വി.എസ്: മുൻ നേതാക്കളുടെ ‘തുറന്നെഴുത്തി’ൽ സി.പി.എമ്മിൽ ചർച്ച
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ വിടവാങ്ങലിൽ സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ പത്രങ്ങളിലെഴുതിയ ലേഖനങ്ങളിലെ ‘തുറന്നുപറച്ചിലുകൾ’ പാർട്ടിയിൽ ചർച്ചയാകുന്നു. മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായിരുന്ന ജി. സുധാകരന്റെയും, മുൻ സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായിരുന്ന പിരപ്പൻകോട് മുരളിയുടെയും ലേഖനങ്ങളിലെ വി.എസുമായി ബന്ധപ്പെട്ട ‘കാപിറ്റൽ പണിഷ്മെന്റ്’, മാരാരിക്കുളം തോൽവി, 2011ലെ തുടർഭരണനഷ്ടം എന്നിവ സംബന്ധിച്ച പരാമർശങ്ങളാണ് പാർട്ടിയിലും സൈബറിടത്തും ചർച്ചയാവുന്നത്.
ആരോപണം നേരിട്ട എം. സ്വരാജും പാർട്ടിയും തള്ളിയ, വി.എസിന് ‘കാപിറ്റൽ പണിഷ്മെന്റ്’ നൽകണം എന്ന പ്രയോഗം തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലുണ്ടായെന്ന് ശരിവെക്കുകയാണ് മുരളിയുടെ ‘അകത്തും പുറത്തും സമരം’ എന്ന ലേഖനം. വി.എസിനെതിരായ വിമർശനം കേട്ട് നേതൃനിര സഖാക്കൾ ചിരിച്ചെന്നും 1996ൽ വി.എസിനെ മാരാരിക്കുളത്ത് തോൽപിച്ചത് രണ്ട് കേന്ദ്ര നേതാക്കളും ഒരു സംസ്ഥാന നേതാവും ചേർന്ന് ആലപ്പുഴയിലെ ടി.കെ. പളനിയെ മുന്നിൽ നിർത്തിയാണെന്നും സമ്മേളന പ്രതിനിധിയായിരുന്ന മുരളി ലേഖനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. വി.എസിനെ തോൽപിച്ച പി.ജെ. ഫ്രാൻസിസ് തന്നെ, സി.പി.എമ്മാണ് തന്നെ ജയിപ്പിച്ചതെന്ന് പാലക്കാട്ടെ ചടങ്ങിനിടെ നേരിട്ട് പറഞ്ഞിട്ടുണ്ട്. ആലപ്പുഴ സമ്മേളനത്തോടെ വി.എസിനെ പുകച്ച് പുറത്തുചാടിക്കാമെന്ന് ചിലർ കരുതി. 2011ൽ വി.എസിനെ മത്സരിപ്പിക്കാതിരിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം പി.ബിയാണ് തടഞ്ഞതെന്നും മുരളി പറയുന്നു.
ഇപ്പറഞ്ഞതെല്ലാം ശരിവെക്കുന്നതാണ് വി.എസിന്റെ അക്കാലത്തെ നടപടികളെന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരം സമ്മേളന പൊതുയോഗത്തിൽ ‘ചിലർ വി.എസിന് കാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് മുദ്രാവാക്യം മുഴക്കുന്നുണ്ട്’ എന്ന് വി.എസ് പ്രസംഗിച്ചിരുന്നു. മാരാരിക്കുളത്ത് തോറ്റപ്പോൾ വി.എസ് ആദ്യം പറഞ്ഞത് ടി.കെ. പളനിക്കെതിരെ പാർട്ടി നടപടി വേണമെന്നാണ്. 2011ൽ സീറ്റ് നിഷേധിച്ചപ്പോൾ വി.എസിനായി പ്രകടനമുണ്ടായി. 2015ൽ നടന്ന ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി.എസ് ഇറങ്ങിപ്പോയതും വസ്തുതയാണ്. 2011ൽ വീണ്ടും വി.എസിന് മുഖ്യമന്ത്രിയാവാൻ കഴിയാഞ്ഞത് ചില യൂദാസുകൾ തീർത്ത പദ്മവ്യൂഹം നേരത്തെ കാണാൻ കഴിയാഞ്ഞതിനാലാണെന്നാണ് ‘ഇടിമുഴക്കം അവസാനിക്കുന്നില്ല; എന്നും പ്രതിപക്ഷം’ എന്ന ലേഖനത്തിൽ സുധാകരൻ പറയുന്നത്. വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാൻ നാട് കൊതിച്ചു. മൂന്ന് സീറ്റ്കൂടി ജയിച്ചാൽ എൽ.ഡി.എഫിന് ഭൂരിപക്ഷമാകുമായിരുന്നു. വിജയം പ്രതീക്ഷിച്ച 14 സീറ്റ് തോറ്റെന്നും ജയിക്കില്ലെന്ന് കരുതിയ 15 സീറ്റ് ജയിച്ചെന്നും പാർട്ടി രേഖപ്പെടുത്തി. ജയിക്കേണ്ട സീറ്റുകൾ തോറ്റതാണ് വി.എസിന് വീണ്ടും മുഖ്യമന്ത്രിയാകാൻ കഴിയാത്തതിന്റെ കാരണമെന്നാണ് പാർട്ടി വിലയിരുത്തിയെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഏറെക്കാലം പാർട്ടിയുടെ മുഖമായിരുന്ന പിരപ്പൻകോട് മുരളി ഇപ്പോൾ ഒരു ഘടകത്തിലുമില്ല. എന്നാൽ ജി. സുധാകരൻ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമാണ്.