Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദീ, നിങ്ങൾ രാജി...

മോദീ, നിങ്ങൾ രാജി സ്വീകരിച്ചു തുടങ്ങിയ സ്ഥിതിക്ക് എന്റെ കൂടി സ്വീകരിക്കൂ, വർഷം ഏഴായി -കണ്ണൻ ​ഗോപിനാഥൻ

text_fields
bookmark_border
മോദീ, നിങ്ങൾ രാജി സ്വീകരിച്ചു തുടങ്ങിയ സ്ഥിതിക്ക് എന്റെ കൂടി സ്വീകരിക്കൂ, വർഷം ഏഴായി -കണ്ണൻ ​ഗോപിനാഥൻ
cancel

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയുടെ പശ്ചാത്തലത്തിൽ തന്റെ രാജിക്കാര്യം കൂടി പ്രധാനമന്ത്രിയെ ഓർമിപ്പിച്ച് മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. താൻ രാജി സമർപ്പിച്ച് ഏഴുവർഷമായിട്ടും രാജി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഫേസ്ബുക് കുറിപ്പുമായി അദ്ദേഹം രംഗത്തുവന്നത്.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദീ, നിങ്ങൾ രാജി സ്വീകരിച്ചു തുടങ്ങിയ സ്ഥിതിക്ക്, ദയവായി എന്റെ രാജി കൂടി സ്വീകരിക്കൂ. 7 വർഷമായി!!’ -എന്നായിരുന്നു കണ്ണന്റെ കുറിപ്പ്.

കശ്മീരിലെ ജനങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി 2019ലാണ് കണ്ണൻ ഗോപിനാഥൻ ഐ.എ.എസ് പദവിയിൽനിന്ന് രാജിവെച്ചത്. എന്നാൽ, ഇത്രകാലമായിട്ടും രാജി സ്വീകരിക്കാതെ കേന്ദ്ര സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. 2012 ബാച്ച് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനെതിരെയുള്ള കേന്ദ്രത്തിന്റെ നീക്കം പകപോക്കലാണെന്നും കണ്ണൻ കുറ്റപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, രാജി സ്വീകരിക്കാത്തത് സാങ്കേതിക തടസ്സമായതോടെ ഈ വഴി അടഞ്ഞു.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച 1958ലെ ചട്ടങ്ങൾ പ്രകാരം, ഒരു ഉദ്യോഗസ്ഥൻ രാജി സമർപ്പിച്ചാൽ അത് ഉടൻ സ്വീകരിക്കണമെന്നോ നിരസിക്കണമെന്നോ ഉള്ള കൃത്യമായ സമയപരിധി നിയമത്തിൽ പറയുന്നില്ല. സാധാരണഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത്. കണ്ണൻ ഗോപിനാഥ് അരുണാചൽ പ്രദേശ്-ഗോവ-മിസോറാം-യൂനിയൻ ടെറിട്ടറീസ് കേഡറിലായതിനാൽ അദ്ദേഹത്തിന്റെ ഫയൽ നിലവിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം, രാജി അംഗീകരിക്കുന്നത് വരെ അദ്ദേഹം ഒരു സർക്കാർ ജീവനക്കാരനായി തുടരും. 2014ൽ ഭേദഗതി ചെയ്ത പെരുമാറ്റച്ചട്ടങ്ങൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണം. നിലവിൽ കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കുന്ന കണ്ണൻ ഗോപിനാഥൻ, സാങ്കേതികമായി ഇപ്പോഴും സർവിസിലുള്ള ആളാണ്.

കണ്ണൻ ഗോപിനാഥ് രാജി നൽകിയതിന് പിന്നാലെ കേന്ദ്ര സർക്കാർ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിരുന്നു. അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തിന് ചാർജ്ഷീറ്റ് നൽകുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. 2020ൽ കോവിഡ് കാലത്ത് ജോലിക്ക് ഹാജരാകാൻ സർക്കാർ നിർദേശിച്ചിട്ടും അത് നിരസിച്ചതിന് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം അന്വേഷണങ്ങളോ കേസുകളോ നിലവിലുണ്ടെങ്കിൽ രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ട്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അനുമതിയില്ലാതെ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ രാജി അംഗീകരിക്കാറില്ല എന്നതാണ് കീഴ്വഴക്കം.

മുമ്പ്, കശ്മീർ വിഷയത്തിൽ തന്നെ രാജി നൽകിയ ഷാ ഫൈസൽ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പിന്നീട് രാഷ്ട്രീയത്തിൽ പരാജയപ്പെട്ട് സർവിസിലേക്ക് മടങ്ങിയ ചരിത്രമുണ്ട്. ഷാ ഫൈസലിന്റെ രാജി വർഷങ്ങളോളം തീർപ്പാക്കാതെ ഇരുന്നതിനാൽ അദ്ദേഹത്തിന് തിരികെ വരാൻ എളുപ്പമായി. എന്നാൽ, കണ്ണൻ ഗോപിനാഥന്റെ കാര്യത്തിൽ സർക്കാർ വിപരീത നിലപാടാണ് സ്വീകരിക്കുന്നത്. രാജി അംഗീകരിക്കാത്തതിലൂടെ സർവിസിലേക്കും രാഷ്ട്രീയത്തിലേക്കും കടക്കാനാവാത്ത വിധം അദ്ദേഹത്തെ വഴിമുട്ടിയ അവസ്ഥയിൽ നിർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ഇത് പച്ചയായ വേട്ടയാടലെന്ന് കണ്ണൻ ഗോപിനാഥ് തുറന്നടിച്ചിരുന്നു.

ആർ.ടി.ഐ കണക്കുകൾ പ്രകാരം 2010ന് ശേഷം 31 ഐ.എ.എസ് ഉദ്യോഗസ്ഥർ രാജിവെച്ചിട്ടുണ്ട്. ഇതിൽ പലരും ബി.ജെ.പിയിലും മറ്റു പാർട്ടികളിലും ചേർന്ന് മന്ത്രിമാരാകുകയും ചെയ്തു. ഒ.പി ചൗധരി, അശ്വിനി വൈഷ്ണവ് തുടങ്ങിയവർ ഇതിന് ഉദാഹരണങ്ങളാണ്.

Show Full Article
TAGS:kannan gopinathan resignation ias officer Narendra Modi 
News Summary - Dear PM Narendra Modi, please accept my resignations -kannan gopinathan
Next Story