സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റിലേക്ക് മത്സരം: വി.എസ് പക്ഷ നേതാവ് ഗോകുൽദാസ് തോറ്റു
text_fieldsപാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് മത്സരം നടന്നു. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് 11 അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ഇവരിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. എം.ആർ മുരളി, കെ. പ്രേംകുമാർ എം.എൽ.എ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടൻ, ടി.കെ. നൗഷാദ് എന്നിവരാണ് സെക്രട്ടേറിയേറ്റിലെത്തിയ പുതിയ അംഗങ്ങൾ.
മുൻ എം.എൽ.എ വി.കെ ചന്ദ്രനെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവാക്കി. ഇദ്ദേഹം പി.കെ. ശശിയെ പിന്തുണച്ചിരുന്നുവെന്നാണ് അറിയുന്നത്. പി.കെ. ശശിക്കെതിരെ നടപടിയെടുത്ത ശേഷവും പാർട്ടിയിൽ അദ്ദേഹത്തിനായി വാദിച്ച നേതാവ് ചന്ദ്രൻ. തൃത്താല കേന്ദ്രീകരിച്ച് പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന് വി.കെ. ചന്ദ്രനെ പാർട്ടി നേതൃത്വം താക്കീത് ചെയ്തിരുന്നു.
ജില്ല സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കമ്മിറ്റിയംഗം പി.എ. ഗോകുൽദാസ് രംഗത്തെത്തിയിരുന്നു. ഗോകുൽദാസ് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. വി.എസ് പക്ഷക്കാരനായിരുന്ന ഗോകുൽദാസിന് 45 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴ് വോട്ട് മാത്രമേ ലഭിച്ചുള്ളു. മുണ്ടൂരിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം. മുൻപ് പാർട്ടിക്കെതിരെ പൊതുസമ്മേളനം വിളിച്ചുചേർത്ത് പി.എ. ഗോകുൽദാസ് പരസ്യ പ്രതിഷേധം ഉയർത്തിയിരുന്നു.
പിന്നീട് പാർട്ടി ഇദ്ദേഹത്തെയടക്കം അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് പിന്നീട് സ്ഥാനക്കയറ്റം നൽകിയിരുന്നില്ല.