കോവിഡ് പരിശോധനക്കയച്ച ആ പൂച്ചയുടെ ജഡം ഇപ്പോഴും അമേരിക്കയിലെ സി.ഡി.സി സെന്ററിൽ
text_fieldsകാസർകോട്: കേവിഡ് മൂർധന്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചത്ത പൂച്ചയുടെ ജഡം പരിശോധന നടത്താതെ ഇപ്പോഴും അമേരിക്കയിലെ സി.ഡി.സി സെന്ററിൽ. ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾ മാത്രം ഉണ്ടായിരുന്ന സമയത്ത് ചത്ത പൂച്ച അന്ന് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മുന്ത്രിക്കുവരെ പരാതിപോയ സംഭവം ഏറെ തലവേദന സൃഷ്ടിക്കുകയും ചെയ്തു.
മന്ത്രി ഓഫിസിൽനിന്ന് ചോദ്യം വന്നപ്പോൾ ജനറൽ ആശുപത്രി അധികൃതർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ജില്ല വെറ്ററിനറി ഓഫിസിന്റെ പരിധിയിലെ എ.ബി.സി സെന്ററിൽ പൂച്ചകളെ കൊണ്ടുചെന്നാക്കി. എന്നാൽ കോവിഡ് പരിശോധനക്ക് അവിടെ സൗകര്യമില്ലാത്തതിനാൽ അമേരിക്കയിലെ സി.ഡി.സിയിലേക്ക് (സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ) അയക്കാൻ തീരുമാനമായി.
പൂച്ച ചത്തത് വിവാദമായിരുന്നുവെങ്കിലും അമേരിക്കയിലേക്ക് അയച്ചതും ഫലംവരാത്തുമായ കാര്യം പുറത്തുവന്നിരിക്കുന്നത് ഇപ്പോഴാണ്. ജില്ല ഇൻഫോർമേഷൻ ഓഫിസ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് അനുഭവകുറിപ്പ് മത്സരം സംഘടിപ്പിച്ചിരുന്നു. ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് കാസർകോട് ജനറൽ ആശുപത്രയിലെ ശ്വാസകോശരോഗ വിഭാഗത്തിലെ എഴുത്തുകാരൻ കൂടിയായ ഡോ. എ.എ. അബ്ദുൽ സത്താറിനാണ്. പൂച്ച ചത്തപ്പോൾ ഉണ്ടായ കൗതുക അനുഭവത്തിനാണ് ഒന്നാം സമ്മാനം നേടിയത്.
ഡോ. എ.എ. അബ്ദുൽ സത്താർ
അനുഭവക്കുറിപ്പ് ഇങ്ങനെ:
2019 ന്റെ അവസാനത്തിലാണ് കോവിഡ് 19 എന്ന മഹാമാരി വന്നുപെട്ടത്. കാസർകോട്ടാദ്യമായി ഒരു കോവിഡ് രോഗിയെ ചികിത്സിച്ചത് ജില്ല ആശുപത്രിയിലായിരുന്നു. പിന്നീടങ്ങോട്ട് കോവിഡ് 19 വൈറസ് ബാധിച്ച രോഗികളുടെ ഒഴുക്കായിരുന്നു. കാസർകോട് ജനറൽ ആശുപത്രി കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുത്രിയായി മാറി. കർഫ്യൂ പോലെയുള്ള അന്തരീക്ഷം. വാർഡുകൾ മുഴുവൻ രോഗികൾ. പക്ഷേ പൂച്ചകൾക്കും നായ്ക്കൾക്കും ഈ നിയമം