സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് പതാക ഉയർത്തി സി.പി.എം ബ്രാഞ്ച് കമ്മിറ്റി; അബദ്ധം സംഭവിച്ചതെന്ന് വിശദീകരണം
text_fieldsസ്വാതന്ത്ര്യദിനത്തിൽ സി.പി.എം ഏലൂർ പുത്തലത്ത് ബ്രാഞ്ച് കമ്മിറ്റി ദേശീയ പതാകക്ക് പകരം കോൺഗ്രസ് പതാക ഉയർത്തുന്നു
കളമശേരി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകക്ക് പകരം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഉയർത്തിയത് കോൺഗ്രസ് പതാക. ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകക്ക് പകരം മധ്യത്തിൽ ചർക്കയുള്ള കോൺഗ്രസിന്റെ മൂവർണക്കൊടിയാണ് ഇവർ ഉയർത്തിയത്. സി.പി.എം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്. .
ഏതാനും സമയത്തിനകം തെറ്റുമനസ്സിലാക്കി കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നാടാകെ പ്രചരിച്ചതിനാൽ സംഭവം നാണക്കേടും വിവാദവുമായി. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധി പേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല.
വിവാദമായതിനെത്തുടർന്ന് സി.പി.എം നേതൃത്വം അന്വേഷണം നടത്തിയപ്പോൾ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവർ വിശദീകരണം നൽകിയെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സി.പി.എം ലോക്കൽ സെക്രട്ടറി കെ.ബി. സുലൈമാൻ പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്റഫ് പറഞ്ഞു.