സോളാറിൽ മുന്നേറ്റം; ജലവൈദ്യുതിയിൽ കിതപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സോളാർ വൈദ്യുതോൽപാദനത്തിൽ വൻ കുതിപ്പ് തുടരുമ്പോൾ ജലവൈദ്യുത രംഗത്ത് കാലാനുസൃത വർധനവില്ല. ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്. വൈദ്യുത മേഖലയിൽ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടം വിവരിച്ച് ഊർജ വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ഇത് സാക്ഷ്യപ്പെടുത്തുന്നു.
മുടങ്ങിക്കിടന്ന 40 മെഗാവാട്ടിന്റെ തോട്ടിയാർ, 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതി എന്നിവ ഉൾപ്പെടെ ഒമ്പത് വർഷത്തിനിടെ കെ.എസ്.ഇ.ബി നേരിട്ട് അധികമായി ഉൽപാദിപ്പിച്ചത് 150.6 മെഗാവാട്ട് വൈദ്യുതിയാണ്. 29.05 മെഗാവാട്ട് സ്വകാര്യ സംരംഭകർ വഴിയും ഉൽപാദിപ്പിച്ചു. അതേസമയം, 2016ൽ 16.49 മെഗാവാട്ട് സൗരോർജശേഷി സംസ്ഥാനത്തുണ്ടായിരുന്നത് ഒമ്പത് വർഷത്തിനിടെ 1929 മെഗാവാട്ട് ആയി ഉയർന്നു. പുരപ്പുര സൗരോർജ പദ്ധതികൾ, സ്വകാര്യ നിലയങ്ങൾ, ഫ്ലോട്ടിങ് സോളാർ തുടങ്ങിയവ ഉൾപ്പെടെയാണിത്.
ഇതിനിടെ സോളാർ വൈദ്യുത ഉൽപാദനത്തിലെ ബില്ലിങ് അടക്കം നിലവിലെ രീതിയിൽ വലിയ മാറ്റങ്ങൾ നിർദേശിക്കുന്ന ചട്ടഭേദഗതി വരുന്നത് ഈ മേഖലയിൽ നിലവിൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനകം പുറത്തിറക്കിയ കരട് ചട്ടത്തിലെ വ്യവസ്ഥകൾ സോളാർ വൈദ്യുത പ്ലാന്റുകൾ സ്ഥാപിക്കാൻ മുന്നോട്ടുവരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. അന്തിമ ചട്ടത്തിലെ വ്യവസ്ഥകൾ ഉറ്റുനോക്കുകയാണ് സൗരോർജ മേഖല.
ഉൽപാദനത്തിൽ വൻതോതിൽ മുന്നേറ്റമുണ്ടായില്ലെങ്കിലും വിവിധ ജല വൈദ്യുത പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. മാങ്കുളം (40 മെഗാവാട്ട്), ചിന്നാർ (24 മെഗാവാട്ട്), ഉൾപ്പെടെ 111 മെഗാവാട്ട് ശേഷിയുള്ള ഏഴ് പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇടുക്കി സുവർണ ജൂബിലി (800 മെഗാവാട്ട്), ലക്ഷ്മി (240) മെഗാവാട്ട്, ശബരിഗിരി വിപുലീകരണ പദ്ധതി (450) മെഗാവാട്ട് എന്നിവ വരുംവർഷങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വൻകിട പദ്ധതികളാണ്. എന്നാൽ, സാമ്പത്തിക സ്ഥിതി, വിവിധ അനുമതികൾ എന്നിങ്ങനെ വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രതിബന്ധങ്ങൾ ഏറെയുണ്ടെന്ന് ഊർജ വകുപ്പ് തന്നെ സമ്മതിക്കുന്നു.


