Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് എയ്ഡഡ്...

കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ ദർസ് വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു

text_fields
bookmark_border
കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ ദർസ് വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു
cancel

കൊല്ലം: ശാസ്താംകോട്ടയിൽ എയ്ഡഡ് സ്കൂളിൽ ചേരാനെത്തിയ ദർസിലേത് ഉൾപ്പെടെയുള്ള മുസ്‍ലിം വിദ്യാർഥികൾക്ക് അഡ്മിഷൻ നിഷേധിച്ചുവെന്ന് പരാതി. ഡോക്ടർ സി.ടി ഈപ്പൻ മെമ്മോറിയൽ എച്ച്.എസിലെ പ്രധാനാധ്യാപികക്കെതിരെയാണ് പരാതി. വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ 22 കുട്ടികൾ ഉൾപ്പെടെ മുപ്പതോളം വിദ്യാർഥികൾക്കാണ് പ്രവേശനം നിഷേധിച്ചത്. കുട്ടികളുടെ എണ്ണക്കുറവ് കാരണം അതേ സ്കൂളിലെ താൽക്കാലിക അധ്യാപികയുടെ സ്വാധീനത്തിൽ മറ്റ് സ്കൂളുകളിൽനിന്ന് ടി.സി വാങ്ങി എത്തിച്ച വിദ്യാർഥികൾക്കാണ് ദുരനുഭവം. അധ്യാപിക ജിജി രാജനും പി.ടി.എ വൈസ് പ്രസിഡന്‍റും ഇതുസംബന്ധിച്ച് ഡി.ഇ.ഒക്ക് പരാതി നൽകി. കൊട്ടാരക്കര ഡി.ഇ.ഒ പ്രധാനാധ്യാപികയോട് വിശദീകരണം തേടുകയും താക്കീത് നൽകുകയും ചെയ്തു.

വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ അധ്യാപകർ ഗൃഹസന്ദർശനം ഉൾപ്പെടെ നടത്തിയാണ് കുട്ടികളെ കണ്ടെത്തി ഇവിടെ എത്തിച്ചതെന്ന് അധ്യാപിക ജിജി രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ജൂൺ ഒന്നിന് പ്രവേശനോത്സവ ദിനത്തിലാണ് വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം എത്തിയത്. ചക്കുവള്ളിയിലെ ദർസിൽ മതപഠനം നടത്തുന്ന 22 വിദ്യാർഥികൾ അവിടെ അവർ ധരിക്കുന്ന വസ്ത്രമിട്ട് കൂട്ടമായി എത്തിയത് കണ്ടപ്പോൾ തന്നെ പ്രവേശനോത്സവ ചടങ്ങിനിടെ പ്രധാനാധ്യാപിക ബെസി ജോൺ അസ്വസ്ഥയാകുന്നത് കണ്ടതായി പി.ടി.എ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ പറഞ്ഞു. അഡ്മിഷൻ കാര്യം സംസാരിക്കുന്നതിനിടെ മതവസ്ത്രം ധരിച്ച് സ്കൂളിൽ വരാൻ പറ്റില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞപ്പോൾ യൂനിഫോം തയിച്ച് കഴിയുമ്പോൾ അത് ധരിക്കാമെന്ന് രക്ഷിതാക്കൾ മറുപടി നൽകി.

എല്ലാ ദിവസവും ക്ലാസിൽ വരുമോ എന്ന ചോദ്യത്തിന് ചില വെള്ളിയാഴ്ചകളിൽ എത്താൻ പ്രയാസമായിരിക്കുമെന്ന് ഒരു രക്ഷിതാവ് മറുപടി പറഞ്ഞതോടെ അതിൽ പിടിച്ച് ആക്ഷേപം തുടങ്ങി. അങ്ങനെയുള്ള കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ പറ്റില്ലെന്ന് പറയുകയും പലതരത്തിൽ അപമാനിച്ച് സംസാരിച്ച് പറഞ്ഞയക്കുകയുമാണ് ചെയ്തതെന്ന് ജിജി രാജൻ ചൂണ്ടിക്കാട്ടി. തനിക്ക് ജോലി നഷ്ടമാകുമെന്നും അതിനാൽ കുട്ടികൾക്ക് പ്രവേശനം നൽകണമെന്നും യാചിച്ച് പറഞ്ഞിട്ടും പ്രധാനാധ്യാപിക ചെവികൊണ്ടില്ലെന്നും ജിജി ഡി.ഇ.ഒക്ക് നൽകിയ പരാതിയിൽ പറയുന്നു. ഹെഡ്മിസ്ട്രസിന്റെ ഭാഗത്തുനിന്ന് മുമ്പും സമാന പെരുമാറ്റം ഉണ്ടായതായി മറ്റ് അധ്യാപകർക്കും പരാതിയുണ്ട്. സ്കൂൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞതോടെ വിദ്യാർഥികൾ മറ്റ് സ്കൂളുകളിൽ അഡ്മിഷൻ എടുത്തു. ഇതോടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് താൽക്കാലിക അധ്യാപിക.

അതേസമയം, കുട്ടികൾ അഡ്മിഷൻ എടുക്കാൻ വന്നിരുന്നുവെന്നത് സത്യമാണെങ്കിലും അവർ സ്വയം തന്നെ അഡ്മിഷൻ എടുക്കാതെ തിരികെ പോയതാണന്നും ഇത് സംബന്ധിച്ച് ഡി.ഇ.ഒക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും സ്കൂൾ മാനേജർ ഫാദർ ബഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, പ്രധാനധ്യാപിക പ്രതികരിക്കാൻ തയാറായില്ല.

Show Full Article
TAGS:kollamnews school admission denied Religious student 
News Summary - Dars students denied admission in aided school in Kollam
Next Story