Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്റ്റംസിന്‍റെ നിർണായക...

കസ്റ്റംസിന്‍റെ നിർണായക അനുമതിയായി; സമ്പൂർണ തുറമുഖമാകാൻ വിഴിഞ്ഞം

text_fields
bookmark_border
https://www.madhyamam.com/tags/vizhinjam
cancel

തിരുവനന്തപുരം: കസ്റ്റംസിന്‍റെ നിർണായക അനുമതി ലഭിച്ചതോടെ കരവഴിയും ചരക്കുനീക്കം നടത്താനൊരുങ്ങി വിഴിഞ്ഞം. ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബ് മാത്രമായിരുന്ന തുറമുഖത്ത് നിന്നും ദേശീയപാത വഴി കണ്ടെയ്നറുകൾ കൊണ്ടുപോകാൻ ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നൽകിയിരുന്നു.

അതിനായുള്ള ട്രയൽ റണ്ണും നടന്നുകഴിഞ്ഞു. ആഗസ്റ്റ് 18ന് ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വിഴിഞ്ഞത്തെ സമ്പൂർണ കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും. നിലവിൽ വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിൽനിന്ന് കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിൽ എത്തിച്ചാണ് റോഡ്മാർഗം ചരക്കുനീക്കം നടന്നുവന്നത്. അടുത്തമാസം മുതൽ വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കൊണ്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങൾ മാറും.

ഷിപ്പിങ് കമ്പനികളും, ഏജന്‍റുമാരും ടെർമിനൽ ഓപറേറ്റർമാരും ഇതിനായി രജിസ്റ്റർ ചെയ്യണം. തുറമുഖത്ത് ഇറക്കുന്ന ചരക്കുകൾ 48 മണിക്കൂറിനുള്ളിൽ കൊണ്ടുപോകണമെന്ന് കസ്റ്റംസ് ഉത്തരവിൽ നിർദേശിക്കുന്നു. തുറമുഖ പ്രദേശത്തേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും വ്യക്തികളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനക്ക് വിധേയമായിരിക്കും. ചരക്കുകളുടെ കള്ളക്കടത്ത് തടയാനായി കർശന നിരീക്ഷണം ഉണ്ടാകുമെന്നും കസ്റ്റംസ് അനുമതി ഉത്തരവിൽ അറിയിച്ചു.

കസ്റ്റംസ് നിയമത്തിന്‍റെ അടിസ്ഥാനത്തിൽ എക്സ്പോർട്ട്/ ഇംപോർട്ട് കണ്ടെയ്നറുകൾ സ്കാനിങ്, പരിശോധന തുടങ്ങിയവയെല്ലാം നടത്തിയ ശേഷം മാത്രമേ ക്ലിയറൻസ് നൽകൂ. കാർഗോ പരിശോധനക്കുള്ള സൗകര്യങ്ങളെല്ലാം തുറമുഖം കൈകാര്യം ചെയ്യുന്ന അദാനി ഗ്രൂപ്പ് ഏർപ്പെടുത്തണമെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയിലെ തന്നെ ഏറെ തിരക്കുള്ള തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമെന്ന പ്രതീക്ഷയാണുള്ളത്.

രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം മാറുമ്പോൾ ഗതാഗതച്ചെലവ് കുറയുമെന്നും വിതരണശൃംഖല കൂടുതൽ ശക്തമാകുമെന്നുമാണ് പ്രതീക്ഷ. തുറമുഖത്തിന്‍റെ നേട്ടം നേരിട്ട് ലഭ്യമായിത്തുടങ്ങുമെന്ന കണക്കുകൂട്ടലുമുണ്ട്. ആഗസ്റ്റ് 18ന് മിഷൻ സമുദ്ര ബിസിനസ് ഉച്ചകോടിയും സംഘടിപ്പിക്കുന്നുണ്ട്. സമുദ്രവുമായി ബന്ധപ്പെട്ട നിക്ഷേപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചാണ് ഉച്ചകോടി നടത്തുന്നത്. ഇത് കൂടുതൽ നിക്ഷേപങ്ങൾക്ക് കാരണമാകുമെന്ന പ്രതീക്ഷയുമുണ്ട്. വിഴിഞ്ഞം പ്രവർത്തനം തുടങ്ങിയിട്ട് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കണ്ടെയ്നർ കൈകാര്യം ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന ശേഷി കൈവരിച്ചിട്ടുണ്ട്.

Show Full Article
TAGS:customs vizhinjam port Kerala 
News Summary - Customs, Port, Vizhinjam,
Next Story