Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡി റെയ്ഡ്: അക്രമം...

ഇ.ഡി റെയ്ഡ്: അക്രമം നടത്തിയ മുഴുവൻ ആളുകളുടെയും പേരിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

കോഴി​ക്കോട്: ഇ.ഡി റെയ്ഡ് നടത്തിയ സാഹചര്യത്തിൽ അക്രമം നടത്തിയ മുഴുവൻ ആളുകളുടെയും പേരിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതിൽ പ്രതികളായിട്ടുള്ള കൂടുതൽ ആളുകളുടെ ചിത്രങ്ങൾ പൊലീസിന്റെ കയ്യിലുണ്ട്. ആളുകളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി ഉണ്ടാകും. നിയമം കൈയിലെടുക്കാൻ ഒരാളെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങൾക്ക് സ്വൈര്യജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണെന്നും ചെന്നിത്തല ഫേസ് ബുക്കിൽ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ 10- വർഷം കേരളം ഭരിച്ച ആളുകളാണ് ഇവിടെ ഈ സംഘർഷം ഉണ്ടാക്കുന്നത്. കേരളത്തിൽ കലാപം ഉണ്ടാക്കാൻ തിരുവനന്തപുരത്ത് സംഘർഷമുണ്ടാക്കാം എന്നാണ് കരുതുന്നതെങ്കിൽ അത് ഒരു കാരണവശാലും അനുവദിക്കുന്നതല്ലെന്നും ചെന്നിത്തല കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും വിവിധ കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടക്കുമെന്ന് ഒരു സൂചനയും കേരള സർക്കാരിനോ, പോലീസിനോ ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ചുള്ള ഒരു സൂചനയും റെയ്ഡ് തുടങ്ങിയ ശേഷവും നൽകിയിരുന്നില്ല. റെയ്ഡു നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ പ്രതിഷേധിക്കുന്നതറിഞ്ഞ് പോലീസ് സ്വമേധയാ എത്തുകയായിരുന്നു. പിണറായിയിലും കോഴിക്കോടും ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥന്മാർ പരിശോധന കഴിഞ്ഞ് തിരിച്ചു പോയി. എന്നാൽ തിരുവനന്തപുരത്ത് ആസൂത്രിതമായ ഒരു അക്രമമാണ് ഉണ്ടായത്. അവിടെയെങ്ങും ഉണ്ടാകാത്ത സംഘർഷം എങ്ങനെയാണ് തിരുവനന്തപുരത്ത് ഉണ്ടായത്?

തിരുവനന്തപുരത്ത് ബോധപൂർവ്വമായി അക്രമം നടത്തുക എന്ന ലക്ഷ്യം സിപിഎമ്മിന്നുണ്ടായിരുന്നു എന്നുവേണം കരുതാൻ. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള തലസ്ഥാനത്തെ എല്ലാ പ്രമുഖ നേതാക്കളും സമരത്തിൽ ഉണ്ടായിരുന്നു. പ്രതിഷേധം സമാധാനപരമെന്നും യാതൊരു വിധത്തിലുള്ള അക്രമങ്ങളും നടത്തില്ല എന്നും അവർ പൊലീസിന് ഉറപ്പ് നൽകിയിരുന്നു. അതിനു വിരുദ്ധമായാണ് ആക്രമണം നടന്നിരിക്കുന്നത്.

ആക്രമികളെ പാർട്ടി ഓഫീസിനുള്ളിൽ ഒളിപ്പിച്ചു സംരക്ഷിക്കാനാണ് അവർ ശ്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന പൊലീസിന്റെ നിശ്ചയദാർഢ്യവും കർശനമായ നിലപാടും മൂലം സംഭവം നടന്ന മണിക്കൂറിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കാൻ സിപിഎം നടത്തിയ ആസൂത്രിത ശ്രമത്തെ സംയമനത്തിൻ്റെയും കർശന നിലപാടിൻ്റെയും പാത സ്വീകരിച്ചാണ് പോലീസ് നിയന്ത്രിച്ചത്. അക്രമം നടത്തിയ മുഴുവൻ ആളുകളുടെയും പേരിൽ കടുത്ത നടപടി ഉണ്ടാകും. അതിൽ പ്രതികളായിട്ടുള്ള കൂടുതൽ ആളുകളുടെ ചിത്രങ്ങൾ പോലീസിന്റെ കയ്യിലുണ്ട്. ആളുകളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി ഉണ്ടാകും. നിയമം കൈയിലെടുക്കാൻ ഒരാളെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങൾക്ക് സ്വൈര്യജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണ്.

പ്രകടനം നടത്തുന്നതിന് ആരും എതിരല്ല. പ്രതിഷേധിക്കുന്നതിനും എതിരല്ല. എന്നാൽ , എല്ലാത്തിനും ഒരു പരിധിയുണ്ടാകണം. അന്വേഷിക്കാൻ വന്ന ഇഡി ഉദ്യോഗസ്ഥന്മാരെ ആക്രമിക്കുക, മൂന്ന് കാറുകൾ തല്ലി തകർക്കുക തുടങ്ങിയവയൊന്നും അംഗീകരിക്കാൻ കഴിയുന്നതല്ല. ഗൂഢാലോചനയാണ് തിരുവനന്തപുരത്ത് നടന്നത്. നിയമവാഴ്ച തകർക്കാനുള്ള നീക്കം കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്നു വരികയാണ്. ഒന്ന് യൂണിവേഴ്സിറ്റി യൂണിയനുമായി ബന്ധപ്പെട്ട കാര്യത്തിലും ഇപ്പോൾ ഇതും. കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച ആളുകളാണ് ഇവിടെ ഈ സംഘർഷം ഉണ്ടാക്കുന്നത്. കേരളത്തിൽ കലാപം ഉണ്ടാക്കാൻ തിരുവനന്തപുരത്ത് സംഘർഷമുണ്ടാക്കാം എന്നാണ് കരുതുന്നതെങ്കിൽ അത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

Show Full Article
TAGS:Ramesh Chennithala Pinarayi Vijayan ED raid 
News Summary - CPM violence: Ramesh Chennithala's Facebook post
Next Story