കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്ന് മിണ്ടാതിരുന്നു; ഇന്ന് സി.പി.എം 68ാം പ്രതി
text_fieldsതൃശൂർ: 14 വർഷം പഴക്കമുള്ള സാമ്പത്തിക തട്ടിപ്പിന്റെ പരാതി പല തവണ ലഭിച്ചിട്ടും നിസ്സാരമാക്കിയതാണ് കരുവന്നൂരിൽ സി.പി.എമ്മിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ 68ാമത്തെ പ്രതി സി.പി.എമ്മാണ്. ഇ.ഡി കേസിൽ രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടി പ്രതിസ്ഥാനത്ത് വരുന്ന രണ്ടാമത്തെ കേസാണിത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ ഇ.ഡി പ്രതിയാക്കിയിരുന്നു.
കരുവന്നൂർ കേസിൽ തൃശൂരിലെ പ്രമുഖ നേതാക്കളെല്ലാം പ്രതിപ്പട്ടികയിലുണ്ടെന്നതും സി.പി.എമ്മിന് ക്ഷീണം ചെയ്യും. ഇ.ഡി കേസ് അന്വേഷിക്കുന്ന ഘട്ടത്തിൽ 83 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ മരിച്ചു. ശേഷിക്കുന്നവരിൽ ചിലർ ബി.ജെ.പിയിലേക്ക് കൂടുമാറിയതോടെ പ്രതിസ്ഥാനത്തുനിന്ന് പുറത്തായി. നിലവിൽ അന്തിമ കുറ്റപത്രത്തിൽ 27 പ്രതികളാണുള്ളത്. മുൻ തൃശൂർ ജില്ല സെക്രട്ടറിമാരായ എം.എം. വർഗീസ്, എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എന്നിവരെയടക്കം പ്രതി ചേർത്താണ് ഇ.ഡി അന്തിമ പ്രതിപ്പട്ടിക സമർപ്പിച്ചിരിക്കുന്നത്. മൂന്നുപേരുടെയും പ്രവർത്തന കാലയളവിൽ ബാങ്കിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്നാണ് ഇ.ഡി വാദിക്കുന്നത്.
5000 പേജുള്ള കുറ്റപത്രത്തിൽ സി.പി.എം നേതൃത്വത്തിന്റെ കുറ്റകൃത്യങ്ങൾ നിരത്തുന്നുണ്ട്. ക്രമക്കേട് സംബന്ധിച്ച് അതത് സമയത്ത് പരാതി ലഭിച്ചിട്ടും ജില്ല നേതൃത്വം നടപടി കൈക്കൊള്ളാതിരുന്നതാണ് വിനയായത്. കരുവന്നൂരിൽ 2003 മുതൽ തട്ടിപ്പ് നടന്നിരുന്നെന്നും ഇക്കാര്യം പാർട്ടിയെ അറിയിച്ചിരുന്നെന്നുമാണ് സി.പി.എം മുൻ അംഗവും ബാങ്ക് ജീവനക്കാരനുമായിരുന്ന എം.വി. സുരേഷ് കുമാർ പറയുന്നത്. ഇയാൾ, ഇപ്പോൾ ബി.ജെ.പി അംഗമാണ്. 2009ൽ അന്നത്തെ ജില്ല സെക്രട്ടറിയായിരുന്ന ബേബി ജോണും പരാതി ചെവിക്കൊണ്ടില്ല.
2011ൽ എ.സി. മൊയ്തീൻ സെക്രട്ടറിയായപ്പോഴും ഗൗരവത്തിലെടുത്തില്ല. ബാങ്ക് നിക്ഷേപം ബിനാമി വായ്പകളായി അനുവദിപ്പിച്ച് കമീഷൻ തട്ടിയെന്നാണ് പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തി ഇ.ഡി കുറ്റപത്രം പറയുന്നത്. ഈ പണം അഞ്ച് അക്കൗണ്ടുകളിൽ സൂക്ഷിച്ചു. ഇതുപയോഗിച്ച് പാർട്ടിക്ക് കെട്ടിടങ്ങൾ പണിതു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) വകുപ്പ് 70 ലെ കമ്പനി എന്ന നിർവചനത്തിൽ സി.പി.എം വരുമെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.
എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിട്ടും അതിന് മുമ്പ് അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. ജൂലൈക്കകം കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് അന്തിമ ശാസനം നൽകിയിരിക്കുകയാണ് ഹൈകോടതി.