കുടിശ്ശിക കോടികൾ: ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റി ചികിത്സ നിർത്തലാക്കി ആശുപത്രികൾ
text_fieldsകോഴിക്കോട്: ഇ.എസ്.ഐ കോർപറേഷനിൽനിന്ന് ലഭിക്കാനുള്ള കുടിശ്ശിക കോടികൾ കടന്നതോടെ എംപാനൽ ചെയ്ത സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ ഇ.എസ്.ഐ പരിരക്ഷ നിർത്തലാക്കുന്നത് തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്ന പല സ്വകാര്യ ആശുപത്രികളും കരാറിൽനിന്ന് പിന്മാറി. തുടരുന്നവ ഉടൻ സേവനം അവസാനിപ്പിക്കുമെന്ന് കാണിച്ച് കത്ത് നൽകിയിരിക്കുകയാണ്. ഇതോടെ അർബുദം, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ തേടുന്നവർ മറ്റു വഴികൾ കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. മലബാർ മേഖലയിൽ ചികിത്സ ലഭ്യമാക്കാൻ കോർപറേഷനിൽ എംപാനൽ ചെയ്ത എം.വി.ആർ കാൻസർ സെന്റർ, ബേബി മെമ്മോറിയൽ തുടങ്ങിയ ആശുപത്രികൾ കരാറിൽനിന്ന് പിൻമാറി. മിംസ് ആശുപത്രി ഏപ്രിലിലോടെ പരിരക്ഷ നിർത്തുമെന്ന് കാണിച്ച് കോർപറേഷന് കത്ത് നൽകിയിട്ടുണ്ട്.
മാർച്ച് 31ന് അവസാനിപ്പിക്കുമെന്ന് കാണിച്ചാണ് ആദ്യം കത്ത് നൽകിയിരുന്നതെന്നും എന്നാൽ, ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന വൃക്കരോഗികൾക്കടക്കം സൗകര്യപ്രദമായ സ്ലോട്ട് കണ്ടെത്താൻ പ്രയാസം അറിയിച്ചതിനെത്തുടർന്നാണ് ഒരു മാസത്തേക്കുകൂടി നീട്ടിയതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മറ്റ് ജില്ലകളിലേയും സ്വകാര്യ ആശുപത്രികൾ ഇ.എസ്.ഐ പരിരക്ഷ പിൻവലിച്ചിരിക്കുകയാണ്. ഇത് തൊഴിലാളികളുടെ ചികിത്സ പ്രതിസന്ധിയിലാക്കുകയാണ്.