Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലി​ക്കോളിൽ സി.പി.ഐ;...

കലി​ക്കോളിൽ സി.പി.ഐ; കരിങ്കാറിൽ സഭാസമ്മേളനം

text_fields
bookmark_border
കലി​ക്കോളിൽ സി.പി.ഐ; കരിങ്കാറിൽ സഭാസമ്മേളനം
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ ക്ഷേമപ്രഖ്യാപനങ്ങൾക്കായി പ്രത്യേക നിയമസഭ സമ്മേളനം ചേരാനിരിക്കെ പി.എം ശ്രീയിൽ മുന്നണിയിൽ രൂപപ്പെട്ട കാർമേഘം സർക്കാർ നീക്കങ്ങളെ താളം തെറ്റിക്കുന്നു. അജണ്ടപോലും പരസ്യപ്പെടുത്താതെ കേരളപ്പിറവി ദിനമായ ശനിയാഴ്ച സഭാസമ്മേളനം നിശ്ചയിച്ചിരിക്കുമ്പോഴാണ് സി.പി.ഐ ഉയർത്തിയ ആഭ്യന്തരപ്പോര് ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുന്നത്.

നവംബർ ഒന്നിന് തന്നെ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ എന്നിവരെ പങ്കെടുപ്പിച്ച് ഉത്സവാന്തരീക്ഷത്തിൽ അതിദാരിദ്യ നിർമാർജന പ്രഖ്യാപനവും നിശ്ചയിച്ചിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അപ്രഖ്യാപിത സമാരംഭമാണ് നവംബർ ഒന്നിലെ പരിപാടികൾ. സി.പി.ഐ ഇടഞ്ഞതോടെ ഈ അജണ്ടകളിൽ കരിനിഴൽ കനക്കുകയാണ്.

അവധി ദിവസമായ ശനിയാഴ്ച സമ്മേളനം ചേരാൻ സഭയുടെ മുൻകൂർ അനുമതി വേണമെന്നാണ് ചട്ടം. എന്നാൽ, അതെല്ലാം മറികടന്ന് മന്ത്രിസഭ യോഗം ചേർന്നാണ് പ്രത്യേക ഏകദിന നിയമസഭ സമ്മേളനം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കുന്ന പതിവും തെറ്റിച്ചു. ഇതിനെതിരെ, പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ, ഇതെല്ലാം അവഗണിച്ച് മുന്നോട്ട് പോകുമ്പോഴാണ് പാളയത്തിൽ തന്നെ പട പൊട്ടിപ്പുറപ്പെട്ടത്.

മുന്നണി ഇരുട്ടിലാണെന്ന് മന്ത്രി ജി.ആർ അനിലിനെ തൊട്ടടുത്തിരുത്തി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചതോടെ ഫലത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമാണ് ചോദ്യം ചെയ്യപ്പെട്ടത്. മന്ത്രിസഭയോഗത്തിൽ നിന്ന് സി.പി.ഐ വിട്ടുനിന്നാൽ സാഹചര്യം കൂടുതൽ വഷളാകും. സ്വന്തം മുന്നണിയിൽ നിന്ന് രാഷ്ട്രീയമായി പൊള്ളലേറ്റ ഭരണപക്ഷത്തിന് പ്രത്യേക സഭ സമ്മേളനം വലിയ പരീക്ഷണമാകും.

സർക്കാർ നയങ്ങൾ സംബന്ധിച്ച് സി.പി.എം-സി.പി.ഐ അഭിപ്രായ വ്യത്യാസം സഭക്കുള്ളിൽ രാഷ്ട്രീയായുധമാക്കുന്ന പ്രതിപക്ഷത്തിന് എൽ.ഡി.എഫിലെ പരസ്യപ്പോര് വലിയ അവസരമാകും തുറന്ന് നൽകുക.

പി.എം ശ്രീ വിഷയത്തിലെ സർക്കാർ നിലപാട് നിയമസഭയിൽ വിശദീകരിക്കേണ്ടി വരുമെന്നതാണ് ഭരണപക്ഷത്തിന് മറ്റൊരു വെല്ലുവിളി. സ്വന്തം മുന്നണിയിലെ സി.പി.ഐയെപോലും ബോധ്യപ്പെടുത്താനാകാത്ത വിഷയം നിയമസഭയിൽ എങ്ങനെ അവതരിപ്പിക്കുമെന്നതാണ് ചോദ്യം. മന്ത്രി വി. ശിവൻകുട്ടി ഉന്നയിച്ച വാദങ്ങൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനം വിളിച്ച് തള്ളിയ സാഹചര്യത്തിൽ വിശേഷിച്ചും.

Show Full Article
TAGS:CPM CPI PM SHRI binoy vishwam 
News Summary - CPM-CPI rift over PM SHRI
Next Story