‘യൂദാസ് കെട്ടിഞാന്നു ചത്തു, കാര്യംകഴിഞ്ഞാൽ ഒറ്റുകാരെ ഭരണകൂടത്തിന് ആവശ്യമില്ല’ -ബി.ജെ.പി സഹയാത്രികർക്ക് മുന്നറിയിപ്പുമായി കത്തോലിക്ക മുഖപത്രം
text_fieldsകോട്ടയം: യേശുവിന്റെ കൊലപാതകവും ഒറ്റുകാരനായ ശിഷ്യൻ യൂദാസിന്റെ ആത്മഹത്യയും ഓർമിപ്പിച്ച് ബി.ജെ.പി സഹയാത്രികരായ ക്രൈസ്തവർക്ക് പരോക്ഷ മുന്നറിയിപ്പുമായി കത്തോലിക്ക സഭ മുഖപത്രമായ ‘ദീപിക’ എഡിറ്റോറിയൽ. ദുഃഖവെള്ളിയാഴ്ചയുടെ ഓർമപുതുക്കുന്ന മുഖപ്രസംഗത്തിലാണ് ഒറ്റുകാർക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുന്നത്.
കാര്യം കഴിഞ്ഞാൽ ഭരണകൂടത്തിനും രാഷ്ട്രീയത്തിനും ഒറ്റുകാരെക്കൊണ്ട് ആവശ്യമില്ലെന്നും ക്രിസ്തുവിനെ വധിച്ചതറിഞ്ഞ യൂദാസ് ഒറ്റുകാശ് ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് പോയി മരത്തിൽ തൂങ്ങിച്ചാവുകയാണ് ചെയ്തത് എന്നും എഡിറ്റോറിയലിൽ പറഞ്ഞു. സീസറിന്റെ ശത്രുവും ദേശദ്രോഹിയുമായി ചിത്രീകരിച്ചാണ് ക്രിസ്തുവിനെ വിചാരണ നടത്തിയത്. ഇന്നും എതിർക്കുന്നവരെ കുരിശിലേറ്റാനുള്ള രാഷ്ട്രീയ കുറ്റപത്രത്തിന്റെ തലക്കെട്ടാണ് ദേശദ്രോഹിയെന്ന ചാപ്പ. ക്രിസ്തുവിനൊപ്പം അത്താഴത്തിനിരിക്കുകയും അതേസമയംതന്നെ ഭരണകൂടവുമായി സന്ധിയുണ്ടാക്കി അധികാരത്തിന്റെ വെള്ളിക്കാശുകൾ കൈക്കലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ മുന്നറിയിപ്പായിരുന്നു ദുഃഖവെള്ളി. സ്വന്തം ജനങ്ങളെയും സമുദായത്തെയും ഒറ്റിക്കൊടുക്കുന്നവരുടെ രണ്ടായിരം വർഷം പഴക്കമുള്ള ജറൂസലെം പ്രേതമാണ് യൂദാസ് -‘ദീപിക’ ചൂണ്ടിക്കാട്ടി.
‘ദുഃഖവെള്ളിയാഴ്ച ജറൂസലെമിൽ രണ്ട് മരണങ്ങളാണുണ്ടായത്; ഒരു കൊലപാതകവും ഒരു ആത്മഹത്യയും. അധികാരകേന്ദ്രങ്ങളെ വിമർശിച്ചതിന് ക്രിസ്തുവിനെ കുരിശിൽ തറച്ചു കൊന്നു. മനുഷ്യപുത്രനെ ഭരണകൂടത്തിന് ഒറ്റിക്കൊടുത്ത ശിഷ്യനായ യൂദാസ് അതേ ദിവസം ഒരു മരത്തിൽ തൂങ്ങിമരിച്ചു.
