ഇ.ഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന് സി.പി.എം മുഖപത്രം, കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമെന്നും വിമർശനം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണക്കെതിരെ നടക്കുന്ന ഇ.ഡി അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’. പാർട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണെന്നും അപസർപ്പക കഥകൾ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിക്കുന്നതുകൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല. എഫ്.ഐ.ആറിൽ പേര് വരുന്നതുകൊണ്ടും റെയ്ഡ് നടക്കുന്നതു കൊണ്ടും മാധ്യമങ്ങളിൽ വാർത്ത വരുന്നതു കൊണ്ടും കുറ്റം തെളിയുന്നില്ല. കുറ്റം തെളിയേണ്ടത് കോടതിയിലാണ്. മാധ്യമങ്ങളെയും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
‘അന്വേഷണ ഏജൻസികളുടെ ചുമതല കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും തെളിവുകൾ ശേഖരിക്കുകയും നിയമാനുസൃതമായി കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുക എന്നതാണ്. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കോടതികളിൽ റിപ്പോർട്ട് സമർപ്പിക്കാറുണ്ടെന്നല്ലാതെ മാധ്യമങ്ങൾക്ക് ഓരോന്ന് പറഞ്ഞു കൊടുക്കാറില്ല. അന്വേഷണത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിന് ഉപകരണമാക്കുന്നതിന്റെ ഭാഗമാണ്. ‘ഇഡി കണ്ടെത്തി’, ‘അന്വേഷണത്തിൽ തെളിഞ്ഞു’ തുടങ്ങിയ തലക്കെട്ടുകൾ പലപ്പോഴും കോടതി കണ്ടെത്തിയ വസ്തുതകളെന്ന മട്ടിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്.’ -മുഖപ്രസംഗത്തിൽ പറയുന്നു.
അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം. തെളിവുകൾ പുറത്തു കൊണ്ടുവരണം. സമാന ആരോപണങ്ങൾ ഉള്ളവർക്കെതിരെ അന്വേഷണമില്ല. ഒരാൾക്കെതിരെ പറയുന്ന ഒരു കോടിക്ക് അപ്പുറം അന്വേഷണം ഉണ്ടായോ. യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും വാങ്ങിയ കോടികളിൽ അന്വേഷണമില്ല. സി.പി.എമ്മിനെ ദുർബലപ്പെടുത്താം എന്ന് കരുതുന്നവർക്ക് ചരിത്രമറിയില്ല. ജന്ദർ മന്ദർ സമരത്തിൽ സി.പി.എമ്മിന്റെ പങ്കിന് ശേഷമാണ് ഇ.ഡിയുടെ പുതിയ വിളയാട്ടമെന്നും മുഖപ്രസംഗത്തിലുണ്ട്.
കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പലതവണ കോടതികളിൽ തകർന്നടിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘ഇ.ഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ല’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം അവസാനിക്കുന്നത്.


