സംസ്ഥാന സമ്മേളനത്തിൽ ചില മുഖങ്ങളില്ല; മാറിനിന്നതോ മാറ്റിനിർത്തിയതോ?
text_fieldsസി.പി.എം പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് സംസ്ഥാന സെക്രട്ടറി
എം.വി. ഗോവിന്ദന് ഹസ്തദാനം നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ചില മുഖങ്ങൾ കാണാത്തതോടെ, മാറിനിൽക്കുന്നതോ മാറ്റി നിർത്തിയതോ എന്ന ചോദ്യമുയരുന്നു. അതിൽ ഏറ്റവും പ്രധാനി സമ്മേളന സ്ഥലത്തെ പാർട്ടി എം.എൽ.എ കൂടിയായ എം. മുകേഷാണ്. കൊല്ലത്ത് ഒരുമാസം മുമ്പ് മുതൽ സമ്മേളന പരിപാടികൾ പലത് നടന്നെങ്കിലും അതിലൊന്നും മുകേഷിന്റെ മുഖം കണ്ടില്ല.
കൊല്ലം ആശ്രാമം മൈതാനിയിൽ ബുധനാഴ്ച പതാക ഉയർത്തിയപ്പോൾ പ്രതിനിധികളല്ലാത്തവരടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ ഒഴുകിയെത്തിയിരുന്നു, അവിടെയും സ്ഥലം എം.എൽ.എയെ കണ്ടില്ല. പിറ്റേന്ന്, പ്രതിനിധി സമ്മേളനം തുടങ്ങിയപ്പോൾ അവിടെയും അദ്ദേഹമുണ്ടായില്ല. വ്യക്തിപരമായ കാരണങ്ങളാൽ എറണാകുളത്താണെന്നാണ് അടുപ്പമുള്ളവരിൽനിന്ന് ലഭിച്ച മറുപടി. ലൈംഗികാരോപണക്കേസിൽ കുറ്റപത്രം ലഭിച്ചശേഷം മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്നെല്ലാം വിലക്കിയതായാണ് വിവരം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണിതെന്നാണ് സൂചന.
പാർട്ടി സമ്മേളനങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്ന കണ്ണൂരിലെ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയെയും സമ്മേളന നഗരിയിലെങ്ങും കാണാനായില്ല.
സമ്മേളന നഗരിയിൽ കാണാതിരുന്ന മറ്റൊരു പ്രമുഖൻ മുൻ മന്ത്രി ജി. സുധാകരനാണ്. കൊല്ലം സമ്മേളനത്തിലേക്ക് അതിഥിയായി പോലും അദ്ദേഹത്തിന് ക്ഷണമുണ്ടായില്ല. കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സുധാകരൻ 30 വർഷം മുമ്പ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടന്നപ്പോൾ സംഘാടക സമിതി ജോയന്റ് സെക്രട്ടറിയായിരുന്നു. 1978ൽ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എൻ. പത്മലോചനനെ വരെ തിരഞ്ഞുപിടിച്ച് സമ്മേളന നഗരിയിലെത്തിച്ച പാർട്ടിയാണ് സുധാകരനെ പ്രദേശത്തേക്കുപോലും അടുപ്പിക്കാതിരുന്നത്.