സീസറിന്റെ ശത്രുവും ദേശദ്രോഹിയുമായി ചിത്രീകരിച്ച് ക്രിസ്തുവിന്റെ വിചാരണ തുടങ്ങി. ദേശദ്രോഹിയെന്ന ചാപ്പ ഇന്നും, എതിർക്കുന്നവരെ കുരിശിലേറ്റാനുള്ള രാഷ്ട്രീയ കുറ്റപത്രത്തിന്റെ തലക്കെട്ടാണ്. ക്രിസ്തുവിനു നിലപാടുണ്ടായിരുന്നു. നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും തനിക്ക് അധികാരമുണ്ടെന്നു പീലാത്തോസ് പറഞ്ഞിട്ടും അവൻ ഭരണകൂടത്തിനു മുന്നിൽ തലകുനിച്ചില്ല. സ്വന്തം ജനങ്ങളെയും സമുദായത്തെയും ഒറ്റിക്കൊടുക്കുന്നവരുടെ രണ്ടായിരം വർഷം പഴക്കമുള്ള ജറൂസലെം പ്രേതമാണ് യൂദാസ്! യേശുവിനെ ഉന്മൂലനം ചെയ്യാൻ രണ്ടു കാര്യങ്ങൾ ഭരണകൂടം ചെയ്തു. ഒന്ന്, അക്രമാസക്തരും രക്തദാഹികളുമായ ആൾക്കൂട്ടത്തെ തയാറാക്കി. രണ്ട്, കൊല്ലാൻ നിശ്ചയിച്ചിരുന്ന ക്രിസ്തുവിന്റെ ശിഷ്യരിൽനിന്നുതന്നെ ഒരാളെ ഒറ്റുകാരനാക്കി. ക്രിസ്തുവിന്റെ ശിഷ്യരെന്ന മേൽവിലാസം കളയാതെതന്നെ അവനോടൊപ്പം അത്താഴത്തിനിരിക്കുകയും അതേസമയംതന്നെ ഭരണകൂടവുമായി സന്ധിയുണ്ടാക്കി അധികാരത്തിന്റെയോ സമ്പത്തിന്റെയോ വെള്ളിക്കാശുകൾ കൈക്കലാക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിന്റെ മുന്നറിയിപ്പായിരുന്നു ദുഃഖവെള്ളി.
കാര്യം കഴിഞ്ഞാൽ ഭരണകൂടത്തിനും രാഷ്ട്രീയത്തിനും ഒറ്റുകാരെക്കൊണ്ട് ആവശ്യമില്ല. ക്രിസ്തുവിനെ വധിച്ചതറിഞ്ഞ യൂദാസ് ഒറ്റുകാശ് ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് പോയി കെട്ടിഞാന്നു ചത്തു. ക്രിസ്തുവിനെ കുരിശിലേറ്റിയ കാൽവരിയും യൂദാസ് തൂങ്ങിച്ചത്ത കുശവന്റെ പറന്പും തമ്മിൽ ഒരു മൈൽ ദൂരമേയുള്ളൂ. പക്ഷേ, രണ്ടും പറഞ്ഞില്ലെങ്കിൽ ദുഃഖവെള്ളിയുടെ ചരിത്രവും വർത്തമാനവും ഭാവിയും അപൂർണമായിരിക്കും. പെസഹാരാത്രി മുതൽ വെള്ളിയാഴ്ച മൂന്നുമണിവരെയുള്ള സമയത്തെ സംഭവങ്ങൾ നമ്മുടെ പരിസരത്തുമുണ്ട്.
കുരിശിന്റെ വഴികളിലെ പതിനാലിടങ്ങളും ചോദിക്കും. നീതിമാന്റെ, പാവപ്പെട്ടവന്റെ, അനാഥന്റെ, വിധവയുടെ, ദളിതരുടെ, ന്യൂനപക്ഷങ്ങളുടെ, ഇതരമതസ്ഥരുടെ, അടിച്ചമർത്തപ്പെട്ടവരുടെ ചോര കൈയിലുണ്ടോ? മടിശീലയിലെ പണം എങ്ങനെ സമ്പാദിച്ചതാണ്? നീ പോകാനിരിക്കുന്ന പതിനഞ്ചാം സ്ഥലം എവിടെയാണ്?’ -മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
സഭാ പിതാക്കന്മാർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പൂഞ്ഞാറിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.സി. ജോർജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും ഇന്ത്യയിൽ ആകെ രണ്ടേകാൽ ശതമാനം മാത്രമേ ക്രിസ്ത്യാനികൾ ഉള്ളൂ, എന്നിട്ടാണ് ഇവിടെ കിടന്ന് ചാടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ബി.ജെ.പി എന്ന് കേട്ടാൽ ഹാലിളകുന്ന ചില പിതാക്കന്മാരുണ്ട്. അവർക്ക് തലയ്ക്ക് സ്ഥിരതയില്ല. എന്ത് ഊളത്തരവും വിളിച്ചുപറയുന്ന രീതി പിതാക്കന്മാർ അവസാനിപ്പിക്കണം. ബി.ജെ.പിയെ പോലെ ഇത്രയും ക്രിസ്ത്യാനികളെ അംഗീകരിച്ച ഒരു രാഷ്ട്രീയ പാർട്ടി വേറേ ഉണ്ടായിട്ടില്ല. പുതിയ നിയമഭേദഗതികളിൽ ആർക്കും ആശങ്ക വേണ്ട. കോൺഗ്രസ് ഭരിച്ചപ്പോൾ പോലും ഇത്രയധികം ക്രിസ്ത്യാനികളായ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല.. യാഥാർത്ഥ്യങ്ങൾ ഒളിച്ചുവെച്ച് സംസാരിക്കരുത്. അതുകൊണ്ടാണ് താൻ കടുപ്പിച്ചു പറയുന്നതെന്ന്’ -ജോർജ് പറഞ്ഞു. ഇതിനെതിരെ സഭ രംഗത്തുവന്നിരുന്നു.


