വയനാട് ഡി.സി.സി ട്രഷററുടെ ആത്മഹത്യ; നേതൃമാറ്റത്തിലൂടെ രോഷം തണുപ്പിക്കാൻ കോൺഗ്രസ്
text_fieldsകൽപറ്റ: നേതാക്കളുടെ പേരുകളടക്കം എഴുതിവെച്ച് വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയനും ഇളയമകൻ ജിജേഷും ആത്മഹത്യ ചെയ്ത സംഭവത്തോടെ പ്രതിസന്ധിയിലായ കോൺഗ്രസ്, നേതൃമാറ്റത്തിലൂടെ രോഷം തണുപ്പിക്കാൻ നീക്കം. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയ നേതാക്കൾ തന്നെ ഇടനിലക്കാരനാക്കി സഹകരണബാങ്ക് നിയമനത്തിന് ലക്ഷങ്ങൾ വാങ്ങിയെന്നും തുടർന്ന് താൻ കടക്കാരനായി എന്നുമാണ് വിജയന്റെ ആത്മഹത്യ കുറിപ്പിലുള്ളത്. എൻ.ഡി. അപ്പച്ചനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം സജീവമാണ്.
ജനുവരി 15വരെ എം.എൽ.എയെ അറസ്റ്റ് ചെയ്യരുതെന്ന് കൽപറ്റ ഡിസ്ട്രിക്ട് ആൻഡ് പ്രിൻസിപ്പൽ സെഷൻസ് കോടതി സുൽത്താൻ ബത്തേരി പൊലീസിന് വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വയനാട്ടിൽ എത്തിയിട്ടില്ല. കർണാടകയിലാണുള്ളതെന്നും ഉടൻ എത്തുമെന്നുമാണ് എം.എൽ.എയുടെ വിഡിയോ സന്ദേശത്തിലുള്ളത്. രാജിയാവശ്യപ്പെട്ട് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സമരം ശക്തമാക്കിയതിനാൽ പ്രതിഷേധം ഭയന്നാണ് ജില്ലയിൽ എത്താത്തതെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വോട്ടർമാരുടെ വീടുകളിൽ അടക്കം നേരിട്ട് ചെന്ന പ്രിയങ്ക ഗാന്ധി എം.പി, വിജയന്റെ മരണത്തിൽ പ്രതികരിക്കാത്തതും ഇടതുപക്ഷം ചർച്ചയാക്കുന്നുണ്ട്. ഇത് പ്രിയങ്ക ഗാന്ധിക്കെതിരായ പ്രതിഷേധമായി വളരുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ഡി.സി.സി പ്രസിഡന്റിനെ മാറ്റി പ്രതിഷേധം തണുപ്പിക്കുകയാണ് ലക്ഷ്യം. നേതൃമാറ്റം ആവശ്യപ്പെട്ട് ചില ഡി.സി.സി സെക്രട്ടറിമാർ കെ.പി.സി.സിയെ സമീപിച്ചിട്ടുണ്ട്. വയനാടിന്റെ ചുമതലയുള്ള പേരാവൂർ എം.എൽ.എ സണ്ണി ജോസഫിന് ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകാനാണ് ആലോചന.
എന്നാൽ, അങ്ങനെ വന്നാൽ കൽപറ്റ എം.എൽ.എ, വയനാട് എം.പി, ഡി.സി.സി പ്രസിഡന്റ് എന്നിവരൊക്കെ ജില്ലയുടെ പുറത്തുള്ളവരാകും. എതിരാളികൾ ഇതും ആയുധമാക്കുമെന്നതിനാൽ കൽപറ്റ നഗരസഭ ചെയർമാൻ ടി.ജെ. ഐസക്കിന്റെയും മുൻ ഡി.സി.സി പ്രസിഡന്റ് കെ.എൽ. പൗലോസിന്റെയും പേരുകളും ഉയരുന്നുണ്ട്. ഐ.എൻ.ടി.യു.സി കലക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിങ്കളാഴ്ച ജില്ലയിലെത്തുന്നുണ്ട്. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കളുടെ യോഗം വി.ഡി. സതീശൻ വിളിക്കുന്നുണ്ടെന്നും അറിയുന്നു.
അതേസമയം, സി.പി.എം മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ രാജിവെക്കില്ല. 15നാണ് എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കൽപറ്റ കോടതി വിശദവാദം കേൾക്കുന്നത്. മുൻകൂർ ജാമ്യം കിട്ടുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ, സുൽത്താൻ ബത്തേരി പൊലീസ് ചുമത്തിയ ആത്മഹത്യ പ്രേരണകുറ്റം ജാമ്യം കിട്ടാത്ത വകുപ്പാണ്. ഇതിനാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റുണ്ടാകുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്.