'പാർട്ടി അധികാര സ്ഥാനങ്ങളിൽ കണ്ണൂരിന് പ്രത്യേക സംവരണമുണ്ടോ?'; സി.പി.എമ്മിലെ കണ്ണൂർ ലോബിയുടെ ആധിപത്യത്തിനെതിരെ സംസ്ഥാന സമ്മേളനത്തിൽ ചോദ്യശരം
text_fieldsസി.പി.എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഇടവേളയിൽ അഷ്ടമുടിക്കായലിൽ ഹൗസ്ബോട്ട് യാത്രക്കുശേഷം കൊല്ലം ബോട്ട് ജെട്ടിയിൽ തിരിച്ചെത്തിയപ്പോൾ –അനസ് മുഹമ്മദ്
കൊല്ലം: സി.പി.എമ്മിനകത്തെ ശാക്തിക ചേരികളിൽ പ്രബലരായ കണ്ണൂർ ലോബിയുടെ ആധിപത്യത്തിനെതിരെ കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ചോദ്യശരം. പാർട്ടി അധികാര സ്ഥാനങ്ങളിൽ കണ്ണൂരിന് പ്രത്യേക സംവരണമുണ്ടോയെന്ന് പ്രതിനിധി സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് ചർച്ചക്കിടെ ഒരു അംഗം ചോദ്യമുയർത്തി. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷമായ വിമർശനമുയർന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ പ്രതിനിധികൾ പുകഴ്ത്തി. അതേസമയം, മറ്റു മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന് പലരും കുറ്റപ്പെടുത്തി.
പ്രതിപക്ഷം മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോൾ പ്രതിരോധിക്കാൻപോലും പി.എ. മുഹമ്മദ് റിയാസ് ഒഴികെ മന്ത്രിമാർ രംഗത്തുവന്നില്ലെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സമ്മേളനത്തിൽ കണ്ണൂർ ലോബിക്കെതിരെ ഉയർന്ന വിമർശനം മുമ്പുണ്ടായിട്ടില്ലാത്തതാണ്. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാന നിയമനങ്ങൾ എന്നിവ കണ്ണൂരുകാർക്ക് മാത്രമായി ലഭിച്ചത് ചൂണ്ടിക്കാട്ടി പത്തനംതിട്ടയിൽനിന്നുള്ള പ്രതിനിധി പി.ബി. ഹർഷകുമാർ ഇക്കാര്യം വിശദമായി പറഞ്ഞു.
പാർട്ടി സെക്രട്ടറിയെന്നനിലയിൽ എം.വി ഗോവിന്ദന്റെ പ്രതികരണങ്ങൾ പലപ്പോഴും പാളിയെന്നാണ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയ മറ്റൊരു വിമർശനം. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പെരുമാറ്റം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് പത്തനംതിട്ടയിൽനിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വ്യവസായവളർച്ചക്ക് പിന്നാലെ പോകുമ്പോൾ കയർ, നെയ്ത്, കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലക്ക് ഒന്നും നൽകുന്നില്ല.
പാർട്ടി കെട്ടിപ്പടുത്ത തൊഴിലാളികളെ മറക്കരുതെന്ന് കൊല്ലം ജില്ലയിൽനിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള എട്ടു മണിക്കൂർ ചർച്ചയിൽ 530 സമ്മേളന പ്രതിനിധികളിൽ 47 പേർ പങ്കെടുത്തു. എം.വി. ഗോവിന്ദന്റെ മറുപടിക്കുശേഷം റിപ്പോർട്ട് സമ്മേളനം ശനിയാഴ്ച അംഗീകരിക്കും.