തോൽവിക്ക് പ്രതിക്കൂട്ടിലായത് പിണറായി; കൊല്ലം മറുപടി പറയിക്കുമോ..?
text_fieldsകൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമാകുമ്പോൾ പിണറായി വിജയനെ കാത്തിരിക്കുന്നത് വിമർശന ശരങ്ങളാകുമോ? ലോക്സഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവി സി.പി.എം വിലയിരുത്തിയപ്പോൾ പ്രതിക്കൂട്ടിലായത് സർക്കാറും മുഖ്യമന്ത്രിയുമാണ്. കാൽനൂറ്റാണ്ടിനിടെ, പിണറായി വിജയൻ ഇത്തരത്തിൽ വിമർശിക്കപ്പെടുന്നത് നടാടെ. അന്ന് മേഖലാതല അവലോകന യോഗങ്ങളിലും പിന്നീട് ജില്ല സമ്മേളനങ്ങളിലും ഉയർന്ന വിമർശനം കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ആവർത്തിക്കുമോ?
വിമർശനവും സ്വയം വിമർശനവും കമ്യൂണിസ്റ്റ് ശൈലിയാണെന്നും സമ്മേളനത്തിൽ എല്ലാം ചർച്ചക്ക് വിഷയമാകുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നു. ജില്ലാ സമ്മേളനങ്ങളിൽ ആദ്യം നടന്ന കൊല്ലത്താണ് വിമർശനം കടുത്തത്. പിന്നാലെ പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ല സമ്മേളനങ്ങളിൽ അത് ആവർത്തിച്ചു. ചോദ്യങ്ങൾ മിക്കതും പിണറായിക്കുനേരെയായിരുന്നു. ആർ.എസ്.എസ് ചങ്ങാത്തമുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ എന്തിന് സംരക്ഷിക്കുന്നു? ഒന്നാം പിണറായി സർക്കാറിൽ മികവ് തെളിയിച്ച മന്ത്രിമാരെ എന്തിന് ഒഴിവാക്കി.? ഹിഡൺ അജണ്ട എന്തായിരുന്നു..? നവകേരള സദസ്സ് തികഞ്ഞ പരാജയമായതെങ്ങനെ? മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആരോപണത്തിന് എന്തിന് പാർട്ടി പ്രതിരോധം തീർക്കണം..? എന്നിങ്ങനെ നീണ്ടു ചോദ്യങ്ങൾ.
സംസ്ഥാന സമ്മേളനത്തിൽ ചോദ്യങ്ങൾ ആവർത്തിച്ചാൽ പിണറായി മറുപടി പറയേണ്ടിവരും. വിമതശബ്ദമുയർത്താനിടയുള്ളവർക്കുമേൽ നിരീക്ഷണവും സമ്മർദവുമുണ്ട്. അവസാനം നടന്ന ജില്ല സമ്മേനങ്ങളിൽ മുഴുവൻ സമയവും നേരിട്ട് പങ്കെടുത്താണ് പിണറായി വിജയൻ വിമർശനങ്ങൾ തടഞ്ഞത്. കൊല്ലത്ത് പിണറായിക്ക് മുന്നിൽ സമ്മേളന പ്രതിനിധികളിൽ എത്രപേർ തങ്ങളുടെ ജില്ല സമ്മേളനത്തിലും തെരഞ്ഞെടുപ്പ് ലോക്സഭാ തോൽവി അവലോകനത്തിനും കണ്ടെത്തിയത് പറയാൻ ധൈര്യം കാണിക്കുമെന്നത് കണ്ടറിയണം.
പാർട്ടിയും സർക്കാറും ഒരുപോലെ കൈപ്പിടിയിലൊതുക്കിയ പിണറായിയെ പിണക്കുന്നവർക്ക് പിന്നീട് പാർട്ടിയിൽ പ്രയാസമാകുമെന്നുറപ്പ്. അത് അവഗണിച്ച് പറയാനൊരുങ്ങുന്നവർക്ക് നേതൃത്വത്തിൽനിന്നുള്ള പിന്തുണ ഒട്ടുമില്ല. കാരണം, ഇനിയുമൊരു ഭരണത്തുടർച്ച സ്വപ്നം കാണുന്ന സി.പി.എമ്മിന് പിണറായിക്ക് പകരം വെക്കാൻ സി.പി.എമ്മിന് മറ്റൊരു മുഖമില്ല. പിണറായിയും ഭരണവും വിമർശിക്കപ്പെടാൻ വിഭവങ്ങളേറെയുണ്ട്. എന്നാൽ, പിണറായിയെ മറുപടി പറയിപ്പിക്കാൻ മാത്രമുള്ള വിമർശനം സമ്മേളന ചർച്ചയിൽ ആരും പ്രതീക്ഷിക്കുന്നില്ല.
ആരവങ്ങളറിയാതെ വി.എസ്
കേരളം സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആവേശത്തിലേറുമ്പോൾ കമ്യൂണിസ്റ്റ് കേരളത്തിന്റെ വിപ്ലവ സൂര്യൻ വി.എസ് അച്യൂതാനന്ദൻ അതിൽനിന്ന് അകലെയാണ്. മകൻ അരുൺകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് വി.എസ്. 101ാം പിറന്നാൾ പിന്നിട്ട കമ്യൂണിസ്റ്റ് കാരണവർ പക്ഷാഘാതത്തിന്റെയും വാർധക്യസഹജമായ അവശതകളുടെയും പിടിയിലാണ്. ഡോക്ടർമാരുടെ കർശന വിലക്കുള്ളതിനാൽ സന്ദർശകരെ അനുവദിക്കാറില്ല. ഏറെ നാളായി പുറംലോകവുമായി ബന്ധമില്ല. സഹായികൾ പത്രം വായിച്ചു കൊടുക്കുന്നതിലൂടെ അത്യാവശ്യ വിവരങ്ങൾ അറിയുന്നുവെന്ന് മാത്രം.
സി.പി.എമ്മിന്റെ സമ്മേളന ചരിത്രത്തിൽ പതിറ്റാണ്ടുകളായി ഇഴചേർന്നുനിൽക്കുന്ന പേരാണ് വി.എസ്. 12 വർഷം പാർട്ടി സെക്രട്ടറിയായി സി.പി.എമ്മിനെ നയിച്ച വി.എസിന് പിൽകാലത്ത് വിമതവേഷമായിരുന്നു. ആദ്യം സി.ഐ.ടി.യു ലോബിയോട് ഏറ്റുമുട്ടി വിജയം വരിച്ച വി.എസ് പക്ഷെ, പിണറായി വിജയനുമായി കൊമ്പുകോർത്ത് ക്ഷീണിച്ചു. പിണറായിയോട് മല്ലിട്ട് മുഖ്യമന്ത്രി പദമേറിയെങ്കിലും പാർട്ടി കൈവിട്ടു. പ്രായാധിക്യം വി.എസിനെ തളർത്തിയതിനൊപ്പം പാർട്ടിയിൽ വി.എസ് പക്ഷവും നേർത്തു നേർത്തു ഇല്ലാതായി.