ബാധകമായിരുന്നില്ല. അവറ്റകൾ സ്വൈര വിഹാരം തുടർന്നു കൊണ്ടേയിരുന്നു. ഭക്ഷണം കിട്ടാതായപ്പോൾ വിശപ്പിന്റെ വിലയറിഞ്ഞു. അവ പുതിയ വഴികൾ കണ്ടെത്തി. ഒളിഞ്ഞും പതുങ്ങിയും ഒറ്റയായും കൂട്ടമായും പൂച്ചകൾ മൃഷ്ടാന്ന ഭോജനത്തിനായി വാർഡുകളിലെ ചവറ്റുകൊട്ടയിലേക്കെത്തി തുടങ്ങി. അവയ്ക്കറിയില്ലല്ലോ കോവിഡ് 19 വൈറസിനെ കുറിച്ചും ക്വാറന്റീനിനെകുറിച്ചും. ഏതോ ഒരാൾ പൂച്ചകളുടെ പടമെടുത്ത് നവ മാധ്യമങ്ങളിൽ വിതറി. സാധാരണക്കാരന്റെ അത്താണിയായിരുന്ന ധർമാശുപത്രി അന്തിചർച്ചകളിലും പത്രമാധ്യമങ്ങളിലും ആഘോഷിക്കപ്പെട്ടു. ജനറൽ ആശുപത്രിയിലെ പൂച്ചകൾ കോവിഡ് കാലത്ത് താരമായി. പാവങ്ങളായ പൂച്ചകൾ സംഭവ ബഹുലമായ കഥകളൊന്നും അറിഞ്ഞതേയില്ല. അവകളുടെ പട്ടിണി മാറ്റാൻ ആശുപത്രി വാർഡുകൾ തന്നെയായിരുന്നു ശരണം. ഈ വിവരമറിഞ്ഞ വകുപ്പുമന്ത്രി ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്ലായ്മ സൂചിപ്പിച്ചു നേരിട്ടു വിളിച്ചു. സൂപ്രണ്ടെന്തു ചെയ്യാൻ? എന്നിരുന്നാലും സൂപ്രണ്ട് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. പൂച്ചകളെ നിയന്ത്രിക്കാനുള്ള ഏർപ്പാടാക്കി. മൃഗാശുപത്രി അധികൃതർ അവയെ പിടിച്ചു കൊണ്ട് പോയി. അന്നു മുതൽ പൂച്ചകളുടെ സങ്കേതം റെയിവേ സ്റ്റേഷൻ റോഡിലുള്ള മൃഗങ്ങളുടെ പ്രജനന നിയന്ത്രണ കേന്ദ്രത്തിലായി (എ.ബി.സി. സെന്റർ). തള്ളയും പിള്ളയുമായി പൂച്ചകളുടെ ഒരു വലിയ കുടുംബം തന്നെയുണ്ടായിരുന്നു. നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൂട്ടത്തിലൊരു പൂച്ചക്കുഞ്ഞ് ഭക്ഷണം കിട്ടാതെ ചത്തുപോയി. പൂച്ചകൾ വീണ്ടും ചർച്ചയായി. പൂച്ച ചത്തത് കോവിഡു മൂലമാണോ അല്ലയോ? ഇന്ത്യയിലൊരിടത്തും മൃഗങ്ങളിലെ കോവിഡ് ബാധ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഇനി എന്ത് ചെയ്യും. വിദഗ്ധാഭിപ്രായം ലഭ്യമായി. പൂച്ചയുടെ ഭൗതിക ശരീരം അമേരിക്കയിലെ സി.ഡി.സിയിലേക്കയക്കാൻ തീരുമാനമായി. അങ്ങനെ കാസർക്കോട്ടെ ജനറൽ ആശുപത്രിയിലെ പൂച്ചക്കുഞ്ഞിന്റെ ഭൗതിക ശരീരം എല്ലാ സന്നാഹങ്ങളോടും കൂടി സി.ഡി.സിയിലേക്കയച്ചു. അത് ഇപ്പോഴും അമേരിക്കയിലെ പ്രശസ്തമായ സി.ഡി.സിയിൽ അന്ത്യവിശ്രമം കൊള്ളുകയാണ്....