ഉമ്മക്കു പിന്നാലെ ഹൈസമും യാത്രയായി; ബേഗൂർ അപകടത്തിൽ മരണം മൂന്നായി
text_fieldsമൈസൂരു/കൽപറ്റ: ഉമ്മക്കു പിന്നാലെ കുഞ്ഞുഹൈസമും മരണത്തിന് കീഴടങ്ങിയതോടെ ശനിയാഴ്ച കര്‍ണാടക ബേഗൂരിന് സമീപം കാറിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. വയനാട് മടക്കിമല സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
മടക്കിമല കരിഞ്ചേരി അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജസീറ (28) എന്നിവർ അപകടത്തിനു പിന്നാലെ മരണപ്പെട്ടിരുന്നു. ജസീറയുടെ മകൻ മൂന്നുവയസ്സുള്ള ഹൈസം ഹനാനാണ് മൈസൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് മരണപ്പെട്ടത്.
ബഷീറിന്റെ സഹോദരിയുടെ മകനും മരണപ്പെട്ട ജസീറയുടെ ഭര്‍ത്താവുമായ മടക്കിമല നുച്ചയില്‍ മുഹമ്മദ് ഷാഫി (32), ബഷീറിന്റെ ഭാര്യ നസീമ എന്നിവർ ഇപ്പോഴും മാണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജസീറ-ഷാഫി ദമ്പതികളുടെ മകനാണ് ഹൈസം ഹനാന്‍.
ബഷീറിന്റെയും ഷാഫിയുടെയും കുടുംബം വിദേശ യാത്ര കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു.


