ഡൽഹി വംശീയാതിക്രമത്തിന് അഞ്ചാണ്ട്; എങ്ങുമെത്താതെ കേസുകൾ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ പടർന്ന സമരത്തെ നേരിട്ട് പൊട്ടിപ്പുറപ്പെട്ട വടക്കു കിഴക്കൻ ഡൽഹിയിലെ വംശീയാതിക്രമത്തിന് അഞ്ചാണ്ട്. 2020 ഫെബ്രുവരി 23 മുതൽ 26 വരെയുള്ള മൂന്നുദിവസം നീണ്ട സംഭവങ്ങളിൽ 53 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് കൊള്ളയടിക്കപ്പെട്ടത്. അഞ്ച് വർഷമായിട്ടും ഭൂരിഭാഗം കേസുകളും എങ്ങുമെത്തിയിട്ടില്ല. 757 കേസുകളിലായി 2,619 പേരെയാണ് അറസ്റ്റ് ചെയ്തത്. രജിസ്റ്റർ ചെയ്ത കേസുകളിൽ 414 എണ്ണത്തിൽ മാത്രമേ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളൂ. അറസ്റ്റിലായവരിൽ 2,098 പേർക്കും ജാമ്യം ലഭിച്ചു. 18 പേർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്.
695 കേസുകളിൽ നോർത്ത് ഈസ്റ്റ് ജില്ല പൊലീസിനും 62 കേസുകളിൽ ഡൽഹി ക്രൈംബ്രാഞ്ചിനുമാണ് അന്വേഷണ ചുമതല. ജില്ല പൊലീസ് രജിസ്റ്റർ ചെയ്ത 695 കേസുകളിൽ കലാപം, തീവെപ്പ്, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങി 109 കേസുകളിൽ കോടതി വിധി പ്രസ്താവിച്ചു. ഇതിൽ 19 പേരെ മാത്രമാണ് കുറ്റക്കാരായി വിധിച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട 91 പേരെ വെറുതെ വിട്ടു. സാക്ഷികളുടെയോ പൊലീസ് ഉദ്യോഗസ്ഥരുടെയോ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിൽ 19 പേരെ കുറ്റവിമുക്തരാക്കിയത്. ആവശ്യമായ രേഖകൾ പൊലീസ് സമർപ്പിച്ചില്ലെന്ന് വ്യക്തമാക്കി 19 പേരെയും കേസിൽ നിന്നും ഒഴിവാക്കി. സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് ഏഴ് പേരെയും വെറുതെ വിട്ടു.
കൊലപാതകം അടക്കമുള്ള 62 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതിൽ 45 കേസുകളിലായി 419 പേർക്കെതിരെ കുറ്റം ചുമത്തി. ആക്രമത്തിൽ പരിക്കേറ്റ് മൃതപ്രായരായ അഞ്ച് യുവാക്കളെ നിർബന്ധിച്ച് ദേശീയ ഗാനം ചൊല്ലിപ്പിക്കുകയും വന്ദേമാതരം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്ത പൊലീസുകാർക്കെതിരെ ഇരകൾ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ഒടുവിൽ നാല് വർഷത്തിനുശേഷം കോടതി ഇടപെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയാണുണ്ടായത്. ഇത് പിന്നീട് മേൽകോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം നടത്തിയവർക്കെതിരെ ബി.ജെ.പി നേതാവും പുതിയ ഡൽഹി ബി.ജെ.പി സർക്കാറിൽ മന്ത്രിയുമായ കപിൽ ശർമ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് വംശീയാതിക്രമം പൊട്ടിപ്പുറപ്പെടുന്നത്. വടക്കു കിഴക്കൻ ഡൽഹിയിൽപെട്ട ജാഫറാബാദിലെ പൗരത്വ സമരക്കാരെ മൂന്നുദിവസത്തിനുള്ളിൽ ഒഴിപ്പിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ താൻ സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് കപിൽ മിശ്ര മുന്നറിയിപ്പ് നൽകി. ശേഷം, ഡൽഹി പൊലീസിനെ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന വിഡിയോ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസമാണ് ആക്രമ സംഭവങ്ങളുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കപിൽ മിശ്രക്കെതിരായ കേസുകളും തീർപ്പാകാതെ കിടക്കുകയാണ്.