എൽ.ഡി.എഫിനെതിരെ മത്സരിച്ച അഞ്ച് പേരെ സി.പി.എം പുറത്താക്കി
text_fieldsമണ്ണാര്‍ക്കാട്: തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ച അഞ്ചുപേരെ സി.പി.എം പുറത്താക്കി. ഇരുപതോളം പേരെ പുറത്താക്കാനുള്ള നടപടിക്കും മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തു. ജനകീയ മതേതര മുന്നണി എന്ന പേരില്‍ കാഞ്ഞിരം വാര്‍ഡില്‍ മത്സരിച്ച കൃഷ്ണദാസ് ചെറുകര, വടക്കുമണ്ണം വാര്‍ഡില്‍ മത്സരിച്ച ഹരിപ്രസാദ്, ആല്‍ത്തറ വാര്‍ഡില്‍ മത്സരിച്ച കെ.പി. അഷ്റഫ്, വടക്കേക്കര വാര്‍ഡില്‍ മത്സരിച്ച റജീല, പെരിഞ്ചോളം വാര്‍ഡില്‍ മത്സരിച്ച സുജാത എന്നിവരെയാണ് അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.
സ്ഥാനാര്‍ഥികളെ പിന്തുണച്ച പ്രവര്‍ത്തകരായ വിനോദ്, കുമാരന്, ശിവശങ്കരന്, സുദര്ശനന് ഹനീഫ, അസ് ലം തുടങ്ങിയവരേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്ന ഏതാനും പേരെയും പുറത്താക്കാനുള്ള നടപടിക്കും ശിപാര്‍ശ ചെയ്തതായാണ് വിവരം. ഇവരെല്ലാം പി.കെ. ശശി അനുകൂലികളായാണ് അറിയപ്പെട്ടിരുന്നത്.
എന്നാല്‍, ഇത്തരമൊരു വിഭാഗമില്ലെന്ന് പി.കെ. ശശിയും സ്ഥാനാര്‍ഥികളും പറഞ്ഞിരുന്നു. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് കമ്മിറ്റികളിലുള്പ്പെട്ടവരാണ് നടപടി നേരിട്ടവരും നേരിടുന്നവരും. സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ എല്ലായിടത്തും നടപടിയെടുക്കുന്നുണ്ടെന്ന് ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി പറഞ്ഞു.


