വിമർശനം ലക്ഷ്യം കണ്ടു; നിലപാട് മയപ്പെടുത്തി പത്മകുമാർ
text_fieldsഎ. പത്മകുമാർ
പത്തനംതിട്ട: മന്ത്രി വീണ ജോർജിനെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിനെതിരായ പ്രതിഷേധത്തിൽ നിലപാട് മയപ്പെടുത്തി എ. പത്മകുമാർ. ബുധനാഴ്ചത്തെ സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ താൻ പങ്കെടുക്കുമെന്ന് പത്മകുമാർ പറഞ്ഞു. പരസ്യ പ്രതികരണത്തിന്റെ പേരിൽ അച്ചടക്ക നടപടി എന്തായാലും അത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഘടകത്തിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയി. തന്നെ വളർത്തിയെടുത്ത പ്രസ്ഥാനമാണ് സി.പി.എം. ബി.ജെ.പി നേതാക്കൾ തന്റെ വീട്ടിൽ വന്നത് മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയാണ്. ആ സമയം താൻ വീട്ടിൽ ഇല്ലായിരുന്നുവെന്നും പത്മകുമാർ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി രൂപവത്കരണത്തിന് പിന്നാലെ താടിക്ക് കൈകൊടുത്ത് ദുഃഖിതനായിരിക്കുന്ന ചിത്രവും ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്മകുമാർ പരസ്യ പ്രതിഷേധം വലിയ വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി ജില്ല സെക്രട്ടറി രാജു എബ്രഹാം പത്മകുമാറിനെ വീട്ടിലെത്തി കാണുകയും ചെയ്തു. പാർട്ടി വിടാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഈ അസാധാരണ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ആ നീക്കം ലക്ഷ്യം കണ്ടു എന്ന് വ്യക്തമാക്കുന്നതാണ് ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി കണ്ടതിന് പിന്നാലെയുള്ള പത്മകുമാറിന്റെ പ്രതികരണം.
എസ്.ഡി.പി.ഐയിൽ പോയാലും ബി.ജെ.പിയിൽ പോകില്ലെന്ന് പറഞ്ഞ പത്മകുമാർ, മരിക്കുമ്പോൾ നെഞ്ചിൽ ചെങ്കൊടി ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. 52 വർഷം പാർട്ടിയിൽ പ്രവർത്തന പാരമ്പര്യമുള്ള തന്നെ അവഗണിച്ച് ഒമ്പതുവർഷമായി പാർലമെന്ററി രംഗത്തുള്ള വീണ ജോർജിനെ ക്ഷണിതാവാക്കിയതിനെതിരായ പ്രതികരണം കേവലം വൈകാരിക പ്രകടനമെന്നതിനപ്പുറം വ്യക്തമായ ലക്ഷ്യത്തോടെ തന്നെയായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.
പാർട്ടിയെ കൈപ്പിടിയിലാക്കിയ നേതാക്കൾ താൽപര്യമുള്ളവർക്കു വേണ്ടി മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുകയും ഇഷ്ടമില്ലാത്തവരെ മാനദണ്ഡം പറഞ്ഞും അച്ചടക്കത്തിന്റെ വാൾ വീശിയും നിശ്ശബ്ദരാക്കുകയും ചെയ്യുന്ന സമീപനം ചർച്ചയാക്കുക തന്നെയായിരുന്നു പത്മകുമാറിന്റെ ലക്ഷ്യം. അത് നടന്നുകഴിഞ്ഞു.


