സി.പി.ഒ റാങ്ക് ലിസ്റ്റ്: അട്ടിമറി ഒതുക്കി പി.എസ്.സി
text_fieldsതിരുവനന്തപുരം: ഉദ്യോഗാർഥികളുടെ ലോഗിൻ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയ സംഭവത്തിൽ വാർത്തയുടെ ഉറവിടം കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണവുമായി ഇറങ്ങിയ സർക്കാറും കേരള പബ്ലിക് സർവിസ് കമീഷനും, സി.പി.ഒ റാങ്ക് ലിസ്റ്റിൽ അനർഹരെ തിരുകിക്കയറ്റാൻ ശ്രമിച്ച പി.എസ്.സി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം വകുപ്പുതലത്തിലൊതുക്കി. റാങ്ക് ലിസ്റ്റ് അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ ഇടത് സംഘടന അനുഭാവികളും കമീഷൻ അംഗങ്ങളുടെ അടുപ്പക്കാരുമായതോടെയാണ് ആഭ്യന്തര വിജിലൻസിനെക്കൊണ്ടുപോലും അന്വേഷിപ്പിക്കാതെ അച്ചടക്ക നടപടികൾ ചെയർമാൻ എം.ആർ. ബൈജു ഫയലിൽ ഒതുക്കിയത്.
ശാരീരിക അളവെടുപ്പിൽ പരാജയപ്പെട്ട 12 ഉദ്യോഗാർഥികളെയാണ് കഴിഞ്ഞ ഏപ്രിലിൽ സി.പി.ഒ റാങ്ക് ലിസ്റ്റിലേക്ക് തിരുകിക്കയറ്റാനുള്ള ശ്രമം പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ പരാജയപ്പെട്ടവരെ റാങ്ക് ലിസ്റ്റിൽ കണ്ടതോടെ ഉദ്യോഗാർഥികളിൽ ചിലർ പരാതിയുമായി എത്തിയതോടെയാണ് അട്ടിമറിനീക്കം പുറത്തുവന്നത്. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കി മൂന്നുമാസത്തിന് ശേഷം കഴിഞ്ഞ ജൂലൈയിൽ തിരുത്തൽ വിജ്ഞാപനത്തിലൂടെ ഇവരെ പുറത്താക്കി തടിയൂരുകയായിരുന്നു പി.എസ്.സി.
കായികക്ഷമത പരീക്ഷയിൽ വിജയിക്കുകയും എന്നാൽ ശാരീരിക അളവെടുപ്പിൽ പരാജയപ്പെടുകയും ചെയ്ത 72 ഉദ്യോഗാർഥികളാണ് തങ്ങൾക്ക് വീണ്ടും അളവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പി.എസ്.സിക്ക് അപ്പീൽ നൽകിയത്.
അപ്പീലിനെതുടർന്ന് പി.എസ്.സി ആസ്ഥാനത്ത് പി.എസ്.സി കമീഷൻ അംഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു പുനരളവെടുപ്പ്. വിവിധ ദിവസങ്ങളിൽ നടന്ന ശാരീരിക അളവെടുപ്പിൽ 37 പേർ വിജയിച്ചപ്പോൾ 35 പേർ തോറ്റു. തോറ്റവരുടെ വിവരങ്ങൾ പ്രത്യേകമായി സീൽ ചെയ്താണ് കമീഷൻ അംഗം റാങ്ക് ലിസ്റ്റ് തയാറാക്കുന്ന വിഭാഗത്തിലേക്ക് നൽകിയത്.
ഓരോദിവസത്തെയും ശാരീരിക അളവെടുപ്പിൽ തോറ്റവരുടെയും വിജയിച്ചവരുടെയും വിവരങ്ങൾ സ്റ്റേറ്റ്മെന്റാക്കി പി.എസ്.സി സൈറ്റിൽ അടക്കം അപ്ലോഡ് ചെയ്യണമെന്ന് നിർദേശമുള്ളപ്പോൾ പരാജയപ്പെട്ട 35 പേരിൽ 12 പേരെ അന്തിമ റാങ്ക് ലിസ്റ്റിലേക്ക് തിരുകിക്കയറ്റുകയായിരുന്നു. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത പുറത്തുവിട്ടതോടെ ‘ക്ലറിക്കൽ മിസ്റ്റേക്ക്’ എന്നായിരുന്നു പി.എസ്.സിയുടെ വിശദീകരണം.
റാങ്ക് ലിസ്റ്റിലും പരീക്ഷയിലുമുണ്ടാകുന്ന ക്രമക്കേടുകൾ ആഭ്യന്തര വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കുകയും വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പി.എസ്.സി, ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ കമീഷനുള്ളിൽ തന്നെ അതൃപ്തി ശക്തമാണ്. 2019ൽ യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് പ്രതികൾ സി.പി.ഒ റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയത് പരീക്ഷ തിരിമറി നടത്തിയായിരുന്നുവെന്ന് കണ്ടെത്തിയത് പി.എസ്.സിയുടെ വിജിലൻസ് അന്വേഷണത്തിലൂടെയായിരുന്നു. ആ സാധ്യതയാണ് സ്വന്തക്കാർക്കായി പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിൽ ഒഴിവാക്കി കൊടുത്തതെന്നായിരുന്നു ഒരു വിഭാഗം കമീഷൻ അംഗങ്ങളുടെ ആരോപണം. കുറ്റക്കാർക്കെതിരെ ഉന്നതതല പൊലീസ് അന്വേഷണം അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ പുറംലോകമറിയുന്നത് പി.എസ്.സിയുടെ വിശ്വാസ്യതയെ തകർക്കുമെന്ന് മനസ്സിലാക്കി അഡീഷനൽ സെക്രട്ടറിയുടെ (റിക്രൂട്ട്മെന്റ്) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവം പി.എസ്.സി ആസ്ഥാനത്ത് ഒതുക്കിത്തീർക്കുകയായിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾപോലും നാളിതുവരെ വ്യക്തമാക്കാൻ അധികൃതർ തയാറായിട്ടില്ല. റാങ്ക് പട്ടികക്കെതിരെ പരാതിയുമായി പി.എസ്.സിയെ സമീപിച്ചവരുടെ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പി.എസ്.സിയോട് ആരാഞ്ഞെങ്കിലും ഇവരുടെ വിവരങ്ങളും നാളിതുവരെ കൈമാറിയിട്ടില്ല.