സി.പി.എം അടവുനയ ആലോചനകളിലേക്ക്
text_fieldsമലപ്പുറം: അപ്രതീക്ഷിതമായെത്തുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് അതിനിർണായകം. പാർട്ടിയെ വെല്ലുവിളിച്ച പി.വി. അൻവറിന് മറുപടി നൽകാൻ നിലമ്പൂരിലെ വിജയം സി.പി.എമ്മിന് ഒഴിച്ചുകൂടാനാവാത്തതാണ്. മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്താൽ അത് അൻവറിന്റെ വിജയമായാണ് വിലയിരുത്തപ്പെടുക.
യു.ഡി.എഫിലെ കലഹങ്ങളിലാണ് സി.പി.എം പ്രതീക്ഷയർപ്പിക്കുന്നത്. ഈ സാധ്യതകൂടി മുന്നിൽകണ്ടാണ് സ്വതന്ത്ര പരീക്ഷണം തള്ളിക്കളയില്ലെന്ന് സി.പി.എം നേതാക്കൾ ആവർത്തിക്കുന്നത്. പാർട്ടി സ്ഥാനാർഥിക്കു പകരം സ്വതന്ത്രരിലേക്കുള്ള ആലോചനകളിലേക്കാണ് സി.പി.എം കടക്കുന്നത്. യു.ഡി.എഫിന് നേരിയ മുൻതൂക്കമുള്ള നിലമ്പൂർ മണ്ഡലത്തിൽ സ്വതന്ത്രരെ ഇറക്കിയുള്ള മത്സരമാകും അഭികാമ്യമെന്ന വിലയിരുത്തലിലാണ് പാർട്ടി.
നിലമ്പൂർ സ്വദേശിയായ എം. സ്വരാജ് സി.പി.എമ്മിന്റെ പരിഗണനയിലുള്ള സ്ഥാനാർഥിയാണെങ്കിലും പാർട്ടിക്കു പുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ ശേഷിയുള്ള പൊതുസമ്മതരായ സ്വതന്ത്രരെയാണ് തേടുന്നത്. ആര്യാടൻ മുഹമ്മദിനെതിരെ സ്വതന്ത്രരെ ഇറക്കി സി.പി.എം നടത്തിയ പരീക്ഷണങ്ങൾ പാളിയെങ്കിലും 2016ൽ ആര്യാടൻ ഷൗക്കത്തിനെതിരെ ഫലംകണ്ടു. ഷൗക്കത്തിനെതിരെ പി.വി. അൻവറിന്റെ വിജയം 11,504 വോട്ടുകൾക്കായിരുന്നു. ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കാതിരുന്ന കോൺഗ്രസിലെ രണ്ടാം നിരയുടെ നിർലോഭ പിന്തുണയാണ് എൽ.ഡി.എഫിന്റെ വിജയം സുനിശ്ചിതമാക്കിയത്. 2021ൽ മുൻ ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശ് സ്ഥാനാർഥിയായിട്ടും എൽ.ഡി.എഫിന് മണ്ഡലം നിലനിർത്താനായി.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും യു.ഡി.എഫ് നേടിയ വിജയം അവരുടെ സിറ്റിങ് സീറ്റുകളിലാണ്. ചേലക്കര നിലനിർത്തിയ എൽ.ഡി.എഫിന് ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റ് നഷ്ടമായിട്ടില്ല. സിറ്റിങ് സീറ്റായ നിലമ്പൂർ നഷ്ടമായാൽ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് വൻ ആഘാതമാവും. നിലമ്പൂരിൽ യു.ഡി.എഫ് ജയിച്ചാൽ പി.വി. അൻവർ കൂടുതൽ കരുത്തനാകും. അൻവർ ഉയർത്തുന്ന വെല്ലുവിളി നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തലവേദനയുമാകും.
നോട്ടം തവനൂർ, തിരുവമ്പാടി, പട്ടാമ്പി സീറ്റുകളിൽ
മലപ്പുറം: നിലമ്പൂർ വിടുമ്പോഴും തവനൂർ, തിരുവമ്പാടി, പട്ടാമ്പി ഉൾപ്പെടെയുള്ള സീറ്റുകളിൽ കണ്ണുവെച്ച് പി.വി. അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ വിജയമുണ്ടായാൽ, മുന്നണിപ്രവേശനം അൻവറിന് എളുപ്പമാകും. അതിനാൽ നിലമ്പൂരിൽ നിരുപാധിക പിന്തുണ നൽകി പിന്നീട് വിലപേശൽ നടത്തുകയെന്ന തന്ത്രമാണ് അൻവർ പയറ്റുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ അൻവറിന്റെ സാന്നിധ്യം യു.ഡി.എഫിന് ഗുണംചെയ്യുമെന്ന വിലയിരുത്തൽ പൊതുവിലുണ്ടെങ്കിലും പ്രധാന തടസ്സം അദ്ദേഹം പിന്തുടരുന്ന ശൈലിയും തീരുമാനങ്ങളുമാണ്. വരുതിയിൽ വരുമെന്ന് സൂചന നൽകുമ്പോഴും നാളെ എന്തായിരിക്കും സ്ഥിതിയെന്നതിൽ കോൺഗ്രസിൽ ആശങ്കയുണ്ട്. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ തിരുവമ്പാടി, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ അൻവർ കണ്ണുവെച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ ഏതു കിട്ടിയാലും വിജയം ഉറപ്പാണെന്ന് അൻവർ കരുതുന്നു.
വനനിയമ ഭേദഗതിയടക്കം അൻവർ ഉന്നയിക്കുന്ന വിഷയങ്ങൾ കുടിയേറ്റ മേഖലയിൽ ചലനം സൃഷ്ടിക്കും. സഭാ നേതൃത്വവുമായുള്ള അടുപ്പവും തിരുവമ്പാടി മണ്ഡലത്തിലേക്ക് നോട്ടമിടാൻ കാരണമാണ്.