാരകരാവുകയാണ് മാധ്യമങ്ങൾ. അത് തുറന്നുകാട്ടാനാവണമെന്നും അദ്ദേഹം പറഞ്ഞു. 530 പേരെ പ്രതിനിധീകരിച്ച് 12 സ്ത്രീകളടക്കം 47 പേരാണ് പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തത്.