സംസ്ഥാന കമ്മിറ്റിയിലെയും സെക്രട്ടേറിയറ്റിലെയും നാലിലൊന്നു പേർ മാറും; നേതൃനിരയിലെ വനിത പ്രാതിനിധ്യം കൂടും
text_fieldsപ്രതിനിധി സമ്മേളനത്തിനെത്തിയ പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട്
കൊല്ലം: സി.പി.എം സംസ്ഥാന കമ്മിറ്റിയിലെയും സെക്രട്ടേറിയറ്റിലെയും നാലിലൊന്നു പേർ മാറും. പ്രായപരിധി, അനാരോഗ്യം എന്നിവയാണ് പലർക്കും വെല്ലുവിളി. നിലവിലെ 17 അംഗ സെക്രട്ടേറിയറ്റിലെ ഏക വനിതയും മുൻമന്ത്രിയുമായ പി.കെ. ശ്രീമതിയും തിരുവനന്തപുരത്തുനിന്നുള്ള ആനാവൂർ നാഗപ്പനും മുൻമന്ത്രി കൂടിയായ പാലക്കാട് നിന്നുള്ള എ.കെ. ബാലനും 75 വയസ്സ് പിന്നിട്ടവരാണ്. 79 കാരൻ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമേ കഴിഞ്ഞ തവണത്തെപോലെ ഇത്തവണയും ഇളവ് ലഭിക്കൂ എന്നാണ് വിവരം.
മേയിൽ 75 പൂർത്തിയാകുന്ന ഇ.പി. ജയരാജനെയും ജൂണിൽ 75 പൂർത്തിയാകുന്ന എൻ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെയും കമ്മിറ്റിയിൽ തുടരാൻ അനുവദിച്ചേക്കും.
കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കിയ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെതുടർന്നുള്ള ഒഴിവ് നികത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയില്ലാത്തതിൽ നിലവിലുള്ളവരെ ഒഴിവാക്കി മാത്രമേ പുതിയവരെ ഉൾപ്പെടുത്താനാവൂ. 17ൽ രണ്ടു പേരെങ്കിലും വനിതകളാവട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കൂടിയായ മുൻമന്ത്രി കെ.കെ. ശൈലജ, മുൻ എം.പിമാരായ അഡ്വ. പി. സതീദേവി, സി.എസ്. സുജാത എന്നിവർക്ക് സ്വാഭാവികമായി സെക്രട്ടേറിയറ്റിൽ പങ്കെടുക്കാമെന്നത് പരിഗണിച്ച് മാറ്റിനിർത്തിയാൽ ഡോ. ടി.എൻ. സീമ, കെ.എസ്. സലീഖ എന്നിവരെ പരിഗണിക്കാനാണ് സാധ്യത.
മന്ത്രി എം.ബി. രാജേഷ് സെക്രട്ടേറിയറ്റിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കണ്ണൂരിൽനിന്ന് എം.വി. ജയരാജൻ, പി. ശശി എന്നിവരിലൊരാളെയും ഉൾപ്പെടുത്തിയേക്കും.
88 അംഗ സംസ്ഥാന കമ്മിറ്റിയിൽനിന്ന് പ്രായം, അനാരോഗ്യം, സ്വന്തം താൽപര്യം എന്നീ കാരണങ്ങളാൽ 20 ഓളം പേരെയാണ് ഒഴിവാക്കിയേക്കുക. എ.കെ. ബാലൻ, പി.കെ. ശ്രീമതി, ആനാവൂർ നാഗപ്പൻ, പി. രാജേന്ദ്രൻ, എസ്. രാമചന്ദ്രൻ, കെ. വരദരാജൻ, എൻ.ആർ. ബാലൻ, പി. നന്ദകുമാർ, എം.വി. ബാലകൃഷ്ണൻ, എം.എം. വർഗീസ്, ഗോപി കോട്ടമുറിക്കൽ, കെ. ചന്ദ്രൻ പിള്ള, എസ്. ശർമ തുടങ്ങിയവരാണ് ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത് എന്നാണ് സൂചന. പകരമായി പുതിയ ജില്ല സെക്രട്ടറിമാരായ കെ.വി. അബ്ദുൽ ഖാദർ (തൃശൂർ), വി.പി. അനിൽകുമാർ (മലപ്പുറം), കെ. റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), എം. രാജഗോപാൽ (കാസർകോട്) എന്നിവർ കമ്മിറ്റിയിലെത്തും. മന്ത്രി ആർ. ബിന്ദു, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, ജെയ്ക്ക് സി. തോമസ്, എൻ. സുകന്യ, എസ്. ജയമോഹൻ, ടി.ആർ. രഘുനാഥ്, ജോർജ് മാത്യു, ഐ.ബി. സതീഷ്, എച്ച്. സലാം തുടങ്ങിയവരാണ് കമ്മിറ്റിയിലേക്ക് പരിഗണിക്കുന്ന മറ്റുള്ളവർ.