പി.ഡി.പിയുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ല -എം.എ. ബേബി
text_fieldsപത്തനംതിട്ട: ഇപ്പോഴത്തെ പി.ഡി.പിയുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. നേരത്തേ, മാനസാന്തരം പ്രാപിച്ച അബ്ദുന്നാസിർ മഅ്ദനിയുമായാണ് സി.പി.എം അടുത്തത്. മഅ്ദനിയുടെ ഒരുഭാഗം മാത്രം അടർത്തിയെടുത്താണ് സി.പി.എം അദ്ദേഹത്തിന് ഒപ്പമെന്ന് പറയുന്നതെന്നും പത്തനംതിട്ട പ്രസ്ക്ലബിൽ മീറ്റ് ദ പ്രസിനിടെ ബേബി വ്യക്തമാക്കി.
മുമ്പ് അദ്ദേഹത്തിന്റെ തീവ്രപ്രസംഗങ്ങൾ നിരവധി പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ, നിലവിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. എല്ലാത്തിലും മഅ്ദനിയെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. അടുത്ത സുഹൃത്തായ മഅ്ദനിയെ കാണാൻ മുമ്പ് ജയിലിൽ പോയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
ജയരാജന്റെ പുസ്തകത്തിൽ മഅ്ദനി തീവ്രവാദിയാണെന്ന് പറയുന്നത് അടർത്തിയെടുത്ത് പലരും പ്രചരിപ്പിക്കുകയാണ്. എന്നാൽ, മഅ്ദനിയുടെ മാനസാന്തരം ഉണ്ടായശേഷമുള്ള കാലയളവ് പ്രതിപാദിക്കുന്നത് ആരും കാണുന്നില്ലെന്നും ബേബി പറഞ്ഞു.