എക്സാലോജിക് എൽ.ഡി.എഫിന്റെ കേസല്ലെന്ന് സി.പി.ഐ
text_fieldsതിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള എസ്.എഫ്.ഐ.ഒ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എം നിലപാട് തള്ളി സി.പി.ഐ. എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ളത് എൽ.ഡി.എഫിന്റെ കേസല്ലെന്നും രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
രാഷ്ട്രീയ ഗൂഢാലോചനയാണ് കുറ്റപത്രത്തിന് പിന്നിലെന്ന് തീർപ്പുകൽപിച്ച് മുഖ്യമന്ത്രിക്കും മകൾക്കും സി.പി.എം പ്രതിരോധം തീർക്കുമ്പോഴാണ് കേസ് എൽ.ഡി.എഫിന്റെ കള്ളിയിൽ വരവ് വെക്കേണ്ടെന്ന സി.പി.ഐ നിലപാട്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ്, കൗൺസിൽ യോഗങ്ങൾക്കുശേഷമാണ് ഈ നിലപാടിലേക്ക് പാർട്ടിയെത്തിയത്.
മാത്രമല്ല, കേസ് ഇതുവരെ രാഷ്ട്രീയപ്രേരിതമെന്ന് പറയാവുന്ന നിലയിലേക്കെത്തിയിട്ടില്ലെന്നാണ് സി.പി.ഐ നിലപാട്. നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ച വാർത്തസമ്മേളനത്തിൽ ‘‘അന്വേഷണ ഏജൻസി കേസ് രാഷ്ട്രീയപ്രേരിതനീക്കമായി മാറ്റാൻ ശ്രമിച്ചാൽ അപ്പോൾ രാഷ്ട്രീയമായി നേരിടും’’ എന്ന ബിനോയ് വിശ്വത്തിന്റെ പരാമർശമാണ് ഇക്കാര്യം അടിവരയിടുന്നത്.
‘മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് വന്ന കേസ് ആണോ’ എന്ന ചോദ്യത്തിനും കൃത്യമായ വിശദീകരണമുണ്ടായില്ല. അതിനിടെ, മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടല്ലെന്ന് പറയാനും ബിനോയ് മറന്നില്ല. ബിനോയ് വിശ്വത്തിന്റെ വാർത്ത സമ്മേളനത്തിന് തൊട്ടുപിന്നാലെ, മാധ്യമങ്ങളെ കണ്ട സി.പി.എം സംസ്ഥാന സെക്രട്ടറി ‘രാഷ്ട്രീയമായി മുഖ്യമന്ത്രിക്കെതിരെ ഈ കേസിനെ രൂപപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചന അരങ്ങേറുകയാണ്’ എന്ന് ആവർത്തിച്ചു.