പകരക്കാരനായി വന്നു; അമരക്കാരനായി ഉയർന്നു
text_fieldsബിനോയ് വിശ്വം
ആലപ്പുഴ: ശതാബ്ദി നിറവിലുള്ള രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയെ അടുത്ത മൂന്നുവർഷം കേരളത്തിൽ നയിക്കുക ബിനോയ് വിശ്വം. സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തോടെ 2023 ഡിസംബറിലാണ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുന്നത്.
പിന്നീട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി ഡി. രാജ സെക്രട്ടറിയായി ബിനോയിയുടെ പേര് നിർദേശിച്ചപ്പോൾ യോഗം അത് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. രോഗാവസ്ഥ ഗുരുതരമായപ്പോൾ കാനം പാർട്ടി ദേശീയ നേതൃത്വത്തിന് നൽകിയ അവധി അപേക്ഷക്കൊപ്പം സെക്രട്ടറിയുടെ ചുമതല ബിനോയിക്ക് നൽകാനാണ് നിർദേശിച്ചത്. ഇതാണ് അന്ന് ബിനോയിക്ക് തുണയായത്.
ഒരുവർഷത്തോളം പദവിയിൽ തുടർന്ന ബിനോയ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുക്കുന്ന തരത്തിൽ പാർട്ടിയിൽ അതിശക്തനായി. വിമത ശബ്ദങ്ങളെയാകെ നിശ്ശബ്ദമാക്കിയാണ് പാർട്ടിയുടെ അമരത്തേക്ക് കമ്യൂണിസ്റ്റ് സംഘടനാരീതിയിൽ അദ്ദേഹമിപ്പോൾ എത്തുന്നത്. സംഘടന രംഗത്തെ വിവിധ പദവികൾക്കു പുറമെ എം.എൽ.എ, മന്ത്രി, എം.പി എന്നീ നിലകളിലും ബിനോയ് മികച്ച പ്രവർത്തനം കാഴ്ചവെച്ചു. നിലവിൽ എ.ഐ.ടി.യു.സി വർക്കിങ് പ്രസിഡൻറുമാണ്.
മുൻ വൈക്കം എം.എൽ.എയും കമ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥന്റെയും ഓമനയുടെയും മകനായി 1955 നവംബർ 25ന് കോട്ടയത്തെ വൈക്കത്താണ് ജനനം. വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിൽ എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. എം.എ, എൽഎൽ.ബി ബിരുദം നേടിയിട്ടുണ്ട്.
നിരവധി വിദ്യാർഥി, യുവജന, തൊഴിലാളി സമരങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചു. ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2001, 2006 നിയമസഭ തെരഞ്ഞെടുപ്പുകളിൽ നാദാപുരത്തുനിന്ന് ജയിച്ച് എം.എൽ.എയായി. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം മന്ത്രിയുമായി. 2018 മുതൽ 2024 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു. ഭാര്യ: ഷൈല സി. ജോർജ്. മക്കള്: രശ്മി ബിനോയ് (മാധ്യമ പ്രവര്ത്തക), സൂര്യ ബിനോയ് (ഹൈകോടതി അഭിഭാഷക).