ഇ.ഡി റെയ്ഡ്: പാർട്ടിക്ക് പ്രഹരം, പിണറായിക്ക് ലൈഫ്ലൈൻ
text_fieldsതിരുവനന്തപുരം: മാസപ്പടി കേസിലെ അപ്രതീക്ഷിത ഇ.ഡി നീക്കം ഒരു വശത്ത് സി.പി.എമ്മിനെ അമ്പരപ്പിക്കുമ്പോഴും മറുവശത്ത് തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി വിചാരണ നേരിടുന്ന പിണറായി വിജയന് രാഷ്ട്രീയ സമാശ്വാസം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ കേന്ദ്ര അന്വേഷണ ഏജൻസി കടന്നുകയറി എന്നതാണ് സി.പി.എമ്മിനെ സംബന്ധിച്ച് സമാനതകളില്ലാത്ത പ്രഹരമാകുന്നത്. എന്നാൽ, ഭരണം നഷ്ടപ്പെട്ടതിന് കാരണക്കാരനെന്ന് ജില്ലകളിലും ഏരിയകളിലും പഴി കേട്ട പിണറായിയെ സംബന്ധിച്ച് രാഷ്ട്രീയമായ ‘സേഫ് സോൺ’ സൃഷ്ടിക്കാനും ആരോപണങ്ങളെ വകഞ്ഞുമാറ്റി, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കരുത്തനായി നിലയുറപ്പിക്കാനും വിവാദം വഴിതുറക്കും.
കേന്ദ്ര ഏജൻസിയുടെ നടപടിക്കെതിരെ രാഷ്ട്രീയ വേട്ടയാടൽ എന്ന നിലയിൽ സംസ്ഥാന വ്യാപകമായി പാർട്ടി സംവിധാനത്തെ ഒന്നാകെ തെരുവിലിറക്കാനായതും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആലസ്യത്തിലും നിരാശയിലുമായിരുന്ന സംഘടന സംവിധാനം സജീവമായതും ഇതിനോട് ചേർത്തുകാണണം. കമ്മിറ്റികളിൽ രൂക്ഷമായി വിമർശിച്ചവർ വരെ പിണറായിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച് കുത്തിയിരിക്കുന്നതിലേക്ക് വരെ സാഹചര്യങ്ങൾ വഴിമാറി.
പ്രതിപക്ഷ നേതൃസ്ഥാനം പിണറായിക്ക് നൽകിയതിനെതിരെ മുന്നണിയിലുയർന്ന അപശബ്ദങ്ങളും മുറുമുറുപ്പുകളും ഇതോടെ കെട്ടടങ്ങുമെന്ന സൂചനകളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ളത് എൽ.ഡി.എഫിന്റെ കേസല്ലെന്നും രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും കേസിലെ തെറ്റും ശരിയുമെല്ലാം കമ്പനി നിയമപ്രകാരം തീരുമാനിക്കപ്പെടണമെന്നും ഇതുവരെ പറഞ്ഞിരുന്ന സി.പി.ഐ, ‘റെയ്ഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്’ എന്ന നിലയിലേക്ക് നിലപാട് മാറ്റി.
അതേസമയം, സമുന്നതനായ നേതാവിന് വേണ്ടിയുള്ള പ്രതിഷേധവും പ്രതിരോധവും ആക്രമാസക്തമായത് ആന്റിക്ലൈമാക്സായി. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ട എന്ന ആഖ്യാനം കനം വെക്കും മുമ്പേ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം കടന്നാക്രമിച്ചുവെന്നതിലേക്ക് കാര്യങ്ങൾ വഴുതിമാറിയതാണ് സി.പി.എമ്മിന് കല്ലുകടിയാകുന്നത്. ഇ.ഡി നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഒരു വശത്ത് നടക്കുമ്പോൾ പൊലീസുമായുള്ള അനുനയ നീക്കങ്ങൾക്ക് പാർട്ടി നിർബന്ധിതമായി എന്നതാണ് സംഭവിച്ചത്. ഫലത്തിൽ പ്രതിഷേധങ്ങളിൽ നിന്ന് അനുനയത്തിലേക്കും വിവാദം തണുപ്പിക്കലിലേക്കും കാര്യങ്ങൾ മാറി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം എന്നതിനൊപ്പം രാഷ്ട്രീയ മാനങ്ങൾ കൂടി നിറഞ്ഞതാണ് തുടക്കം മുതൽ മാസപ്പടി കേസ്. ‘പിണറായിയുടെ മകളുടെ കമ്പനിക്കെതിരെയുള്ള കേസ്’ എന്ന നിലയിൽ പാർട്ടി സൂക്ഷ്മതയോടെയാണ് തുടക്കത്തിൽ സമീപിച്ചതെങ്കിലും പിന്നീടാണ് ലൈൻ മാറിയത്.
മകൾക്കെതിരായാണ് കേസ് എങ്കിലും ലക്ഷ്യമിടുന്നത് പിണറായിയെയും പാർട്ടിയെയുമെന്ന നിലയിൽ പിന്നീട് പാർട്ടി സംവിധാനം ഒന്നടങ്കം പ്രതിരോധവുമായി അണിനിരന്നു. പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരെയുള്ള കേസ് പാർട്ടി കയ്യൊഴിയുകയും പിണറായിയുടെ മകൾക്കെതിരായ കേസ് ഏറ്റെടുക്കുകയും ചെയ്തതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയപ്പോൾ രണ്ടും രണ്ടെന്നായിരുന്നു നിലപാട്. തെരഞ്ഞെടുപ്പുകൾക്ക് തൊട്ട് മുമ്പാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടൽ എന്നതിനാൽ ഇത് ഒത്തുകളിയാണെന്ന വിമർശനമാണ് അന്നത്തെ പ്രതിപക്ഷം ഉയർത്തിയിരുന്നത്. എന്നാൽ, ഭരണം മാറിയതോടെ ഇ.ഡി റെയ്ഡിന് പിന്നിൽ യു.ഡി.എഫ്-ബി.ജെ.പി ഡീൽ എന്ന സി.പി.എം ആരോപണങ്ങളിലേക്ക് മാസപ്പടികേസ് വളർന്നതും പുതിയ ചിത്രം.


