സി.പി.ഐ നേതാവ് എ.ഐ.ഡി.ആർ.എം ദേശീയ സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
text_fieldsപത്തനംതിട്ട: സി.പി.ഐ നേതാവ് എ.ഐ.ഡി.ആർ.എം (അഖിലേന്ത്യ ദലിത് റൈറ്റ് മൂവ്മെന്റ്) ദേശീയ സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. കടമ്പനാട് തുവയൂർ തെക്ക് നിലയ്ക്കമുകൾ ബിജുനിവാസിൽ ടി.ആർ. ബിജുവാണ് (52) മരിച്ചത്. ഹൈദരാബാദിൽ എ.ഐ.ഡി.ആർ.എം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ സഹപ്രവര്‍ത്തകര്‍ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
സി.പി.ഐ പത്തനംതിട്ട ജില്ല കൗൺസിൽ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി, എ.ഐ.ഡി.ആർ.എം സംസ്ഥാന കമ്മിറ്റി അംഗം, ഇപ്റ്റ അടൂർ യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
വിദ്യാർഥി രാഷ്ടീയത്തിലൂടെയാണ് ബിജു പൊതുരംഗത്ത് വന്നത്. വിദ്യാഭ്യാസ കാലത്തിനുശേഷം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലയളവിൽ സി.പി.ഐയുടെ പ്രവർത്തനങ്ങളിൽ സജീവമായി. നാട്ടിലെ സാമൂഹിക - സാംസ്കാരിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു. സി.പി.ഐ കടമ്പനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
കെ.പി.എം.എസ് യുവജനവിഭാഗമായ കെ.പി.വൈ.എം ജനറൽ സെക്രട്ടറി, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, അടൂർ താലൂക്ക് യൂനിയൻ സെക്രട്ടറി, സാംസ്കാരിക സംഘടനകളായ കടമ്പ്, മനീഷ എന്നിവയുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് സി.പി.ഐ അടൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസിൽ പൊതുദർശനം. തുടര്‍ന്ന് വിലാപയാത്രയായി പത്തിന് അടൂര്‍ കെ.എസ്.ആർ.ടി.സി ഡിപ്പോ, 11ന് കടമ്പനാട് കെ.ആർ.കെ.പി.എം ഹൈസ്കൂൾ, 11.30ന് മനീഷ ആര്‍ട്സ് ക്ലബ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനം. ശേഷം 12ന് മൃതദേഹം സ്വവസതിയില്‍ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: അജിത (പി.ഡബ്ല്യു.ഡി ജീവനക്കാരി, തിരുവല്ല). മക്കൾ: സോന, ഹരിനന്ദ് (ഇരുവരും വിദ്യാർഥികള്‍).


