ഡിവൈ.എസ്.പി മധുബാബുവിനെതിരെ സി.പി.എം ലോക്കൽ സെക്രട്ടറിയും രംഗത്ത്; ‘രാത്രി വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അസഭ്യവർഷം നടത്തി, കോളറിൽ പിടിച്ച് വലിച്ചു’
text_fieldsപത്തനാപുരം: ഡി.വൈ.എസ്.പി മധുബാബുവിനെതിരെ വെളിപ്പെടുത്തലുമായി സി.പി.എം. ലോക്കൽ സെക്രട്ടറി അംജിത്ഖാനും രംഗത്ത്. സി.പി.എം പത്തനാപുരം ടൗൺ ലോക്കൽ സെക്രട്ടറിയാണ് അംജിത്ഖാൻ. എസ്.എഫ്.ഐ നേതാവായിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് മധുബാബുവിനെതിരെ ഉയർത്തിയ പരാതിയെ തുടർന്ന് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനെതിരെ അംജിത്ഖാനും ഫേസ്ബുക് കുറിപ്പിലൂടെരംഗത്ത് വന്നത്.
2012 കാലയളവിൽ ജയകൃഷ്ണനൊപ്പം എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന കാലത്ത് അന്നത്തെ കോന്നി സി.ഐ ആയിരുന്ന മധു ബാബുവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് അംജിത് ഖാൻ പറഞ്ഞു. ഉമ്മൻചാണ്ടി ഭരണകാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് മധുബാബു എസ്.എഫ്.ഐ നേതാക്കളെ വേട്ടയാടിയത്. തനിക്ക് നേരെ അസഭ്യവർഷം നടത്തിയ മധുബാബു തന്റെ കോളറിൽ പിടിച്ച് വലിച്ചെന്നും അംജിത് ഖാൻ പറയുന്നു.
എസ്.എഫ്.ഐ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് മധു, രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്നും അംജിത് ഖാൻ പറഞ്ഞു. ഇയാൾ പൊലീസിലെ ഒന്നാം നമ്പർ ക്രിമിനലാണെന്നും സാധാരണക്കാരെ ഉപദ്രവിക്കുകയാണ് മെയിൻ എന്നും അംജിത് ഖാൻ ആരോപിച്ചു.
കാലിന്റെ വെള്ള അടിച്ച് പൊട്ടിക്കുയും ചെവിയുടെ ഡയഫ്രം തകർക്കുകയും കണ്ണിലും ദേഹത്തും മുളക് സ്പ്രേ അടിക്കുകയും ചെയ്തതായാണ് ജയകൃഷ്ണൻ തണ്ണിത്തോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ‘പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം. 6 മാസം ഞാൻ മെഡിക്കൽ കോളേജിൽ ചികിത്സതേടി. അന്നത്തെ ഭരണകൂടം എന്നെ മൂന്ന് മാസത്തിൽ അധികം ജയിലിൽ അടച്ചു. ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകൾ എടുത്തു. ആ കേസുകളിലെല്ലാം ഇന്ന് വെറുതെ വിട്ടു. ഞാൻ അന്ന്മുതൽ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ. കഴിഞ്ഞ 14 വർഷമായി കേസ് നടത്തുന്നു. അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കർ (ഇന്നത്തെ ഐ ജി) മാതൃകാപരമായി കേസ് അനേഷിച്ചു. കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ആ റിപ്പോർട്ട് ഇതുവരെ നടപ്പിലാക്കിയില്ല ???? നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു’ -ജയകൃഷ്ണൻ പറഞ്ഞു.
മധു ബാബു ഇന്നും പോലീസ് സേനയിൽ ശക്തനായി തുടരുകയാണെന്നും ഇനി പരാതി പറയാൻ ആളില്ലെന്നും ഇദ്ദേഹം പറയുന്നു. ‘എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം. ഞാൻ പോലീസ് ക്രിമിനൽസിനെതിരായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ഇനി ഹൈകോടതിയിൽ കേസ് നടത്താനുള്ള തയാറെടുപ്പിലാണ്. മരണം വരെയും പോരാടും. കാശു തന്നാൽ എല്ലാവരെയും വിലക്ക് എടുക്കാൻ കഴിയില്ലെന്ന് ഈ ക്രിമിനൽ പോലീസുകാർ അറിയണം’ -അദ്ദേഹം പറഞ്ഞു.