കൂട്ടുത്തരവാദിത്തത്തിൽ ‘അവിശ്വാസം’; ഒറ്റപ്പെട്ട് സി.പി.എം
text_fieldsതിരുവനന്തപുരം: മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെങ്കിലും അവഹേളനങ്ങളുടെ പരമ്പരയാണ് രണ്ടും കൽപിച്ച് പടയൊരുക്കത്തിന് സി.പി.ഐയെ നിർബന്ധിതമാക്കിയത്. പി.എം ശ്രീയിൽ ദേശീയ തലത്തിലെ സമവായ നീക്കങ്ങൾക്കും വഴങ്ങാതെ സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സമീപ കാലത്തെങ്ങും നേരിടാത്ത കടുത്ത പ്രതിസന്ധിയിലാണ് ഇടതുമുന്നണി.
പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച എന്നതായിരുന്നു വെള്ളിയാഴ്ച സി.പി.എം കേന്ദ്രങ്ങൾ മുന്നോട്ടുവെച്ചതെങ്കിൽ അതിനിടയിലും ധൃതിപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിയെ എം.എൻ സ്മാരകത്തിലേക്ക് അയക്കാൻ നിർബന്ധിതമായത് മുന്നണി നേരിടുന്ന സമ്മർദം അടിവരയിടുന്നു. സി.പി.ഐക്ക് പിന്നാലെ ആർ.ജെ.ഡിക്കും ജെ.ഡി.എസിനും സർക്കാർ തീരുമാനത്തിൽ വലിയ അതൃപ്തിയുണ്ട്. പി.എം ശ്രീ വിഷയത്തിൽ മുന്നണി ഇരുട്ടിലാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞതെങ്കിൽ, സി.പി.ഐ ഉയർത്തിയ കലാപക്കൊടി എങ്ങനെ പരിഹരിക്കുമെന്നറിയാതെ സി.പി.എമ്മും ഇരുട്ടിലാണെന്നതാണ് നിലവിലെ സ്ഥിതി.
ഇതിനിടെ മന്ത്രിസഭയിൽനിന്ന് പിന്മാറുന്നതിനുള്ള സന്നദ്ധത സി.പി.ഐ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രതീകാത്മകമായി പോലും മന്ത്രിമാർ കാബിനറ്റിൽനിന്ന് പിന്മാറിയാൽ മുന്നണിക്ക് കനത്ത രാഷ്ട്രീയ പ്രഹരമാണ്. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വിശേഷിച്ചും. ഇതിന് മുമ്പ് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്ന വിഷയത്തിലാണ് പ്രതിഷേധ സൂചകമായി സി.പി.ഐ മന്ത്രിമാർ കാബിനറ്റിൽനിന്ന് വിട്ടുനിന്നത്. ഇ. ചന്ദ്രശേഖരൻ, വി.എസ്. സുനിൽ കുമാർ, പി. തിലോത്തമൻ, കെ. രാജു എന്നിവരാണ് അന്ന് വിട്ടുനിന്നത്. തോമസ് ചാണ്ടിയുടെ രാജിയിലേക്ക് രാഷ്ട്രീയ സാഹചര്യങ്ങൾ മാറുകയും ചെയ്തു.
മുന്നണിയെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ‘മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്ത’ത്തിൽ തന്നെ ചോദ്യവും സംശയവുമുയർത്തി സി.പി.ഐ രംഗത്തെത്തിയത് ഗുരുതര സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭയിലെ ഒരംഗത്തെ സമീപത്തിരുത്തി, ‘എന്ത് കൂട്ടുത്തരവാദിത്തം’ എന്ന് ചോദിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി മുന്നണിയുടെ മസ്തകത്തിൽ തന്നെ ആഞ്ഞടിച്ചുവെന്നതാണ് ഫലത്തിൽ സംഭവിച്ചത്. രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിന്റെ കാലത്തും മുന്നണിയുടെ കൂട്ടുത്തരവാദിത്തത്തെ തള്ളിപ്പറയാൻ സി.പി.ഐ തയാറായിട്ടില്ല.
ഇടതു പാർട്ടി എന്ന രാഷ്ട്രീയ അസ്തിത്വത്തെ പോലും ചോദ്യംചെയ്യും വിധം നിലപാടുകൾ മുഖവിലക്കെടുക്കാതെ സി.പി.എം സ്വീകരിക്കുന്ന ഏകപക്ഷീയ സമീപനങ്ങളിൽ സി.പി.ഐ അസ്വസ്ഥമാണ്. സീറ്റ് വിഭജനത്തിലും രാഷ്ട്രീയ വിഷയങ്ങളിലും രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും നയപരമായ വിഷയത്തിൽ സി.പി.ഐ ഇത്രത്തോളം അപമാനിക്കപ്പെട്ട സാഹചര്യം ഇടതു മുന്നണിയുടെ ചരിത്രത്തിലുണ്ടാവില്ല. ഇതാണ് പ്രതിപക്ഷ ലൈനിലേക്ക് ചുവടുമാറിയതിന് സമാനം കടുത്ത വാക്കുകളിൽ സർക്കാറിനെതിരെ ആഞ്ഞടിക്കാൻ സി.പി.ഐയെ നിർബന്ധിതമാക്കിയത്.


