Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവസേന ഉജ്ജ്വല...

ശിവസേന ഉജ്ജ്വല പ്രസ്ഥാനം, അവരുടെ ഗണേശോത്സവം മനോഹരം; സതീശസ്തുതിക്കു ശേഷം സി. ദിവാകരൻ

text_fields
bookmark_border
https://www.madhyamam.com/tags/c-divakaran
cancel
camera_alt

സി ദിവാകരൻ

തിരുവനന്തപുരം: ശിവസേനയെ പുകഴ്ത്തി സി.പി​.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ. ശിവസേന മഹാരാഷ്ട്ര ഭരിച്ച ഉജ്ജ്വല പ്രസ്ഥാനമാണെന്നും ഇപ്പോഴും മുംബൈയിലെ വലിയ പ്രസ്ഥാനമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പഴവങ്ങാടി മഹാഗണപതി ക്ഷേത്രസന്നിധിയിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിന്റെയും ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയുടെയും ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെയും ശിവസേന യു.ബി.ടിയുടെയും (ഉദ്ധവ് ബാൽ താക്കറെ) നേതൃത്വത്തിലായിരുന്നു പരിപാടി.

ശിവസേന സംഘടിപ്പിച്ച ഗണേശപൂജയും ഘോഷയാത്രയും അതിമനോഹരമാണെന്ന് പറഞ്ഞ ദിവാകരൻ, ആഘോഷങ്ങളിൽ പങ്കെടുത്ത ജനസഞ്ചയവും അവരുടെ ആവേശവും ഭക്തിയും നേരിൽ കണ്ടപ്പോൾ അത്ഭുതം തോന്നിയെന്നും കൂട്ടിച്ചേർത്തു.

ആ ജനസഞ്ചയവും ആവേശവും ഭക്തിയും കണ്ടപ്പോൾ ഭാരതം എത്ര ധന്യമാണെന്ന് തോന്നി. ഗണേശപൂജയും ഘോഷയാത്രയും ഇത്ര മനോഹരമായി സംഘടിപ്പിക്കുന്നത് ശിവസേനയാണ്. മഹാരാഷ്ട്രയിൽ ശിവസേനക്ക് ഉണ്ടായിരുന്ന രാഷ്ട്രീയ-സാമൂഹിക സ്വാധീനവും മുംബൈയിൽ ഇപ്പോഴും തുടരുന്ന വലിയ ജനപിന്തുണയും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആഴ്ചകൾക്ക് മുമ്പ് മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രകീർത്തിച്ചും ദിവാകരൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ‘കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് സതീശൻ. നിയമസഭയിൽ തങ്ങളെയെല്ലാം വെള്ളം കുടിപ്പിച്ച സമർഥനായ പ്രതിപക്ഷ നേതാവ്. അദ്ദേഹം ഭരണത്തിൽ വന്ന് 100 ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം തന്റെ കൈകളിൽ ഭദ്രമാണെന്നു തെളിയിച്ചു. സതീശൻ സർക്കാർ പാവപ്പെട്ട ആളുകൾക്കു വേണ്ടി, അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളോടും നമുക്ക് സഹകരിക്കാൻ കഴിയുന്നതാണ്’ -എന്നാണ് ദിവാകരൻ പറഞ്ഞത്.

വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) കേരള ഘടകം വി.ഡി. സതീശന് മഹാത്മാ അയ്യങ്കാളി പുരസ്കാരം സമ്മാനിച്ച ചടങ്ങിലായിരുന്നു പരാമർശം. ആരുടെ മുന്നിലും സത്യം തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വമാണ് ദിവാകരനെന്ന് വി.ഡി. സതീശൻ മറുപടി പ്രസംഗത്തിൽ പറയുകയും ചെയ്തു.

Show Full Article
TAGS:c divakaran shiv sena ganesh yatra Maharashtra 
Next Story