പി.എം ശ്രീയിൽ സി.പി.ഐയുടെ അന്ത്യശാസനം നവംബർ നാലുവരെ; റദ്ദാക്കിയില്ലെങ്കിൽ മന്ത്രിമാരുടെ കൂട്ടരാജി
text_fieldsതിരുവനന്തപുരം: വിവാദമായ പി.എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി ഏർപ്പെട്ട ധാരണാപത്രം റദ്ദാക്കിയില്ലെങ്കിൽ സി.പി.ഐ എടുക്കുക ഇടത് മുന്നണിക്കും സി.പി.എമ്മിനും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം. പി.എം ശ്രീയിലെ സി.പി.എമ്മിന്‍റെ രാഷ്ട്രീയ നിലപാടിനെയാണ് സി.പി.ഐ പരസ്യമായി ചോദ്യം ചെയ്യുന്നത്.
സി.പി.ഐക്ക് ബോധ്യമായതും ചൂണ്ടിക്കാട്ടിയതുമായ തിരുത്തലിന് സി.പി.എം തയാറായില്ലെങ്കിൽ സി.പി.ഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങും. കേന്ദ്ര സർക്കാരുമായുള്ള ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുമെന്ന് നവംബർ നാലിന് മുമ്പ് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നാണ് സി.പി.ഐയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ നവംബർ നാലിന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിന്‍റെ അംഗീകാരത്തോടെ സി.പി.ഐ മന്ത്രിമാർ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെക്കും.
അതോടൊപ്പം, രാജി മുന്നിൽ കണ്ട് അഞ്ചാം തീയതി ജില്ലാ നേതൃയോഗങ്ങൾ വിളിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം നവംബർ അഞ്ചിന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി തീരുമാനത്തിൽ നിന്ന് മാറാൻ സി.പി.എം പ്രേരിപ്പിക്കുമെങ്കിൽ നിലപാട് മാറ്റേണ്ടെന്നാണ് സി.പി.ഐ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെ പി.എം ശ്രീയിൽ ഒപ്പിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത തീരുമാനത്തിൽ സി.പി.ഐക്ക് സംശയമുണ്ട്. യു.ഡി.എഫ് ആരോപിക്കുന്ന സി.പി.എം-ബി.ജെ.പി ബാന്ധവം എൽ.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐക്കുള്ളിലെ ചർച്ചയിലും ഉയർന്നിട്ടുണ്ട്. പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടാനുള്ള എല്ലാ ചർച്ചകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ട് അത് മറച്ചുവെച്ച മന്ത്രിസഭാ യോഗത്തിൽ എന്തിന് പോയി ഇരിക്കണമെന്നാണ് സി.പി.ഐ മന്ത്രിമാർ ചൂണ്ടിക്കാട്ടുന്നത്.
മന്ത്രിസഭാ യോഗത്തിൽ വിഷയം മന്ത്രി കെ. രാജൻ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രതികരിക്കാതെ ഇരുന്നതോടെ ആശങ്കക്ക് വഴിയില്ലെന്നാണ് സി.പി.ഐ കരുതിയത്. എന്നാൽ, പി.എം ശ്രീയിൽ ഒപ്പിട്ട വിവരം മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മറച്ചുവെച്ചതോടെ മന്ത്രിസഭയിൽ പരിഹാസ്യനായെന്ന വികാരമാണ് മന്ത്രി കെ. രാജനുള്ളത്. ഇതാണ് കടുത്ത തീരുമാനത്തിലേക്ക് സി.പി.ഐ കടക്കാൻ വഴിവെച്ചത്.
അതേസമയം, കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ഒപ്പിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിലും പ്രശ്ന പരിഹാരത്തിന് വഴി തുറന്നിട്ടില്ല. ഇതേതുടർന്നാണ് കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർക്ക് മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി നിർദേശം നൽകിയത്.
മന്ത്രിസഭയെയും ഇടതുമുന്നണിയെയും വഞ്ചിക്കുന്നതാണ് പി.എം ശ്രീയുമായുള്ള സഹകരണമെന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നുമാണ് തിങ്കളാഴ്ച ആലപ്പുഴയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിലുയർന്ന പൊതുവികാരം. നേരത്തെ പലതിലും തർക്കമുന്നയിച്ചിരുന്നെങ്കിലും വിട്ടുവീഴ്ച ചെയ്തത് അവ ഭരണപരമായ കാര്യങ്ങളായതിനാലാണ്. എന്നാൽ പി.എം ശ്രീ ആശയപരവും രാഷ്ട്രീയവുമായതിനാൽ ഒത്തുതീർപ്പ് പാടില്ല. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും പാർട്ടി കോൺഗ്രസ് രേഖകളിൽ തന്നെ ദേശീയ വിദ്യാഭ്യാസ നയം എതിർക്കേണ്ടത് തുറന്നു പറയുന്നുണ്ട്. അങ്ങനെയുള്ളപ്പോൾ പദ്ധതിയുമായി സഹകരിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
അതേസമയം, കൂടിക്കാഴ്ചയിൽ സി.പി.ഐയുടെ ആശങ്ക കേട്ട മുഖ്യമന്ത്രി പദ്ധതി നടത്തിപ്പിൽ മെല്ലെപോക്ക് സ്വീകരിക്കാമെന്നും വ്യവസ്ഥകൾ പഠിക്കാൻ സി.പി.ഐ മന്ത്രിമാരടക്കം ഉൾപ്പെടുന്ന ഉപസമിതി എൽ.ഡി.എഫ് യോഗത്തിലുണ്ടാക്കാമെന്നുമുള്ള സി.പി.എം സെക്രട്ടേറിയറ്റിന്റെ ഫോർമുലയാണ് മുന്നോട്ടുവെച്ചത്. ദേശീയ നേതൃത്വം തന്നെ പൂർണ പിന്തുണ അറിയിച്ചതിനാൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങുക എന്നതിൽ കുറഞ്ഞതൊന്നും സി.പി.ഐ അംഗീകരിക്കില്ലെന്ന് ബിനോയ് വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്കുള്ള 1500 കോടിയോളം രൂപ തടഞ്ഞുവെച്ചതാണ് പദ്ധതിയിൽ ഒപ്പുവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പണത്തിന്റെയല്ല നിലപാടിന്റെ പ്രശ്നമാണിതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഭരണ മുന്നണിയിലെ രണ്ടാമത്തെ കക്ഷി തന്നെ മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാറിന് കടുത്ത പ്രതിസന്ധിയാണ്.


