തില്ലങ്കേരിയിൽ മൂർച്ച കുറച്ച് സി.പി.എം
text_fieldsകണ്ണൂർ: ക്വട്ടേഷൻ സംഘത്തിനെതിരെ ആകാശ് തില്ലങ്കേരിയുടെ നാട്ടിൽ ചേർന്ന പൊതുയോഗത്തിൽ മൂർച്ച കുറഞ്ഞ വിമർശനവുമായി നേതൃത്വം. ആകാശിന്റെ നാടായ തില്ലങ്കേരിയിൽ ആകാശിനെ തള്ളിപ്പറയാൻ വിളിച്ചുചേർത്ത യോഗത്തിലാണ് നേതൃത്വം പരോക്ഷ വിമർശനം മാത്രം ഉന്നയിച്ചത്.
ആകാശിന്റെയും കൂട്ടരുടെയും സമൂഹമാധ്യമങ്ങളിലെ പാർട്ടിക്കെതിരായ പ്രതികരണങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് സി.പി.എം നേതൃത്വത്തിൽ പൊതുയോഗം ചേർന്നത്. എന്നാൽ, യോഗത്തിൽ സംസാരിച്ച എം.വി. ജയരാജനോ പി. ജയരാജനോ ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷവിമർശനം നടത്താൻ തയാറായില്ല. ജില്ല സെക്രട്ടറി എം.വി. ജയരാജൻ തില്ലങ്കേരിയിൽ കമ്യൂണിസ്റ്റുകാർക്കുനേരെ കോൺഗ്രസിന്റെ അതിക്രമങ്ങളെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. പാർട്ടി പോരാട്ടങ്ങളെയും രക്തസാക്ഷികളെയുംകുറിച്ച് ഏറെ സംസാരിച്ച ഇരുവരും ഒരുതവണ മാത്രമാണ് ആകാശിന്റെ പേര് പരാമർശിച്ചത്. ആകാശിനെയും കൂട്ടരെയും നിശിതമായി തള്ളിപ്പറയുന്നതോ താക്കീത് നൽകുന്നതോ ആയ പരാമർശങ്ങൾ ഇരുവരും പ്രസംഗങ്ങളിലെവിടെയും നടത്തിയിട്ടില്ല.
സാധാരണ രീതിയിൽ പാർട്ടിയെ ചോദ്യംചെയ്യുന്നവർക്കെതിരെയുള്ള പൊതുയോഗത്തിൽ കടുത്ത സ്വരത്തിലാണ് സി.പി.എം മറുപടി പറയാറ്. എന്നാൽ, തില്ലങ്കേരിയിൽ ആകാശിനുനേരെ അതുണ്ടായില്ല. ആകാശും സംഘവും ക്രിമിനലുകളാണെന്നും ഇവരുമായി യാതൊരു ബന്ധം വേണ്ടെന്നുമായിരുന്നു സംഘത്തെ തള്ളിയുള്ള പാർട്ടിയുടെ ഔദ്യോഗിക തീരുമാനം. എന്നാൽ, തള്ളിപ്പറഞ്ഞിട്ടും പൂർണമായും തള്ളാത്ത അവസ്ഥയാണ് തില്ലങ്കേരിയിൽ പാർട്ടി സ്വീകരിച്ചത്. ഇതിനുകാരണം ആകാശ് ഉൾപ്പെട്ട ഷുഹൈബ് വധക്കേസാണ്.
കേസിന്റെ വിചാരണ സമയത്ത് ആകാശ് മൊഴി മാറ്റുകയോ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയോ ചെയ്യുമെന്ന ഭയം പാർട്ടിക്കുണ്ട്. അത്തരത്തിൽ നീങ്ങിയാൽ പാർട്ടിക്ക് അത് ദോഷമാകും. കൂടുതൽ നേതാക്കൾ പ്രതിക്കൂട്ടിലുമാവും. കഴിഞ്ഞ ദിവസം മട്ടന്നൂരിലും ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചിരുന്നു.