Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജമാഅത്തെ...

ജമാഅത്തെ ഇസ്‍ലാമിക്കെതിരെ സി.പി.എം പ്രസ്താവന ഇറക്കിയിട്ടില്ല, വെള്ളാപ്പള്ളിക്കെതിരെ ഉണ്ട് -എം.എ. ബേബി

text_fields
bookmark_border
ജമാഅത്തെ ഇസ്‍ലാമിക്കെതിരെ സി.പി.എം പ്രസ്താവന ഇറക്കിയിട്ടില്ല, വെള്ളാപ്പള്ളിക്കെതിരെ ഉണ്ട് -എം.എ. ബേബി
cancel

​കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമിക്കെതിരെ അനുവാദരഹിതമായി ഒരു വിമർശനവും പാടില്ല എന്നാണ് പാർട്ടിയുടെ കാഴ്ചപ്പാടെന്ന് സി.പി.എം ജന​റൽ സെക്രട്ടറി എം.എ. ബേബി. ആരുടെയെങ്കിലും പ്രസംഗത്തിൽ അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ അത് പാർട്ടിയുടെ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്കെതിരെ അനുവാദരഹിതമായി ഒരു വിമർശനം പാടില്ല എന്നുള്ളത് തന്നെയാണ് പാർട്ടിയുടെ കാഴ്ചപ്പാട്. ആരുടെയെങ്കിലും പ്രസംഗത്തിൽ അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ അത് പാർട്ടിയുടെ കാഴ്ചപ്പാടല്ല. ആരുടെയെങ്കിലും പ്രതികരണത്തിൽ അനുവാദരഹിതമായി ഏതെങ്കിലും കാര്യങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് ഞങ്ങൾ പരിശോധിക്കുകയും തിരുത്തുകയും ചെയ്യും. പക്ഷെ മൃദു ഹിന്ദുത്വ സമീപനം എന്ന് പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും സാധ്യമല്ല.

പ്രഭാഷണങ്ങളിലുള്ള പരാമർശങ്ങൾ അല്ലാതെ ജമാഅത്തെ ഇസ്‍ലാമിക്ക് എതിരെ എന്തെങ്കിലും പ്രസ്താവന പാർട്ടി ഏതെങ്കിലും ഘട്ടത്തിൽ ഇറക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, വെള്ളാപ്പള്ളി നടേശൻ ചെയ്യുന്ന ചില വിദ്വേഷ പ്രസ്താവനകൾക്കെതിരെ പിണറായി വിജയൻ ഉൾപ്പെടുന്ന പാർട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും അത് വെള്ളാപ്പള്ളിയെ ഉദ്ദേശിച്ചാണെന്ന് ആർക്കും മനസ്സിലാകുന്ന വിധത്തിലാണ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. വിദ്വേഷം വമിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് സമൂഹത്തിന് അംഗീകരിക്കാൻ കഴിയുകയില്ല.

സിപിഎമ്മിന്റെ പരിപാടിയിൽ ന്യൂനപക്ഷ വർഗീയതയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ വിമർശനം മുഴുവൻ ഫാഷിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് സൃഷ്ടിക്കുന്ന വർഗീയതയെ കുറിച്ചാണ്. ഈ വർഗീയതയെ എതിർക്കാൻ എന്ന മട്ടിൽ ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടിക്കുമ്പോൾ അത് പലതും ന്യൂനപക്ഷ വർഗീയതയായി മാറുകയും ഭൂരിപക്ഷ വർഗീയതയ്ക്ക് ന്യായീകരണമായി ഭവിക്കുകയും ചെയ്യുന്നു എന്ന നിലയിലാണ് ന്യൂനപക്ഷ വർഗീയതയെയും വിമർശിച്ചിരിക്കുന്നത്.

ഏത് സമൂഹത്തിലും ഉള്ള മത, ഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ ബാധ്യതയാണ്. ഹിന്ദു ക്ഷേത്രത്തിന്റെ അരികിലൂടെ നടക്കാൻ സ്വാതന്ത്ര്യമില്ലാത്ത കാലത്ത് എ.കെ.ജിയെ പോലുള്ളവർ ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്. എവിടെയൊക്കെ മതപരമായ അവകാശങ്ങൾ, ഭാഷാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടോ അവിടെ പോയി പൊരുതണം.

ഇപ്പോൾ കേരളത്തിൽ നിന്ന് ലോക്സഭയിൽ ഒരു ബിജെപി എംപി ഉണ്ട്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്ന തൃശ്ശൂരിൽ നിന്നാണ് ജയിച്ചത്. ടി.എൻ. പ്രതാപനേക്കാൾ ഒരു ലക്ഷത്തിനടുത്ത വോട്ടാണ് കെ. മുരളീധരന് കുറഞ്ഞത്. 75000 വോട്ടിനാണ് ബിജെപിയുടെ എംപി തൃശൂരിൽ നിന്നും ജയിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിക്ക് ടിഎൻ പ്രതാപനെതിരായി മത്സരിക്കുമ്പോൾ കിട്ടിയതിനേക്കാളും 16000 വോട്ട് കൂടുതൽ കിട്ടി.

ഡൽഹിയിൽ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി എനിക്ക് സഹകരിക്കേണ്ട എന്റെ സുഹൃത്തുക്കൾ നിർഭാഗ്യവശാൽ എന്തെല്ലാം അബദ്ധങ്ങളാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ വന്ന് സിപിഎമ്മിനെ സി.ജെ.പി എന്ന് സംബോധന ചെയ്തുകൊണ്ട് പോയ സുഹൃത്ത്, ഗുജറാത്തിൽ പോയി ഞാൻ പൂണൂൽ ധരിച്ച ബ്രാഹ്മിൻ ആണ് എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് പറയാൻ കഴിയുമോ എന്നുള്ളത് എനിക്ക് അറിഞ്ഞുകൂടാ. ‘വി ആർ എഗൻസ്റ്റ് ഹിന്ദു രാഷ്ട്ര, വി ആർ ഫോർ ഹിന്ദു രാജ്യ’ എന്ന് അദ്ദേഹം ഒരു സന്ദർഭത്തിൽ പറഞ്ഞു. അദ്ദേഹത്തിന് പ്രസംഗം എഴുതിക്കൊടുത്തയാളുടെ അബദ്ധമായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ അദ്ദേഹം പിന്നെ ഉത്തർപ്രദേശിൽ പോയി ഇത് തന്നെ പറഞ്ഞു. ഭരണഘടനയ്ക്ക് എതിരായിട്ടാണ് അദ്ദേഹം പറഞ്ഞത്.

ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷത്തിന് സംരക്ഷണം കൊടുക്കുമ്പോൾ ഭൂരിപക്ഷം നമ്മിൽ അകന്നു പോകുമോ എന്നുള്ള ആധി ദൗർഭാഗ്യവശാൽ കോൺഗ്രസിന്റെ പല സംസ്ഥാനങ്ങളിലും നേതൃത്വത്തിനുണ്ട്. യഥാർത്ഥത്തിൽ വർഗീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ് പൊതുവിൽ ഇന്ത്യയിലാകെ പിന്തുടരുന്ന മൃതു ഹിന്ദുത്വ സമീപനമാണ് നമ്മൾ ഗൗരവമായി ചർച്ച ചെയ്യേണ്ടത്. അത് സിപിഎമ്മിനെ കേരളത്തിൽ ബാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം -അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:CPM MA Baby Jamaat e Islami Vellappally Natesan 
News Summary - cpm general secretary ma baby about jamaat e islami and vellappally natesan
Next Story