ഒമ്പത് വർഷത്തിനിടെ കേരളത്തിൽ 3070 കൊലപാതകങ്ങൾ
text_fieldsകോട്ടയം: സംസ്ഥാനത്ത് ചോരക്കളി അടങ്ങുന്നില്ല, കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നടന്നത് 3070 കൊലപാതകങ്ങൾ! ഗുണ്ടസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ, കുടുംബകലഹം, പ്രണയപ്പക, വാക്തർക്കങ്ങൾ, രാഷ്ട്രീയം, അന്ധവിശ്വാസം, സാമ്പത്തിക നേട്ടത്തിനായുള്ള കൊലപാതകങ്ങൾ ഉൾപ്പെടെ ഇതിൽപെടും.
ഗുണ്ടസംഘങ്ങളുടെ കുടിപ്പകയെടുത്തത് 18 ജീവനാണെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു. ലഹരി ഉപയോഗവും കൊലപാതകത്തിന് കാരണമാകുന്നെന്ന് വ്യക്തം. അതിനുപുറമെ, ബന്ധുക്കളെയും മാതാപിതാക്കളെയും ഉൾപ്പെടെ കൊലപ്പെടുത്തിയ സംഭവങ്ങളുമുണ്ട്. 2016 മേയ് മുതൽ 2025 മാർച്ച് 16 വരെയുള്ള കണക്കുകൾ പ്രകാരമാണ് 3070 പേർ കൊല്ലപ്പെട്ടത്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം രണ്ടരമാസത്തിനുള്ളിൽ കൊലപാതകങ്ങളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായതെന്ന് ക്രൈം റെക്കോഡ്സ് വിഭാഗം സൂചന നൽകുന്നു.
തിരുവനന്തപുരം റൂറൽ (287), പാലക്കാട് (233), എറണാകുളം റൂറൽ പൊലീസ് (219) ജില്ലകളിലാണ് ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്.
- ലഹരി ഉപയോഗം മൂലമുണ്ടായത് 52 കൊലപാതകം.
- ചില കേസുകളുടെ വിചാരണ നടപടികൾ നീളുകയാണ്.
- മറ്റ് പല കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു
- ശിക്ഷിക്കപ്പെട്ടത് 476 പേർ, പ്രതികളായ 78 പേർ ഇപ്പോഴും ഒളിവിൽ
- ആർക്കും ശിക്ഷയിളവ് നൽകിയിട്ടില്ല; 168 പേർക്ക് പരോൾ ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭിച്ചു.