അച്ഛന്‍റെ മരണകാരണം തേടി പെൺമക്കൾ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ; വിവരാവകാശ അപേക്ഷ നൽകി
text_fieldsമരിച്ച അശോക് കുമാർ
പത്തനാപുരം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഷണ്ടിങ്ങിനിടെ തലയിലൂടെ ബസ് കയറിയിറങ്ങി ഒരാൾ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. തിരുവനന്തപുരം പാലോട് തടത്തരികത്തു വീട്ടിൽ അശോക് കുമാർ (56) ആണ് മരിച്ചത്. സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ്, പരിശോധനക്കായി റോഡിലേക്ക് ഇട്ട ശേഷം ഡ്രൈവർ തിരികെ സ്റ്റാൻഡിലെത്തിയപ്പോൾ തല ചതഞ്ഞരഞ്ഞ് ഒരാൾ മരിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടത്.
ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ മൊഴി രേഖപെടുത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യവും പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിൽ ഒരാൾ ബസിന് അടുത്തേക്ക് പോകുന്നത് കാണാം. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. സംഭവം നടന്ന ഭാഗത്തെ സി.സി.ടി.വി. പ്രവർത്തനരഹിതമാണെന്നാണ് ഡിപ്പോ അധികൃതർ നൽകുന്ന വിശദീകരണം.
മക്കൾ വിവരാവകാശ അപേക്ഷ സമർപ്പിക്കുന്നു
ഇതാണ് സംഭവത്തിൽ വീട്ടുകാർക്ക് സംശയം തോന്നാൻ കാരണവും. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും അശോക് കുമാറിന്റെ മരണം എങ്ങനെ സംഭവിച്ചതെന്ന് അറിയിക്കാൻ ആരും തയാറായില്ല. ഇതേതുടർന്നാണ് അശോക് കുമാറിന്റെ മക്കൾ വിവരാവകാശ നിയമപ്രകാരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തി എ.ടി.ഒക്ക് അപേക്ഷ നൽകിയത്.
മക്കളായ ആതിര, അഞ്ജു, ആര്യ എന്നിവരാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. സാജുഖാൻ, ഫാറൂഖ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ എ.ടി.ഒക്ക് അപേക്ഷ നൽകിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പത്തനാപുരം പൊലീസിൽ പരാതി നൽകിയ ശേഷമാണ് ഇവർ ഡിപ്പോയിൽ എത്തിയത്.
അതേസമയം, അശോക് കുമാറിന്റെ മരണം ആത്മഹത്യയാണെന്ന വാദത്തിലാണ് പൊലീസും കെ.എസ്.ആർ.ടി.സി. അധികൃതരും. എന്നാൽ, അച്ഛന് ആത്മഹത്യ ചെയാനുള്ള സാധ്യത ഇല്ലെന്നാണ് മക്കൾ പറയുന്നത്. വർഷങ്ങളായി പത്തനാപുരത്ത് വീട് നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ട് വരികയായിരുന്നു അശോക് കുമാർ.