സൈബർ തട്ടിപ്പ്; മുൻ പ്രവാസി ബിസിനസുകാരന് നഷ്ടമായത് 1.4 കോടി
text_fieldsവടകര: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമയുടെ വ്യാജ പേരിലുള്ള നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി പേരാമ്പ്ര സ്വദേശി മുൻ പ്രവാസി ബിസിനസുകാരന് നഷ്ടമായത് 1,41,08,585 രൂപ. സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ല സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2025 ജൂൺ മാസം മുതലാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ് ബുക്കിൽ കണ്ട കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമന്റെ നിക്ഷേപത്തെക്കുറിച്ചുള്ള വ്യാജ വീഡിയോ കണ്ട് 200 ഡോളർ (20,094 രൂപ) തട്ടിപ്പുകാർ നൽകിയ ലിങ്കിലൂടെ അയച്ചു നൽകുകയായിരുന്നു. പിന്നീട് കേപ്പ് പ്ളെയിസ് എന്ന പ്ലാറ്റ് ഫോമിലേക്ക് പരാതിക്കാരനെ ലോഗിൻ ചെയ്യിക്കുകയും ഷെയർ മാർക്കറ്റിലേക്ക് പണം നിക്ഷേപിപ്പിക്കുകയുമായിരുന്നു.
തുടക്കത്തിൽ ഏഴുലക്ഷം വരെ ലാഭം നൽകുകയും പണം പിൻവലിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. വിശ്വാസം പിടിച്ചുപറ്റിയ ശേഷം കൂടുതൽ പണം നിക്ഷേപിപ്പിക്കുകയായിരുന്നു. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പോർട്ട് ഫോളിയോ നഷ്ടത്തിലാണെന്നും ലാഭത്തിൽ ആയാൽ മാത്രമേ മാത്രമേ പണം പിൻവലിക്കാൻ കഴിയുമെന്നും പറയുകയുമുണ്ടായി. പോർട്ട് ഫോളിയോ ലാഭത്തിൽ ആക്കാൻ തട്ടിപ്പുകാർ കുറച്ചുപണം കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം പരാതിക്കാരൻ വീണ്ടും നിക്ഷേപിക്കുകയുണ്ടായി. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം മുഴുവനായും നഷ്ടപ്പെടുകയായിരുന്നു.



